ശക്തമായ തിര, കൂറ്റന്‍ ബാര്‍ജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി; ജീവനക്കാരെ വടംകെട്ടി പുറത്തെത്തിച്ചു

മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് കുറ്റന്‍ ബാര്‍ജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരാണ് ബാര്‍ജ്ജിലുണ്ടായിരുന്നത്. എല്ലാവരേയും വടംകെട്ടിയാണ് പുറത്തെത്തിച്ചത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ശക്തമായ തിരയില്‍, വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ബാര്‍ജ്ജിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ ബാര്‍ജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്.
അഴിമുഖത്ത് നിന്നും നീക്കുന്ന മണല്‍ പുറംകടലില്‍ നിക്ഷേപിക്കുന്നതിനായാണ് മാസങ്ങള്‍ക്ക് മുമ്പ് ബാര്‍ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണല്‍ നീക്കം നിലച്ചു. ഇതോടെയാണ് ബാര്‍ജ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. വേലിയേറ്റ സമയത്ത് ബാര്‍ജിനെ കടലിലേക്ക് നീക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അദാനി ഗ്രൂപ്പാണ് ബാര്‍ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്.