കല്ലാറിൽ 15 അടിയോളം താഴ്ചയുള്ള കിണറ്റിൽ മ്ലാവ് വീണു; മണിക്കൂറുകൾക്കുശേഷം രക്ഷപ്പെടുത്തി
തിരുവനന്തപുരം കല്ലാറിൽ 15 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ മ്ലാവിനെ രണ്ട് മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. കല്ലാർ സ്വദേശി അശോകൻ്റെ വീട്ടിലെ കിണറ്റിലായിരുന്നു മ്ലാവ് വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.
പമ്പ് സെറ്റ് ഓൺ ചെയ്തിട്ടും വെള്ളം ടാങ്കിൽ കയറാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മ്ലാവ് കഴുത്തിനൊപ്പം വെള്ളത്തിൽ കിണറ്റിൽ കിടക്കുന്നത് കാണുന്നത്. ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് പരുത്തിപ്പള്ളി റെയ്ഞ്ചിലെ വിതുര സെക്ഷനിലെ ആർ.ആർ.ടി അംഗങ്ങളും നാട്ടുകാരും ചേർന്ന് 4.30 ഓടെ മ്ലാവിനെ കിണറ്റിൽ നിന്നും കരയ്ക്ക് കയറ്റി രക്ഷപ്പെടുത്തി.