ക്ഷേത്രത്തില്‍ കയറിയ കള്ളന്‍ CCTV കണ്ടതോടെ മോഷണം മറന്ന് ഭക്തനായി; കുളിച്ച് തൊഴുത് മടങ്ങി | VIDEO

തിരുവനന്തപുരം:ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയ കള്ളന്‍ സിസിടിവി കണ്ടപ്പോള്‍ ഭക്തനായി മാറി. പാറശ്ശാല അയിര ചൂണ്ടിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് കള്ളന്‍ കയറിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ ചാടിക്കയറിയ മോഷ്ടാവ് ശ്രീകോവിലിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്ഷേത്ര കമ്മറ്റി ഓഫീസിനുള്ളില്‍ കയറി സാധനങ്ങള്‍ വലിച്ചിടുകയും ചെയ്തു. അതിനുശേഷം സമീപത്തെ സിസിടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ട കള്ളന്‍ മോഷണം മറന്ന് ഭക്തനാവുകയായിരുന്നു. ക്ഷേത്ര കോമ്പൗണ്ടിനുള്ളിലുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി കുടിക്കുകയും കുളിക്കുകയും ചെയ്തു. അതിനുശേഷം ക്ഷേത്രത്തില്‍ തൊഴുത ശേഷമാണ് കള്ളന്‍ മടങ്ങിപ്പോയത്. ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊഴിയൂര്‍ പോലീസിന് പരാതി നല്‍കി.