'സാന്ദ്ര എന്ന വ്യക്തിയെ പിന്തുണയ്ക്കുന്നില്ല, എന്നാൽ അവരുടെ ചില ആശയങ്ങളെ പിന്തുണയ്ക്കേണ്ടിവരും'
കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നിര്‍മാതാവ് സജി നന്ത്യാട്ട്. ഓഗസ്റ്റ് 27-ന് ഫിലിം ചേംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ നാടകം ഇവിടെ അരങ്ങേറുകയാണ്. ഇതിന് തിരക്കഥയെഴുതിക്കൊണ്ട് ഒരു ലോബി, സജി നന്ത്യാട്ട് പ്രസിഡന്റാവരുത് എന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തുകയാണ്. ഇവര്‍ മൂന്ന് നാല് പേരുണ്ടെന്നും അദ്ദേഹം ആരോപിച്ചു
നിര്‍മ്മാതാവും വിതരണക്കാരനും തമ്മിലുള്ള കാരാറില്‍ പ്രൊപ്രൈറ്റര്‍ എന്നതിന് പകരം പാര്‍ട്‌നര്‍ എന്നെഴുതിയതിനാണ് തനിക്കെതിരെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തത്. ഇതാണ് ഇവര്‍ പറയുന്ന വ്യാജരേഖ. പരാതികളില്ലാതെ മുന്നോട്ട് പോകുന്ന ഒരു പ്രസ്ഥാനമാണ് ഫിലിം ചേംബര്‍. തനിക്കെതിരെ ഗൂഢാലോചന നടത്തിയിരിക്കുകയാണ്. നാലുവര്‍ഷം മുന്‍പ് ഫിലിം ചേംബറുമായി ബന്ധപ്പെട്ട കെട്ടിടനിര്‍മ്മാണത്തില്‍ ഒന്നേകാല്‍ക്കോടി രൂപയുടെ അഴിമതി താന്‍ ചോദ്യം ചെയ്തു. അത് ചോദ്യം ചെയ്തതും സത്യസന്ധമായി പെരുമാറിയതും ആര്‍ക്കും ഇഷ്ടപ്പെട്ടില്ല.
ഏതെങ്കിലും നിര്‍മ്മാതാവിനോ വിതരണക്കാരനോ തിയേറ്ററുടമയ്‌ക്കോ ഫിലിം ചേംബറിനെക്കുറിച്ച് നിലവില്‍ പരാതിയില്ല. അത്തരത്തില്‍ നല്ല രീതിയില്‍ പോകുന്ന സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചില ലോബികള്‍. സത്യത്തിനും നീതിക്കും ഇവിടെ ഒരു വിലയുമില്ല. പക്ഷേ സത്യമേ ജയിക്കു. സാന്ദ്ര എന്ന വ്യക്തിയെ പിന്തുണയ്ക്കുന്നില്ല എന്നാല്‍ സാന്ദ്ര മുന്നോട്ട് വെച്ച ചില ആശയങ്ങളെ, അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പിന്തുണയ്‌ക്കേണ്ടി വരും എന്ന് സജി മാധ്യമങ്ങളോട് പറഞ്ഞു.
സാന്ദ്രയുടെ വിധി വന്നാല്‍ ട്രഷററുടെ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരും. എനിക്ക് ലോബിയുടെ പിന്തുണയില്ല. എനിക്ക് പിന്തുണ നല്‍കുന്നത് പാവപ്പെട്ട നിര്‍മ്മാതാക്കളാണ്. ഇതിനിടെ വ്യാജമായ ആരോപണങ്ങളുമായി വന്ന് മാനസികമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാന്ദ്ര ആദ്യമായി വരുന്ന ആളായത് കൊണ്ട് അനുഭവങ്ങള്‍ വളരെ കുറവാണ്. സാന്ദ്രയുടെ കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. അനില്‍ തോമസ് എന്ന വ്യക്തിയാണ് മുഴുവന്‍ പ്രശനത്തിനും കാരണം. സാന്ദ്ര തോമസ് സിനിമ ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞത് മുതല്‍ അനില്‍ സാന്ദ്രയ്‌ക്കെതിരെ ചരട് വലിക്കുകയായിരുന്നു.
ആന്റോ ജോസഫിനെയടക്കം മോശമായി ചിത്രീകരിച്ചതില്‍ അനില്‍ തോമസിനാണ് പങ്ക്. ഫിലിം ചേംബറിലുള്ള ഫയല്‍ തിരുവനന്തപുരത്തുള്ള ഒരു വ്യക്തിക്ക് കിട്ടാന്‍ കാരണം ഇതിലുള്ള ചില വ്യക്തികളാണ്. ചേംബര്‍ ഇല്ലാതാക്കണം എന്നാണ് അവരുടെ ആഗ്രഹം. അനില്‍ തോമസാണ് ഇതിന് പുറകില്‍. സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ പിന്നീട് എന്തും പറയും, പരസ്പരം ചെളി വാരിയെറിയും. അതാണ് ഇവിടെ സംഭവിച്ചത്.
ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആളുകളെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഘടനയെക്കുറിച്ച് തള്ളിപ്പറയില്ല. എന്നാല്‍ തെറ്റ് ചെയ്ത ചില അംഗങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടും. സാന്ദ്ര വരുന്നതിന് മുന്‍പ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2004- സിനിമാരാഷ്ട്രീയം തുടങ്ങി. ബൈലോയില്‍ വ്യക്തത ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചതായും സജി നന്ത്യാട്ട് കൂട്ടിച്ചേര്‍ത്തു.
സിനിമയില്ലെങ്കില്‍ അത്രയേ ഉള്ളു. ആണത്തം പണയം വെക്കാന്‍ തയ്യാറല്ല. തെറ്റിനെ ചോദ്യം ചെയ്യും. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും സജി പറഞ്ഞു.
In short: Film producer Saji Nanthyattu meets media. With the election approaching, a big drama has been unfolding here for the last ten days. A lobby, writing the script for this drama, is conspiring with the intention that Saji Nanthyattu should not become the president.
Content Highlights: Producer Saji Nandyattu claims a lobby is conspiring against him.