ആരോഗ്യപ്രവർത്തകരെ കൈവിടാതെ ശമ്പളക്കമ്മീഷൻ
കോവിഡ് മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ ശമ്പളക്കമ്മിഷന്‍ കൈവിട്ടില്ല. നഴ്സുമാരുടെ യൂണിഫോം അലവന്‍സ് വര്‍ഷം 2400 രൂപയില്‍നിന്ന് അയ്യായിരമാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാരാമെഡിക്കല്‍ ജീവനക്കാരുടെ ശമ്പളസ്‌കെയിലുകള്‍ ഉയര്‍ത്തി ഗ്രേഡുകള്‍ ഏകീകരിച്ചു.
ഡെന്റല്‍ മെക്കാനിക്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ഒപ്ടോമെട്രിസ്റ്റ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, റേഡിയോഗ്രാഫര്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നീ ഗ്രേഡ് 2 തസ്തികകളുടെ തുടക്കസ്‌കെയില്‍ 22,200-48,000-ല്‍നിന്ന് 25,200-54,000 ആയി ഉയര്‍ത്തിയിട്ടുണ്ട്.
സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അധിക സ്‌പെഷ്യല്‍ പേയും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്‌പെഷ്യാലിറ്റി കേഡര്‍ ഡോക്ടര്‍മാര്‍ ചീഫ് കണ്‍സല്‍ട്ടന്റുമാരായിത്തന്നെ വിരമിക്കുന്ന സ്ഥിതിക്കും ശമ്പളക്കമ്മിഷന്‍ മാറ്റംവരുത്തി.
അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ ഡയറക്ടര്‍ക്കു തുല്യമായ ശമ്പളം സ്‌പെഷ്യാലിറ്റി കേഡറിലെ ഏറ്റവും മുതിര്‍ന്ന ചീഫ് കണ്‍സല്‍ട്ടന്റിനും അനുവദിക്കണമെന്നാണ് ശുപാര്‍ശ. ഡോക്ടര്‍മാരുടെ നോണ്‍പ്രാക്ടീസിങ് അലവന്‍സിലും വര്‍ധന വരുത്തി.