VIDEO | പാനിപൂരിക്ക് മാവ് കുഴക്കുന്നത് കാലുകൊണ്ട്; രുചി കൂട്ടാന്‍ ഹാര്‍പ്പിക്കും; 2 പേര്‍ പിടിയില്‍

Screengrab: x.com/dhananjaynews
Screengrab: x.com/dhananjaynews

വൃത്തിഹീനമായ സാഹചര്യത്തില്‍ കാലുകൊണ്ട് പാനിപൂരിക്കുള്ള മാവ് കുഴക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ നടപടി സ്വീകരിച്ച് പോലീസ്. ഝാര്‍ഖണ്ഡിലെ ഗര്‍വ മേഖലയില്‍നിന്നുള്ള വീഡിയോയാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇത് വിവാദമായതോടെ പാനിപൂരി കച്ചവടക്കാരായ രണ്ടുപേരെ പോലീസ് പിടികൂടുകയായിരുന്നു. 

പാനിപൂരി ഉണ്ടാക്കാനുള്ള മാവില്‍ കയറിനിന്ന് അത് കുഴക്കുന്നതാണ് പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നത്. സംഭവം വിവാദമായതോടെ പാനിപൂരി കച്ചവടക്കാരും ഉത്തര്‍പ്രദേശ് സ്വദേശികളുമായ അരവിന്ദ് യാദവ്(35) സതീഷ്‌കുമാര്‍ ശ്രീവാസ്തവ(30) എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ പാനിപൂരി തയ്യാറാക്കുന്നതിന് പുറമേ രുചി കൂട്ടാനായി യൂറിയയും ടോയ്‌ലെറ്റ് ക്ലീനറായ ഹാര്‍പ്പിക്കും ഉപയോഗിക്കാറുണ്ടെന്നും പ്രതികള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 

അതേസമയം, തന്റെ ബന്ധുക്കളും പാനിപൂരി കച്ചവടക്കാരുമായ അന്‍ഷു, രാഘവേന്ദ്ര എന്നിവരുമായി കട നോക്കിനടത്തുന്നതിനെച്ചൊല്ലി കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും ഇതിന്റെ വൈരാഗ്യത്തില്‍ ഇവരാണ് വീഡിയോ ചിത്രീകരിച്ചതെന്നുമാണ് അരവിന്ദ് യാദവിന്റെ മൊഴി. കടയില്‍നിന്ന് ചില രാസവസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 


 

Content Highlights: panipuri vendors arrested for kneading dough with bare feet in jharkhand, their video goes viral