News Lunch@1: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; ആക്സിയം-4 ദൗത്യത്തിന് തുടക്കം

1.അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കമായി. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍നിന്ന് പറന്നുയര്‍ന്നു. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു പോകുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.
2.നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തില്‍ 950 ആളുകളുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്. ഹിറ്റ്‌ലിസ്റ്റിന് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്നും ആക്രമണം സംഘടിപ്പിക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം അടക്കം നല്‍കിയിരുന്നുവെന്നും എന്‍ഐഎ പറയുന്നു. വിവിധ കേസുകളില്‍ പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകരില്‍നിന്നാണു ഹിറ്റ്‌ലിസ്റ്റിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്കു ലഭിച്ചത്. ജില്ലാ ജഡ്ജിയും രാഷ്ട്രീയ നേതാക്കളും ഹിറ്റ്‌ലിസ്റ്റിലുണ്ട്.
3. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് അദ്ദേഹം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.