News Lunch@1 | റഷ്യയുടെ SU-57 ഓഫറില്‍ ഇന്ത്യ വീഴുമോ? ഇന്നത്തെ വാര്‍ത്തകള്‍
റഷ്യയില്‍നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 ഇ വാങ്ങുന്നതിനേപ്പറ്റി ഇന്ത്യ ആലോചിക്കുന്നു. യുദ്ധവിമാനത്തിന്റെ പ്രത്യേകതകള്‍ക്കൊപ്പം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള അവകാശവും നല്‍കാമെന്ന റഷ്യന്‍ ഓഫറും പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധവിമാന ഇടപാടിന്റെ കാര്യത്തില്‍ ഈ വര്‍ഷം അവസാനം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തീരുമാനമുണ്ടായേക്കും.
മികച്ച ഭരണത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണ് എന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അവകാശ വാദം പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ചൊവ്വാഴ്ച ചണ്ഡീഗഡില്‍ നടന്ന 'ദ കെജ്രിവാള് മോഡല്‍' എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പിന്റെ പ്രകാശന വേളയിലാണ് കെജ്രിവാള് നൊബേല്‍ വിവാദത്തിന് തിരികൊളുത്തിയത്. കഴിവില്ലായ്മ, അരാജകത്വം, അഴിമതി തുടങ്ങിയ വിഭാഗത്തില്‍ നൊബേല്‍ സമ്മാനം ഉണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് ഒന്ന് ലഭിക്കുമായിരുന്നുവെന്ന പരിഹാസവുമായി ബിജെപി രംഗത്ത് വന്നു.