ദേശീയ ഗെയിംസ്: കേരളത്തിന്റെ ആദ്യസംഘം പുറപ്പെട്ടു, പതാക വഹിക്കുന്നത് പി.എസ് ജീന

കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ, ജനറൽ സെക്രട്ടറി എസ്. രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ Photo:x.com/Kerala Olympic Association
കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ, ജനറൽ സെക്രട്ടറി എസ്. രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ Photo:x.com/Kerala Olympic Association

തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ ആരംഭിക്കുന്ന ദേശീയ ഗെയിംസിനായുള്ള കേരളത്തിന്റെ ആദ്യസംഘം വ്യാഴാഴ്ച പുറപ്പെട്ടു. 437 കായികതാരങ്ങളും 113 ഒഫീഷ്യല്‍സുമാണ് കേരളത്തിനായി ഗെയിംസില്‍ പങ്കെടുക്കുന്നത്. 29 കായിക ഇനങ്ങളിലാണ് കായിക താരങ്ങള്‍ പങ്കെടുക്കുന്നത്. ദേശീയ ഗെയിംസിനുള്ള കേരളടീമിന്റെ യാത്ര, പരിശീലന ക്യാമ്പ്, സ്‌പോര്‍ട്‌സ് കിറ്റ് തുടങ്ങിയ ചെലവുകള്‍ വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കായികവകുപ്പാണ്. ജനുവരി 28-നാണ് ദേശീയ ഗെയിംസ് ആരംഭിക്കുന്നത്.

ഗെയിംസില്‍ മത്സരിക്കാനുള്ള കേരള താരങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതായും ഒഫീഷ്യലുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വരുന്നതായും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ പറഞ്ഞു. ഗെയിംസിനുള്ള കേരളത്തിന്റെ ആദ്യസംഘം വ്യാഴാഴ്ച പുറപ്പെട്ടിട്ടുണ്ട്. ഇത്തവണ മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയാണ് കേരള ടീമിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ തവണത്തെ ഗെയിംസില്‍ 19 സ്വര്‍ണമടക്കം 22 മെഡലുകള്‍ സമ്മാനിച്ച കളരിപ്പയറ്റ് മത്സരയിനമാക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണെന്നും സുനിൽ കുമാർ അറിയിച്ചു. കളരിപ്പയറ്റ് ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അന്തിമതീരുമാനം കേടതിവിധി പരിശോധിച്ചശേഷം എടുക്കുമെന്നാണ് നേരത്തേ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ.) അധ്യക്ഷ പി.ടി. ഉഷ വ്യക്തമാക്കിയത്..

കേരള ടീമിന്റെ പതാക വഹിക്കുന്നത് ബാസ്‌കറ്റ്‌ബോള്‍ താരം പി.എസ് ജീനയാണ്. മാര്‍ച്ച് പാസ്റ്റില്‍ 20 പോരടങ്ങുന്ന സംഘമാണ് പങ്കെടുക്കേണ്ടതെന്ന നിര്‍ദേശം ലഭിച്ചിരുന്നു. 34 അന്താരാഷ്ട്ര താരങ്ങളാണ് കേരളത്തിനായി വിവിധ ടീമുകളില്‍ അണിനിരക്കുന്നത്. പല അന്താരാഷ്ട്ര താരങ്ങളും മത്സരത്തില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നുണ്ട്. കാലാവസ്ഥാ പ്രശ്‌നങ്ങളും പരിശീലനവുമായി ബന്ധപ്പെട്ട വിഷയങ്ങളും മറ്റുമത്സരങ്ങളുള്ളതുമെല്ലാം ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ വിമുഖത കാട്ടാന്‍ ഇടയായിട്ടുണ്ടെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. രാജീവ് പറഞ്ഞു.

അടുത്തിടെയാണ് കേരള താരങ്ങൾക്കുള്ള ജേഴ്സി അനാവരണംചെയ്തത്. കേരള ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ.) അധ്യക്ഷ പി.ടി. ഉഷ തിരുവനന്തപുരം കളക്ടർ അനു കുമാരിക്ക് നൽകിയാണ് ജേഴ്സി പുറത്തിറക്കിയത്.
 

Content Highlights: national games kerala team preparations olympic association