മന്ത്രിമാരുടെ വീടുകളിൽ ഇരച്ചെത്തി ആൾക്കൂട്ടം; മണിപ്പുരിൽ പ്രതിഷേധം ശക്തം

ഇംഫാൽ: മണിപ്പുർ -അസം അതിർത്തിയിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളെയും ഒരു സ്ത്രീയേയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എ മാരുടെയും വീടുകളിലേക്ക് ഇരച്ചെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ കൃത്യമായ പ്രതികരണം നടത്തണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ആള്‍ക്കൂട്ടം ആരോഗ്യമന്ത്രി സപം രഞ്ജന്റെ വീട്ടില്‍ അതിക്രമിച്ചുകടന്നെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ അധികൃതര്‍ രണ്ടുദിവസത്തേക്ക് നിര്‍ത്തലാക്കിയിട്ടുണ്ട്.,
നേരത്തേ മണിപുരിലെ ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്ന് 15 കിലോമീറ്റർ അകലെ മണിപുർ -അസം അതിർത്തിയിലുള്ള ഒരു നദിക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയവരിൽ ആരുടെയെങ്കിലും മൃതദേഹമാണോയെന്ന് വ്യക്തമല്ലെന്നും ഡിഎൻഎ പരിശോധനയടക്കം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
മണിപുരിലെ അസ്ഥിരമായ സാഹചര്യവും അക്രമസംഭവങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ജിരിബാം ഉൾപ്പെടെയുള്ള ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽക്കൂടി സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്സ്‍പ) പ്രഖ്യാപിച്ചിരുന്നു. ഈ ആറ് പോലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെടെ 19 സ്റ്റേഷൻ പരിധികൾ ഒഴിവാക്കി ഒക്ടോബർ ഒന്നിന് സംസ്ഥാനത്തൊട്ടാകെ മണിപ്പുർ സർക്കാർ അഫ്സ്‍പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജിരിബാമിലുൾപ്പെടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് അഫ്സ്‍പ വ്യാപിപ്പിച്ചത്.
അഫ്‌സ്‌പ നിയമപ്രകാരം സുരക്ഷാസേനകൾക്ക് ആക്രമണം നടത്താനും പൗരന്മാരെ അറസ്റ്റുചെയ്യാനും മുൻകൂർ അനുമതി ആവശ്യമില്ല. കർത്തവ്യനിർവഹണത്തിനിടയിൽ ആരെങ്കിലും കൊല്ലപ്പെട്ടാലും പ്രത്യേക നിയമനടപടി നേരിടേണ്ടിവരില്ല.