ശിവരാജന് അരുമകളാണ് ഈ ഉറുമ്പുകൾ; ദിവസവും 55 മാളങ്ങളിൽ ഈ മധ്യവയസ്കൻ തീറ്റ എത്തിക്കും

#ഷിഹാബുദ്ദീൻ കാളികാവ്
ശിവരാജൻ ഉറുമ്പുകൾക്ക് തീറ്റ എത്തിക്കുന്നു
ശിവരാജൻ ഉറുമ്പുകൾക്ക് തീറ്റ എത്തിക്കുന്നു

കാളികാവ്: രാവിലെ രണ്ട് ഭക്ഷണപ്പൊതിയുമായിട്ടാണ് ശിവരാജൻ ജോലിക്ക് ഇറങ്ങുക. ഒരു പൊതി തനിക്കുള്ള ഉച്ചഭക്ഷണമാണ്, മറ്റേത് ഉറുമ്പുകളുടേതും! അതാണെങ്കിൽ ശിവരാജന്റേതിനേക്കാൾ വിശിഷ്ടഭക്ഷണം. അപൂർവമായൊരു അരുമസ്നേഹത്തിന്റെ കഥയാണ് കാളികാവ് അടക്കാക്കുണ്ട് പാറശ്ശേരിയിലെ ഓംമറ്റത്തിൽ ശിവരാജന്റേത്. ഉറുമ്പുകളെ സ്നേഹിക്കുന്ന മനുഷ്യനാണ് ഈ 58 കാരൻ. 34 വർഷമായി ഉറുമ്പുകൾക്ക് ഭക്ഷണം നൽകുന്നയാളാണ് ഇദ്ദേഹം. 

വാഹന മെക്കാനിക്കായ ശിവരാജൻ മധ്യ പ്രദേശിലെ ഇൻഡോറിൽ ജോലി ചെയ്യുമ്പോഴാണ് ഉറുമ്പുകളുമായി ചങ്ങാത്തത്തിലായത്. മറ്റുള്ളവർ ഉറുമ്പുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നത് കണ്ടപ്പോൾ വിഷമമായി. പ്രായശ്ചിത്തം എന്ന നിലയിൽ അദ്ദേഹം ഉറുമ്പുകൾക്ക് മധുരം വിതറി നൽകി. ഇത് പിന്നീട് പതിവായി. നാട്ടിലെത്തിയപ്പോഴും ശീലം തുടർന്നു. വൈകാതെ മെനുവിലും മാറ്റംവരുത്തി. ഇപ്പോൾ വി.ഐ.പി. ഭക്ഷണമാണ്. അരി, ഗോതമ്പ്, കടല, നിലക്കടല, ചെറുപയർ, രാഗി, ബദാം, അണ്ടിപ്പരിപ്പ്, ശർക്കര എന്നിവ പൊടിച്ചു നൽകും. ധാന്യപ്പൊടി നിശ്ചിത സ്ഥലങ്ങളിൽ വിതറി 10 മിനിറ്റിനുള്ളിൽ ഉറുമ്പുകളെത്തും. ഇൻഡോറിൽ നൂറോളം അണ്ണാറക്കണ്ണന്മാരും ശിവരാജൻറെ ഭക്ഷണം തേടിയെത്തിയിരുന്നു. 

വീടിനോട് ചേർന്ന് 30 ഉറുമ്പ് മാളങ്ങളിലും വർക്ക് ഷോപ്പിനടുത്ത് 25 മാളങ്ങളിലും പതിവായി ഭക്ഷണം വിതറും. വീടിന് അടുത്തുള്ള മാളങ്ങളിൽ ശിവരാജൻ പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുൻപ് തീറ്റ നൽകും. ഉറുമ്പുകൾ വരിയായെത്തി തിന്നുന്നതുകാണുമ്പോഴുള്ള സന്തോഷം മറ്റൊന്നിനുമില്ലെന്നാണ് ശിവരാജൻ പറയുന്നത്. ശിവരാജന് പൂര്‍ണ്ണപിന്തുണയുമായി ഭാര്യയും മൂന്ന് മക്കളും ഒപ്പമുണ്ട്
.

Content Highlights: Shivarajan, a 58-year-old man from Kalikavu, feeds ants daily for 34 years