വേവിക്കേണ്ട, അരി വെള്ളത്തിലിട്ടാല്‍ ചോറ് റെഡി; 'മാജിക്കൽ റൈസ്' പാലക്കാട്ടും വിളഞ്ഞു

പാലക്കാട്: അടുപ്പും തീയും ഒന്നും വേണ്ടാ. വെള്ളത്തില്‍ അരി ഇട്ടുവെച്ചാല്‍, അരമണിക്കൂര്‍കൊണ്ട് നല്ല തുമ്പപ്പൂനിറമുള്ള ചോറ് തയ്യാര്‍. വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന 'മാജിക്കല്‍ റൈസ്' എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്.
പടിഞ്ഞാറന്‍ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തില്‍ അരി ഇട്ട് അടച്ചുവെച്ചാല്‍ 30-45 മിനിറ്റുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കില്‍ 15 മിനിറ്റുമതി. പാലക്കാട്ടെ കാലാവസ്ഥ നെല്ലിന്റെ വളര്‍ച്ചയ്ക്ക് പ്രശ്നമായില്ലെന്ന് അത്താച്ചി ഗ്രൂപ്പിന്റെ ചെയര്മാന് രാജു സുബ്രഹ്മണ്യന്, വൈസ് ചെയര്‍പേഴ്സണ്‍ ദീപ സുബ്രഹ്മണ്യന്, എം.ഡി. വിശ്വനാഥന് എന്നിവര്‍ പറഞ്ഞു.