പങ്കാളിയെ ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയി; ഒരുമിച്ച് ജീവിക്കാൻ നിയമസഹായം തേടി ലെസ്ബിയൻ യുവതി
രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും എതിർപ്പുമൂലം പങ്കാളിക്കൊപ്പം താമസിക്കാൻ നിയമസഹായം തേടി സ്വവർഗാനുരാഗിയായ യുവതി. തനിക്കൊപ്പം താമസിക്കാനെത്തിയ താമരശേരി സ്വദേശിനിയായ പങ്കാളി ഫാത്തിമ നൂറയെ അവരുടെ ബന്ധുക്കൾ കൊണ്ടുപോയെന്നും കാണാനില്ലെന്നുമാണ് അലുവ സ്വദേശിനി ആദില നസ്രിൻറ പരാതി. പോലീസിൽ പരാതി നൽകിയ യുവതി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
സൗദിയിലെ പ്ലസ് ടു പഠനകാലത്താണ് ഫാത്തിമയുമായി പ്രണയത്തിലായതെന്ന് ആദില പറഞ്ഞു. വീട്ടുകാർ എതിർത്തെങ്കിലും
ഇരുവരും ബന്ധം തുടർന്നു. നാട്ടിൽ ഡിഗ്രി പഠനത്തിനുശേഷം ഒരുമിച്ച് ജീവിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം.
ഫാത്തിമയെ കാണാനായി താൻ കോഴിക്കോടെത്തിയതായും അവിടെയുള്ള ഒരു സന്നദ്ധസംഘടനയിൽ ഇരുവരും അഭയം തേടിയതായും ആദില പറയുന്നു. പിന്നീട് ആദിലയുടെ വീട്ടിലേക്ക് വന്ന ഫാത്തിമയെ ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടുപോയതായും ഫാത്തിമയെ ആദില തട്ടിക്കൊണ്ടുപോയതായി പോലീസിൽ പരാതി നൽകുകയും ചെയ്തു.
Content Highlights: Lesbian woman seeks legal help to live with her partner in Kerala