VIDEO | മലയോര ഹൈവേ: കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് ഉദ്ഘാടനം 15ന്, ടൂറിസത്തിന് ഉണര്‍വേകും
തിരുവമ്പാടി: മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചായ കോടഞ്ചേരി-കക്കാടംപൊയിൽ റോഡ് ഗതാഗതസജ്ജം. ഫെബ്രുവരി 15-ന് വൈകുന്നേരം മൂന്നിന് കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് നാടിന് സമർപ്പിക്കും. 2016-ൽ അധികാരത്തിൽവന്ന ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു മലയോര ഹൈവേ. ആദ്യഘട്ടത്തിൽ കോഴിക്കോട് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് വാളാടുമുതൽ കക്കാടംപൊയിൽവരെയുളള ഭാഗത്തെ ലൂപ് റോഡായി അംഗീകരിക്കുകയും 2020-ൽ ജോർജ് എം. തോമസ് എം.എൽ.എ.യായിരുന്ന സമയം റീച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
കിഫ്ബി സഹായധനത്തോടെ 195 കോടിരൂപ ചെലവഴിച്ചാണ് 34.3 കിലോമീറ്റർ ദൈർഘ്യമുള്ള പാത പൂർത്തീകരിച്ചത്. 12 മീറ്റർ വീതിയുണ്ട്. ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് ടാറിങ് നടത്തിയത്. പാതയുടെ ഇരുവശത്തും ഓടകളും ഭൂഗർഭകേബിളുകളും പൈപ്പുകളും കടന്നുപോകുന്നതിനുള്ള സംവിധാനങ്ങളും സൗരോർജവിളക്കുകളും സിഗ്നൽലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന കവലകളിൽ കോൺക്രീറ്റ് കട്ടകൾ പാകിയ നടപ്പാതകൾ, ബസ് വെയ്റ്റിങ് ഷെഡ്ഡുകൾ, കൈവരികൾ എന്നിവയുമുണ്ട്. കൂമ്പാറയിലും വീട്ടിപ്പാറയിലുമായി രണ്ടുപാലങ്ങളുമുണ്ട്.