'ആദ്യം പറഞ്ഞത് ഒരു ലക്ഷം മാത്രമെന്ന്, പിന്നീട് പറമ്പിൽ കുഴിച്ചിട്ട 39 ലക്ഷം രൂപ കണ്ടെത്തി'
പന്തീരങ്കാവ് ബാങ്ക് കവർച്ച കേസിൽ കുന്നത്തുപാലത്ത് മുഖ്യപ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ട 39 ലക്ഷം രൂപ കണ്ടെടുത്തു. 55000 രൂപ ഇയാളിൽ നിന്ന് നേരത്തെ കണ്ടെടുത്തിരുന്നു. അഞ്ഞൂറ് രൂപയുടെ കെട്ടുകളാണ് കണ്ടെടുത്തത്. നനഞ്ഞുകുതിർന്ന്, കീറിയ നിലയിലായിരുന്നു ചില നോട്ടുകൾ. സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ കൈയിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിൽ പള്ളിപ്പുറം മനിയിൽപറമ്പിൽ ഷിബിൻലാലിനെ (മനു-37) പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കൽ നിന്ന് 55000 രൂപയായിരുന്നു ലഭിച്ചത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിൽ പണം കുഴിച്ചിട്ടതായി പ്രതി സമ്മതിക്കുകയായിരുന്നു. ഒരുമാസവും രണ്ടുദിവസവും കഴിഞ്ഞാണ് പോലീസ് പണം കണ്ടെത്തുന്നത്. കണ്ടെടുത്ത പണം പോലീസ് എണ്ണിത്തിട്ടപ്പെടുത്തി.
'ഒരു ലക്ഷം മാത്രമേ കിട്ടിയിട്ടുള്ളൂ ബാങ്ക് കള്ളം പറഞ്ഞതാണെന്ന് പറഞ്ഞ് അന്ന് അദ്ദേഹം പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. ആ ഒരു ലക്ഷത്തിൽ 55000 രൂപ അയാളുടെ കൈവശമുണ്ടായിരിക്കും. ബാക്കി 45000 രൂപ മൂന്നാം പ്രതിയുടെ കൈയ്യിൽ കൊടുത്തു. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് പത്താം ദിവസം രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്തു. ഏതാണ്ട് 325ൽ കൂടുതൽ സിസിടിവി ക്യാമറകൾ പരിശോധിച്ചു. പക്ഷേ രാത്രിയായതിനാലും മഴയായതിനാലും 40 ലക്ഷമുള്ള ബാഗ് ഉണ്ടോയെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. കൊണ്ടോട്ടി ഭാഗത്ത് നിന്നും കിട്ടിയ വിഷ്വലിൽ പ്രതികൾ സഞ്ചരിച്ച വണ്ടിയിൽ ബാഗില്ലെന്ന് കണ്ടെത്തി. അതോടെ പന്തീരങ്കാവ് ഭാഗത്ത് നിന്നും ബാഗ് പുറത്തേക്ക് പോയിട്ടില്ലെന്ന് മനസിലാക്കി. ഒന്നര കോടിയോളം രൂപ ബാധ്യത ഒന്നാം പ്രതിക്കുണ്ട്. ഈ സമയത്താണ് 70 ലക്ഷം ബാധ്യതയുള്ള ഫിനാൻസ് സ്ഥാപനത്തിൽ പ്രതിക്ക് വേണ്ടി ആരോ ഒരാൾ പോയി 35 ലക്ഷം തന്നാൽ സെറ്റിൽ ചെയ്യാനാവുമോ എന്ന് പോയി അന്വേഷിച്ചത്. ഇതോടെ ഇയാളുടെ കൈയ്യിൽ കുറഞ്ഞത് 35 ലക്ഷമെങ്കിലും ഉണ്ടാകുമെന്ന് മനസിലായി',അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.