VIDEO | കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; ജാമ്യം ലഭിച്ച CPM പ്രവർത്തകർക്ക് മാലയിട്ട് സ്വീകരണം

കൊച്ചി:  കുത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യം ലഭിച്ച സിപിഎം പ്രവർത്തകർക്ക് സ്വീകരണം. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നിൽ മുദ്രാവാക്യം വിളികളോടെ ചുവപ്പ് മാലയിട്ടാണ് പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്.

കേസിലെ 6 മുതൽ 9 വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ്സ്‌ ജുഡിഷൽ മജിസ്ട്രേറ്റാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. സി പി ഐ എം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് പാർട്ടി പ്രവർത്തകരെത്തിയാണ് ഇവരെ സ്വീകരിച്ചത്. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ പ്രവർത്തകർ നടത്തിയതെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു സ്വീകരണം.

നഗരസഭയിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടാണ് വനിതാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പിച്ചുവെന്ന കേസിൽ നാല് സിപിഎം പ്രവർത്തകർ പിടിയിലാവുന്നത്. ഇക്കഴിഞ്ഞ ജനുവരി 18നായിരുന്നു സംഭവം. ശനിയാഴ്ച നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവർക്കെതിരേ യു.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പിച്ചു. കലയുടെ മക്കളുടെ പരാതിപ്രകാരമെടുത്ത കേസിൽ ഒന്നാം പ്രതി സി.പി.എം. ഏരിയാ സെക്രട്ടറി പി.ബി. രതീഷാണ്. ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ സുമ വിശ്വംഭരൻ, സി.പി.എം. ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവർ ഉൾപ്പെടെ 45 പേർ പ്രതികളാണ്.

സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിഷയം നിയമസഭയിലുമെത്തി. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്, ബഹളത്തിനിടയാകുകയും പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നതിലേക്കും നയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കലാ രാജു കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയിരുന്നു.

Content Highlights: Four CPM workers granted bail in the abduction case of a Kochi councillor.