സ്‌പൈഡര്‍മാനും നീരാളിയും ഡ്രാഗണും; ബേപ്പൂരിന്റെ ആകാശത്ത് വര്‍ണം വിതറി ഭീമന്‍ പട്ടങ്ങള്‍

ഇന്‍ഫ്ളാറ്റബിള്‍, സ്പോര്‍ട്സ്, പവര്‍, ട്രെയിന്‍, ഷോ കൈറ്റ് തുടങ്ങിയ ഇനത്തില്‍പ്പെട്ട ടൈഗര്‍, സ്പൈഡര്‍മാന്‍, നീരാളി, ഡ്രാഗണ്‍, ഫിഷ്, ആമ, താറാവ് എന്നുവേണ്ട ഇന്ത്യന്‍ പതാകയുടെ മാതൃകയില്‍ വരെയുള്ള ഭീമന്‍ വര്‍ണപ്പട്ടങ്ങളാണ് ബേപ്പൂര്‍ മറീന ബീച്ചിന്റെ ആകാശത്തിപ്പോള്‍ പാറിപ്പറക്കുന്നത്.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം എഡിഷന്റെ ഭാഗമായാണ് കൈറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

തുര്‍ക്കി, ഫ്രാന്‍സ്, ന്യൂസിലന്‍ഡ്‌, വിയ്റ്റ്നാം, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഗുജറാത്ത്, രാജസ്ഥാന്‍, ഒഡിഷ, കര്‍ണ്ണാടക, ലക്ഷദ്വീപ്, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുമുള്ള പട്ടം പറത്തല്‍ വിദഗ്ധരാണ് കൈറ്റ് ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്.

ഡിസംബര്‍ 29 വരെ എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണി മുതല്‍ മറീന ബീച്ചില്‍ പട്ടങ്ങള്‍ പറത്തല്‍ ഉണ്ടായിരിക്കും. പട്ടങ്ങള്‍ കാണാനും പറത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് പട്ടം പറത്തലില്‍ പരിശീലനം നല്‍കാനും തയ്യാറാണെന്ന് പരിപാടിക്ക് നേതൃത്വം നല്‍കുന്ന വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍ പറയുന്നു.

Content Highlights: beypore kite festival 2023, beypore water fest, 3rd edition of beypore international water fest