Video | ഇരുമുടിക്കെട്ടുമായി സ്‌കേറ്റിങ് റോളറില്‍ ശബരിമലയിലേക്ക്; വ്യത്യസ്ത തീര്‍ത്ഥാടനവുമായി മനുരാജ്
പാലക്കാട്: മലമ്പുഴ സ്‌കൂളിലെ വി.എച്ച്.എസ്.സി. വിദ്യാര്‍ഥിയായ എം. മനുരാജ് ചക്രച്ചരുപ്പിലേറി ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പുറപ്പെട്ടു. ശബരിമലക്കുള്ള കന്നിയാത്രയില്‍ അയ്യപ്പദർശനത്തോടൊപ്പം ദീര്‍ഘദൂരം സ്‌കേറ്റിങ് റോളറില്‍ യാത്ര ചെയ്തുള്ള റെക്കോര്‍ഡും സ്വന്തമാക്കണം. ആറു വയസ്സ് മുതല്‍ റോളര്‍ സ്‌കേറ്റിങ്ങില്‍ പരിശീലനം നടത്തുന്ന മനുരാജ് പാലക്കാട്ടുനിന്ന് പമ്പവരെ 260 കി.മീറ്ററോളം ദൂരമാണ് സ്‌കേറ്റിങ് യാത്ര നടത്തുന്നത്. വ്യാഴാഴ്ച രാവിലെ മലമ്പുഴ മന്തക്കാട് ജങ്ഷനില്‍നിന്ന് തുടങ്ങിയ യാത്ര 21ന് വൈകീട്ട് പമ്പയിലെത്തും. അവിടുന്ന് കാല്‍നടയായി മലകയറി ദര്‍ശനം നടത്തും.
അകത്തേത്തറ തട്ടുറുമ്പക്കാട് ഉത്രാടം വീട്ടില്‍ മണിയുടെയും രുക്മിണിയുടെയും ഏകമകനാണ് മനുരാജ്. സ്‌കേറ്റിങ്ങില്‍ ദേശീയ മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ഉയരത്തിനടിയിലൂടെ സ്‌കേറ്റിങ് നടത്തിയും മുമ്പ് ശ്രദ്ധേയനായിട്ടുണ്ട്. മുമ്പ് 60 കി.മീറ്റര്‍ ദുരം സ്‌കേറ്റിങ് യാത്ര നടത്തിയിട്ടുണ്ട്. കളരിപരിശീലകനായ അച്ഛന്‍ മണിയുടെ ശിക്ഷണത്തില്‍, സൂചിക്കിരുത്തം എന്ന ഇനത്തിലും മനു റെക്കോഡിട്ടിട്ടുണ്ട്. ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്റെ സഹായത്തോടെ സജിയാണ് പരിശീലിപ്പിക്കുന്നത്. അച്ഛന്‍ മണി ഇരുചക്ര വാഹനത്തില്‍ ഒപ്പമുണ്ട്. മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നഴ്സായ അമ്മ രുക്മിണി ജീപ്പിലും അനുഗമിക്കുന്നുണ്ട്. അപകടമൊഴിവാക്കാന്‍ വേഗത കുറച്ചാകും യാത്രയെന്ന് മനുരാജ് പറഞ്ഞു. ദിവസം 100 കി.മീറ്റര്‍ സഞ്ചരിച്ച് വിശ്രമക്കും. മടക്കയാത്ര വാഹനത്തിലായിരിക്കും. ഗുരുസ്വാമിയായ ഗിരിനഗറിലെ ബാബുവാണ് ഉത്രാടം വീട്ടില്‍ മനുരാജിന് കെട്ടുനിറച്ച് നല്‍കിയത്. യാത്ര രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്തു.