രാജകീയ വരവേല്‍പ്പ്; കേരള രഞ്ജി ടീം മടങ്ങിയെത്തി, വൈകീട്ട്സ്വീകരണം, മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജിട്രോഫി ക്രിക്കറ്റ് ഫൈനലിൽ കളിച്ച് തിരിച്ചെത്തിയ കേരളാടീമിന് ഹൃദ്യമായ വരവേൽപ്പ്. കേരളാ ക്രിക്കറ്റ് അസോസിയേഷൻ ചാർട്ടർചെയ്ത പ്രത്യേക വിമാനത്തിൽ‌ തിങ്കളാഴ്ച രാത്രി പത്തുമണിയോെട തിരുവനന്തപുരത്തെത്തിയ കളിക്കാരെ കെ.സി.എ. ഭാരവാഹികൾ സ്വീകരിച്ചു. കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, മാനേജർ നാസർ മച്ചാൻ തുടങ്ങിയവരും ടീമിനൊപ്പമുണ്ടായിരുന്നു. തുടർന്ന് താരങ്ങളെ കെ.സി.എ. ആസ്ഥാനത്തേക്ക് ആനയിച്ചു. കളികാണാനെത്തിയ ജൂനിയർ താരങ്ങളും ടീമിനൊപ്പമുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ആറിന് ഹയാത്ത് ഹോട്ടലിൽ സർക്കാർ ഒരുക്കുന്ന അനുമോദനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. അബ്ദുറഹിമാൻ, കെ. രാജൻ, പി. പ്രസാദ്, പി. രാജീവ് തുടങ്ങിയവർ പങ്കെടുക്കും. നാഗ്പുരിൽ ഞായറാഴ്ച സമാപിച്ച കേരളം-വിദർഭ ഫൈനൽ സമനിലയായെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ വിദർഭ കിരീടജേതാക്കളായി.

Content Highlights: Kerala Ranji team received a grand welcome after historic Ranji Trophy final