VIDEO | 'കബളിപ്പിക്കപ്പെട്ടു, രസീതുപോലുമില്ലാതെ വാങ്ങിയത് 3500 രൂപ, ഒരു സൗകര്യവും നൽകിയില്ല'
കലൂര്‍ സ്‌റ്റേഡിയത്തില്‍ പന്ത്രണ്ടായിരം പേര്‍ പങ്കെടുത്ത നൃത്ത പരിപാടിക്കിടെ ഉമ തോമസ് എം.എല്‍എ സ്റ്റേജില്‍നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ സംഘാടര്‍ക്കെതിരേ വിമര്‍ശനവുമായി രക്ഷിതാക്കള്‍. പരിപാടിക്കായി 3500 രൂപ ഓരോ കുട്ടിയില്‍ നിന്നും ഈടാക്കിയിട്ടും യാതൊരു ക്രമീകരണവും കുട്ടികള്‍ക്കായി ഒരുക്കി നല്‍കിയില്ലെന്നും രക്ഷിതാവ് ആരോപിച്ചു. ഈ തുകയ്ക്ക് യാതൊരു തരത്തിലുള്ള രശീതിയും നല്‍കിയിട്ടില്ലെന്നും ബിജി എന്ന രക്ഷിതാവ് പറഞ്ഞു. നൃത്തപരിപാടിയുടെ സാരി ഡാന്‍സ് സ്‌കൂളില്‍നിന്നും നല്‍കുകയായിരുന്നു. ആ സാരി സ്‌പോണ്‍സര്‍ നല്‍കിയതാണെന്നാണ് പറഞ്ഞത്. അത് തയ്പ്പിച്ചത്, മേക്കപ്പ്, യാത്രാച്ചെലവ് തുടങ്ങിയവയെല്ലാം പങ്കെടുത്തവര്‍ തന്നെയാണ് വഹിച്ചത്. രജിസ്‌ട്രേഷനെന്ന് പറഞ്ഞാണ് മാസങ്ങള്‍ക്ക് മുന്‍പേ രണ്ടായിരം വാങ്ങിയതെന്നും ഇവര്‍ പറയുന്നു.
'തമിഴ്‌നാടിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ നര്‍ത്തകര്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ഒരു പരിപാടി എന്നാണ് കരുതിയത്. ഈ അപകടം നടന്നപ്പോഴാണ് ബാക്കി കാര്യങ്ങള്‍ അറിയുന്നത്. ശരിക്കും കബളിപ്പിക്കപ്പെട്ടു. ഏതെങ്കിലുമൊരു സംഘടനയ്ക്ക് റെക്കോര്‍ഡ് വാങ്ങിനല്‍കാന്‍ ഈ കുട്ടികളെന്തിന് പണം മുടക്കി കഷ്ടപ്പെടണം'. ഇത്രയും പേര്‍ക്ക് ഇരിക്കാനോ നില്‍ക്കാനോ പോലുമുള്ള സജ്ജീകരണം സംഘാടകര്‍ ഒരുക്കിയില്ല. പരിപാടി കഴിഞ്ഞ് മൂന്നും നാലും മണിക്കൂറാണ് കുട്ടികള്‍ക്ക് ബസ്സിനുള്ളില്‍ തന്നെ ഇരിക്കേണ്ടി വന്നതെന്നും അവര്‍ ആരോപിച്ചു
Content Highlights: Kaloor Stadium, security responsibility, GCDA, divya unni dance at kochi, Uma Thomas MLA, Record