നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍നിന്ന് ലൈസന്‍സ് ലഭ്യമാക്കും- മന്ത്രി എം.ബി. രാജേഷ്
ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി 47പരിഷ്‌കരണങ്ങളാണ് 2024-ല്‍ സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പ് സ്വീകരിക്കുകയുണ്ടായതെന്ന് മന്ത്രി എം.ബി.രാജേഷ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു തുടര്‍പ്രക്രിയയാണെന്നും കേരളത്തിലെ നിക്ഷേപ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നതിനും ബിസിനസ് സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തിനും വേണ്ടിയാണ് ഇതുവരെ തദ്ദേശ വകുപ്പും പരിഷ്‌കരണനടപടികള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും എം.ബി.രാജേഷ് വ്യക്തമാക്കി.
ചട്ടങ്ങളിലും നടപടിക്രമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുള്‍പ്പെടെ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അതിനെ വ്യവസായ സമൂഹവും നിക്ഷേപകസമൂഹവും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗിന്റെ പ്രധാനപ്പെട്ട മാനദണ്ഡം മുനിസിപ്പാലിറ്റികളുടേയും കോര്‍പ്പറേഷനുകളിലേയും സേവനപ്രധാനത്തിന്റെ ഗുണമേന്മയായിരുന്നു. അതില്‍ കേരളത്തിന് ടോപ് അച്ചീവര്‍ പദവി കൈവരിക്കാന്‍ കഴിഞ്ഞു. അത് കേരളത്തിന്റെ ആകെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗിനേയും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യത വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി ഡാഷ് ബോര്‍ഡ്,സിറ്റിസണ്‍ പോര്‍ട്ടല്‍ എന്നിവയടക്കം പരിഷ്‌ക്കരിച്ചു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനം വരെ കുറവ് വരുത്തുകയുണ്ടായി. കെ സ്മാര്‍ട്ടിന്റെ ആദ്യഘട്ടം മുതല്‍ക്കു തന്നെ വ്യവസായസൗഹൃദ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ടാണ് സോഫ്ട്‌വെയര്‍ വികസിപ്പിച്ചത്.
പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്‌സ് ഇന്ത്യ വളരെ പ്രധാനപ്പെട്ട ചില ശുപാര്‍ശകള്‍ ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. ആ ശുപാര്‍ശകളില്‍ അടിയന്തിരമായ തീരുമാനമെടുക്കുകയും ഉത്തരവുകള്‍ പുറത്തിറക്കുകയും ചെയ്യും. കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ലൈസന്‍സ് നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. നിലവില്‍ പുതിയ കാലത്തെ പല സംരംഭങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. മുന്‍ തലമുറ ഇനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയാണ് നിലവില്‍ ചട്ടങ്ങളിലുള്ളത് എന്നതിനാലാണിത്. ഇത് മാറ്റും. നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala`s Local Self-Government Dept. implemented 47 reforms in 2024 to boost ease of doing business