Video | മോക്ഷപ്രാപ്തിയ്ക്കായി ബലിതർപ്പണം; ഒഴുകിയെത്തി ഭക്തലക്ഷങ്ങൾ

പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി ബലിയർപ്പിച്ച് ലക്ഷങ്ങൾ. ബലിതര്‍പ്പണച്ചടങ്ങുകള്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. ക്ഷേത്രങ്ങളിലും വിവിധ സ്‌നാനഘട്ടങ്ങളിലും ബലിയര്‍പ്പിക്കാന്‍ വിശ്വാസികള്‍ ഒഴുകിയെത്തി. 

വര്‍ക്കല: ദക്ഷിണകാശി എന്നറിയപ്പെടുന്ന വര്‍ക്കല പാപനാശത്ത് കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് വൻ തിരക്ക് അനുഭവപ്പെട്ടു. നാടിന്റെ നാനാദിക്കുകളില്‍ നിന്നും വാവുബലിഭക്തരുടെ പ്രവാഹമായിരുന്നു. പിതൃമോക്ഷത്തിനായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ദക്ഷിണേന്ത്യയില്‍ ഏറെ പ്രാധാന്യമുള്ള തീരമാണ് പാപനാശം. പിതൃദേവ സങ്കല്പത്തിലുള്ള ജനാര്‍ദനസ്വാമിയെ പ്രാര്‍ഥിച്ച് പാപനാശിനിയിലെ ബലിതര്‍പ്പണം പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുന്നതിനും പിതൃദോഷം പരിഹരിക്കുന്നതിനും ഏറ്റവും ഉത്തമമെന്നാണ് വിശ്വാസം.

ഈ പ്രാധാന്യമുള്‍ക്കൊണ്ടാണ് ഭക്തലക്ഷങ്ങള്‍ പാപനാശത്തെത്തുന്നത്. ബുധനാഴ്ച വൈകീട്ടോടെ പാപനാശത്ത് ഭക്തര്‍ എത്തിത്തുടങ്ങി. പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണത്തിന് തിരക്കേറി. വാവിനോടനുബന്ധിച്ച് ജനാര്‍ദനസ്വാമി ക്ഷേത്രം പുലര്‍ച്ചെ മൂന്നിന് തുറന്നു. തുടര്‍ന്ന് പിതൃമോക്ഷക്രിയയായ തിലഹോമം ആരംഭിച്ചു. ബലിപൂജകള്‍ നടത്തുന്നതിന് നൂറിലേറെ പുരോഹിതര്‍ക്ക് ലൈസന്‍സ് കാര്‍ഡ് നല്‍കി. ബലികര്‍മികള്‍ക്ക് കടല്‍ത്തീരത്ത് നറുക്കെടുപ്പിലൂടെ ഇരിപ്പിടം നല്‍കി. തീരത്ത് ആയിരത്തോളം പേര്‍ക്ക് ഒരേസമയം ബലിയിടാന്‍ സൗകര്യമൊരുക്കിയിരുന്നു.

Content Highlights: karkidaka vavu 2025