കായികമേളയിൽ ശ്രദ്ധനേടി ഇൻക്ലൂസീവ് ഇനങ്ങൾ; തിരുവനന്തപുരം ജേതാക്കൾ

സംസ്ഥാന സ്കൂൾ കായികമേളയിൽ ശ്രദ്ധനേടി ഇൻക്ലൂസീവ് കായിക ഇനങ്ങൾ. 14 ജില്ലകളിൽ നിന്നായി 1600ലേറെ കായികതാരങ്ങളാണ് സവിശേഷ പരിഗണന അ‌ർഹിക്കുന്നവരുടെ വിഭാഗത്തിൽ മാറ്റുരച്ചത്. കാഴ്ച പരിമിതർക്കുള്ള 100 മീറ്റർ ഓട്ടം, 4x100 മീറ്റർ മിക്സഡ് റിലേ, മിക്സഡ് സ്റ്റാൻഡിംഗ് ബ്രോഡ് ജംബ്, മിക്സഡ് സ്റ്റാൻഡിംഗ് ത്രോ, ഹാൻഡ്ബോൾ, മിക്സഡ് ബാഡ്മിൻ്റൻ തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ.

ഇൻക്ലൂസീവ് വിഭാഗത്തിലെ മത്സരങ്ങൾ ചൊവ്വാഴ്ച അ‌വസാനിച്ചു. തിരുവനന്തപുരമാണ് ഓവറോൾ ചാമ്പ്യൻമാർ. പാലക്കാട് രണ്ടാംസ്ഥാനവും കോഴിക്കോട് മൂന്നാംസ്ഥാനവും നേടി.
വിജയികൾക്ക് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് ട്രോഫികൾ സമ്മാനിച്ചു. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ മിന്നുന്ന നേട്ടം ഏവർക്കും പ്രചോദനം നൽകുന്നതാണെന്ന് കളക്ടർ പറഞ്ഞു. ആദ്യമായാണ് ഇൻക്ലൂസീവ് വിഭാഗത്തിന്റെ മത്സരങ്ങൾ സംസ്ഥാന കായികമേളയിൽ ഉൾപ്പെടുത്തുന്നത്. ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിൻ്റെ അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ. കുട്ടികൾക്ക് നേരത്തേ ജില്ലാതല പരിശീലനവും നൽകിയിരുന്നു. 

Content Highlights: inclusive sports, school games, Kerala state school games, kerala school sports meet 2024