മലമുഴക്കി വേഴാമ്പൽ കടൽക്കരയിലേക്കും; കണ്ടത് കൊല്ലം തങ്കശ്ശേരി ലൈറ്റ്ഹൗസിന് സമീപത്ത്
കൊല്ലം: വൻകാടുകളിലും കാടിനോടുത്ത പ്രദേശങ്ങളിലും മാത്രം കാണപ്പെട്ടിരുന്ന മലമുഴക്കി വേഴാമ്പൽ കടൽക്കരയിലേക്കും. കൊല്ലം തങ്കശ്ശേരി ലൈറ്റ്ഹൗസിന് സമീപമാണ് പക്ഷിനിരീക്ഷകർ കഴിഞ്ഞ ദിവസം ഒരു ആൺ വേഴാമ്പലിനെ കണ്ടെത്തിയത്. നേരത്തെ ഏഴിമലയിലും വൈപ്പിനിലും ആലപ്പുഴയിലും കാണപ്പെട്ട പക്ഷിതന്നെയാണോ ഇതെന്നും സംശയമുണ്ട്. കേരളത്തിന്റെയും അരുണാചൽ പ്രദേശത്തിന്റെയും സംസ്ഥാനപക്ഷിയായ വേഴാമ്പൽ കേരളത്തിൽ നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി കാടുകളിലാണ് സാധാരണ കാണപ്പെടുന്നത്. പറക്കുമ്പോഴുള്ള ചിറകടിയൊച്ച മലകളിൽ മുഴക്കത്തോടെ പ്രതിധ്വനിക്കുന്നതിനാലാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് വന്നത്. സാധാരണ ആര്യങ്കാവ് ഭാഗത്ത് പതിമൂന്നുകണ്ണറപാലത്തിനു സമീപം വെച്ചാണ് കൊല്ലത്തെ ഫോട്ടോഗ്രാഫർമാർ കൂടുതലായി ഇവയെ പകർത്തിയിട്ടുള്ളത്.
ഇത് ലൈറ്റ്ഹൗസിനു സമീപം കാക്കകൾ ബഹളം വെക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് കണ്ടതെന്ന് കൊല്ലത്തെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ കൊല്ലം ബേർഡിങ് ബറ്റാലിയൻ അംഗവും വന്യജീവി ഫോട്ടോഗ്രാഫറുമായ ആഷ്ലിൻ പറഞ്ഞു. ആവാസവ്യവസ്ഥയിലുണ്ടാവുന്ന മാറ്റമോ, എങ്ങനെയോ വഴിതെറ്റി പറന്നുവന്നതോ ആവാം എന്ന നിഗമനത്തിലാണ് പക്ഷി നിരീക്ഷകർ. സാധാരണ നല്ല ഉയരമുള്ള മരങ്ങളിലാണ് ഇവ കൂടുകൂട്ടാറുള്ളത്. പനയുടെ കായ്കൾ ഭക്ഷിക്കും. തങ്കശ്ശേരി ലൈറ്റ്ഹൗസ് വളപ്പിലെ പനയിലാണ് കണ്ടത്. പഴങ്ങൾ, പുഴുക്കൾ, പ്രാണികൾ, ചിലതരം ഇലകൾ എന്നിവയാണ് ഭക്ഷണം. പാമ്പിനെ തീറ്റയായി കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഒരിക്കൽ കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിന്റെ വീഡിയോ എടുത്തിട്ടുണ്ടെന്നും ആഷ്ലിൻ പറഞ്ഞു.
മരപൊത്തുകളിലാണ് ഇവ മുട്ടയിടുന്നത്. പെൺപക്ഷി കൂട്ടിൽ കടന്ന ശേഷം മരത്തിന്റെ തൊലിയും മണ്ണും മറ്റും ഉപയോഗിച്ച് അടയ്ക്കും. തീറ്റകൊടുക്കാനുള്ള ഒരു ദ്വാരം മാത്രം ഉണ്ടായിരിക്കും. ആൺപക്ഷി അതിലൂടെ തീറ്റയെത്തിച്ചുകൊടുക്കും. മുട്ടവിരിഞ്ഞശേഷം ഇത് പൊട്ടിച്ച് പെൺപക്ഷിയും പുറത്ത് വരും. പിന്നെയും കൂടടച്ച് രണ്ട് പക്ഷികളും ചേർന്ന് തീറ്റയെത്തിച്ച് കുട്ടികളെ സംരക്ഷിക്കും. ഇതാണ് ഇവയുടെ രീതി. ഒരു ഇണയെ മാത്രമെ സ്വീകരിക്കൂ എന്നതും പ്രത്യേകതയാണ്. വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നവയുടെ പട്ടികയിലാണ് ഇവ.