കോണ്‍സ്റ്റാസിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകന്റെ പരാക്രമം; പാര്‍ക്കുചെയ്ത കാര്‍ മുന്നോട്ടുപോയി

Photo | x.com/heraldsunsport
Photo | x.com/heraldsunsport

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സാം കോണ്‍സ്റ്റാസിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കാര്‍ ഇടിച്ചു. ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിലായിരുന്നു സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റം. നഥാന്‍ മക്‌സ്വീനിക്ക് പകരക്കാരനായി സ്‌ക്വാഡില്‍ ഉള്‍പ്പെട്ട കോണ്‍സ്റ്റാസ് അരങ്ങേറ്റ ടെസ്റ്റില്‍തന്നെ മിന്നും പ്രകടനം നടത്തി-60 (65). കോണ്‍സ്റ്റാസിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ലഗേജുമായി റോഡിനുവശം ചേര്‍ന്ന് കോണ്‍സ്റ്റാസ് നടക്കുന്നതാണ് വീഡിയോ. ആ സമയത്ത് ഇതുവഴിവന്ന ആരാധകന്‍ കാര്‍ എതിര്‍വശം പാര്‍ക്ക് ചെയ്ത് കോണ്‍സ്റ്റാസുമായി സെല്‍ഫിയെടുക്കാനുള്ള ശ്രമം നടത്തി. പക്ഷേ, കോണ്‍സ്റ്റാസിനെ കണ്ട ആവേശത്തില്‍ അദ്ദേഹം ഹാന്‍ഡ് ബ്രേക്കിടാന്‍ മറന്നുപോയി. കാറില്‍നിന്ന് ഇറങ്ങി ഓടിയെത്തി റോഡ് മുറിച്ചുകടന്നതിനു പിന്നാലെയാണ് നിര്‍ത്തിയിട്ട കാര്‍ മുന്നോട്ടുനീങ്ങുന്നത് കണ്ടത്. ഉടന്‍തന്നെ തിരിച്ചോടിയെങ്കിലും വണ്ടി അപ്പോഴേക്ക് അടുത്തു പാര്‍ക്ക് ചെയ്ത കാറില്‍ച്ചെന്നിടിച്ചുനിന്നു.

Content Highlights: fans car crashes while seeking selfie with sam konstas