സാധാരണക്കാരന്റെ ജീവന് വിലയില്ലേ?; ഒരു കൊല്ലമായി ആശുപത്രി ജീവിതം, നിയമം മാറണം - ദൃഷാനയുടെ അമ്മ
വടകര ചോറോട് വാഹനമിടിച്ച് കോമയില്‍ തുടരുന്ന ദൃഷാനയ്ക്ക് നീതി ആവശ്യപ്പെട്ട് കുടുംബം. കുറ്റം ചെയ്തിട്ടും പ്രതിക്ക് ശിക്ഷ കൊടുക്കാത്തതിൽ സങ്കടമുണ്ടെന്നും സാധാരണക്കാരുടെ ജീവന് ഒരു വിലയുമില്ലാത്ത നിയമം മാറണമെന്നും ദൃഷാനയുടെ അമ്മ സ്മിത പറഞ്ഞു.
'പ്രതിയെ ഒരാഴ്ചയെങ്കിലും ജയിലിടുമെന്ന് പ്രതീക്ഷിച്ചതാണ്. അതൊന്നുമുണ്ടായില്ല. എല്ലാ കുറ്റവും ചെയ്തിട്ട് പ്രതിക്ക് തക്കതായ ശിക്ഷ കൊടുക്കാത്തതിൽ സങ്കടമുണ്ട്. ചെറിയൊരു ശിക്ഷയെങ്കിലും കിട്ടുമെന്ന് വിചാരിച്ചിരുന്നു. ഞങ്ങളെപോലെയുള്ള സാധാരണക്കാരുടെ ജീവന് ഒരു വിലയുമില്ല. അതുകൊണ്ട് ഈ നിയമം മാറി, പുതിയ നിയമം വരണം. ഏതൊരു വാഹനാപകടത്തിലും അവർക്ക് ചെറിയൊരു ശിക്ഷയെങ്കിലും കിട്ടണം. എന്നാലേ ഇനി ചെയ്യുന്നവർക്ക് ചെയ്യാൻ പാടില്ലെന്നും ശിക്ഷ കിട്ടുമെന്നും തോന്നൂ. ഗൾഫിലെ ശിക്ഷ പോലെയോ അല്ലെങ്കിൽ ചെറുതെങ്കിലും കേരളത്തിൽ വരണം. അമ്മ പോയി, മോൾ ഇങ്ങനെ കിടക്കുന്നു. ഒരു കൊല്ലമായി ഈ ആശുപത്രി ജീവിതം. വാടക കൊടുക്കണം, മോളുടെ ചികിത്സ നോക്കണം. ഉള്ളതെല്ലാം വിറ്റെങ്കിലും മോളെ ചികിത്സിക്കണം', സ്മിത പറഞ്ഞു.