ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീഴാൻപോയ യാത്രക്കാരനെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീഴാൻപോയ യാത്രക്കാരനെ രക്ഷപ്പെടുത്തി റെയിൽവേ വനിതാ പോലീസ് കോൺസ്റ്റബിൾ. ശനിയാഴ്ച പുലർച്ചെ എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു സംഭവം. നീങ്ങിത്തുടങ്ങിയ എറണാകുളം - കൊല്ലം മെമ്മുവിൽ കയറാൻ ശ്രമിച്ച യാത്രികൻ പാളത്തിലേക്ക് വീഴേണ്ടതായിരുന്നു. അതിനുമുൻപേ ലിജിഷ. എൻ. ശ്രീജിത്തിന്റെ കൈകൾ താങ്ങായി. സ്റ്റേഷനിലെ നിലവിളി കേട്ട് ഗാർഡ് ട്രെയിൻ നിർത്തുകയും യാത്രക്കാരൻ തിടുക്കപ്പെട്ട് അതിൽ കയറിപ്പോകുകയും ചെയ്തു. മരണമുഖത്ത് നിന്നും താൻ രക്ഷിച്ച അജ്ഞാതനെ ലിജിഷ മുൻപെങ്ങും കണ്ടിട്ടില്ല. പക്ഷേ,ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് കൈ വീശി നന്ദി പറയുന്ന അയാളുടെ മുഖം മനസിലുണ്ട്.10 വർഷമായി സൗത്ത് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ലിജിഷയ്ക്ക് ഇതു പോലൊരു അനുഭവം ആദ്യമായാണ്.

Content Highlights: Woman Constable Saves Passenger from Train Tracks at Ernakulam South Station