കോൺഗ്രസിൻ്റെ സൗമ്യമുഖം, അധികാരമോഹമില്ലാത്ത നേതാവ്; തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് വിട
കോണ്‍ഗ്രസിന്റെ സൗമ്യമുഖം തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. രണ്ടുതവണ കെപിസിസി അധ്യക്ഷനായി പ്രവര്‍ത്തിച്ച തെന്നല ബാലകൃഷ്ണപിള്ള, രണ്ടുതവണ അടൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുതവണ കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗവും ആയിട്ടുണ്ട്. പദവി ഏറ്റെടുക്കാനും ഒഴിയാനും ആവശ്യപ്പെട്ടപ്പോള്‍ ഒരു പ്രതിഷേധസ്വരം പോലുമുയര്‍ത്താതെ കസേര ഒഴിഞ്ഞ നേതാവാണ് തെന്നല. ചുരുക്കം ചിലര്‍ക്ക് മാത്രം സാധിക്കുന്ന ഒന്ന്.
2001-ല്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കുമ്പോള്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസിലെ അന്തര്‍നാടകങ്ങളെ കുറിച്ച് പല കഥകളുമെഴുതിയെങ്കിലും എല്ലാത്തിനോടും ചിരിയായിരുന്നു തെന്നലയുടെ മറുപടി. പൊതുവേദിയില്‍ ഒരു നിമിഷത്തിലും അദ്ദേഹം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞില്ല.1999 മുതല്‍ 2001 വരെ ആദ്യ തവണയും 2004 മുതല്‍ 2005 വരെ രണ്ടാം തവണയും തെന്നല കോണ്‍ഗ്രസിനെ നയിക്കാനെത്തി.
കൊല്ലം ജില്ലയിലെ ശൂരനാട്ടെ അതി സമ്പന്ന കുടുംബത്തില്‍ നിന്നായിരുന്നു കോണ്‍ഗ്രസിന്റെ താഴെ ഘടകത്തിലേക്ക് തെന്നലയുടെ പ്രവേശനം. അന്നദ്ദേഹത്തിന് സ്വന്തം പേരില്‍ 17 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. രണ്ട് വട്ടം എം.എല്‍.എ ആയി, മൂന്ന് തവണ രാജ്യസഭാംഗം, രണ്ട് തവണ കെ.പി.സി.സി പ്രസിഡന്റ് എന്നിവയെല്ലാം വഹിച്ചെങ്കിലും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ സ്വന്തം പേരിലെ 17 ഏക്കര്‍ ഭൂമി 11 സെന്റിലോക്കൊതുങ്ങി. തോറ്റതുള്‍പ്പെടെ നാല് തവണ മത്സരിച്ചപ്പോള്‍ അതിന്റെ ചെലവിലേക്കായി ഭൂമി വില്‍ക്കുകയായിരുന്നു. അത് പിന്നീട് തിരിച്ചുപിടിക്കാനോ വര്‍ധിപ്പിക്കാനോ തെന്നലയ്ക്ക് സാധിച്ചുമില്ല. പക്ഷെ ഈ നഷ്ടത്തെയോര്‍ത്ത് തെന്നല സങ്കടപ്പെട്ടുമില്ല.