പിറന്നാൾ ദിനത്തിൽ വിദ്യാർഥിയുടെ സമ്മാനം; മുപ്പത് വർഷത്തിനുശേഷം ടീച്ചറെ കാണാൻ ബോട്സ്വാനയിൽ നിന്നെത്തി
ബാല്യകാലത്ത് പരിധികളില്ലാതെ നൽകിയ കരുതലും സ്നേഹവും മനസിൽ നിറച്ച് പ്രിയപ്പെട്ട അധ്യാപികയുടെ പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായൊരു അതിഥിയെത്തി. ആഫ്രിക്കയിലെ ബോട്സ്വാനയിൽ നിന്ന് ടീച്ചറുടെ പ്രിയ ശിഷ്യനായ ഫ്രാൻസിസ്കോ. നീണ്ട മുപ്പത് വർഷക്കാലത്തിന് ശേഷം മറക്കാതെ മനസിൽ സൂക്ഷിച്ച സ്നേഹം കൈമാറാനാണ് ഫ്രാൻസിസ്കോ തന്നെ പഠിപ്പിച്ച അധ്യാപികയെ തേടിയെത്തിയത്.
ബാല്യ കൗമാര കാലങ്ങളിലെ ദാരിദ്രാവസ്ഥയിൽ നിന്നും ബിസിനസിലൂടെ ഉയർച്ചയുടെ പടവുകൾ കയറിയപ്പോഴും ടീച്ചറെ മറന്നിരുന്നില്ല ഫ്രാൻസിസ്കോ. ടീച്ചറായ കടമ്പൂർ വേമഞ്ചേരി മന(കടമ്പൂർ മന)സാവിത്രി നമ്പൂതിരിപ്പാടിൻ്റെ 77-ാം പിറന്നാൾ ദിനത്തിലാണ് ഫ്രാൻസിസ്കോ കടമ്പൂരിലെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് സർക്കാർ ഹൈസ്കൂളിലെ അധ്യാപികയായിരുന്ന സാവിത്രി അവധിയെടുത്ത് ഭർത്താവ് വി.എം.എൻ നമ്പൂതിരിപ്പാടിനൊപ്പം 1993 ലാണ് ബോട്സ്വാനയിൽ എത്തുന്നത്. അവിടെ മുബെലോ വില്ലേജിലെ ഹയർ സെക്കൻഡറി സ്കൂളിലെ കണക്ക് അധ്യാപികയായിയിരിക്കുമ്പോഴാണ് ഫ്രാൻസിസ്കോയെ പഠിപ്പിച്ചിരുന്നത്. 1999 ൽ സാവിത്രി തിരിച്ച് പോന്നപ്പോഴും ഫ്രാൻസിസ്കോ ടീച്ചറെ മറന്നിരുന്നില്ല. സാവിത്രിയുടെ കുടുംബ സുഹൃത്തായ ബിസിനസുകാരൻ രാമചന്ദ്രനും ഫ്രാൻസിസ്കോയും സുഹൃത്തുക്കളായിരുന്നു. ടീച്ചർ കാരണമാണ് താൻ ഈ നിലയിലെത്തിയതെന്ന് എപ്പോഴും ഫ്രാൻസിസ്കോ പറയുമായിരുന്നുവത്രേ.
അന്ന് ടീച്ചറുടെ പേര് വ്യക്തമായി പറയാൻ കഴിയാതിരുന്ന ഫ്രാൻസിസ്കോവിനോട് സാവിത്രി നമ്പൂതിരിപ്പാട് ആണോ എന്ന് ചോദിച്ചപ്പോഴാണ് അതേ എന്ന് പറയുന്നത്. തുടർന്ന് ഫോണിൽ വീഡിയോ കോളിലൂടെ ടീച്ചറെ വർഷങ്ങൾക്ക് ശേഷം ഫ്രാൻസിസ്കോ കണ്ടു സംസാരിച്ചു. പേര് പറഞ്ഞപ്പോൾ തന്നെ ടീച്ചർ ഓർമയുണ്ടെന്ന് പറഞ്ഞു. ഇതിനിടെ സാവിത്രിയുടെ സഹോദരി ഷൈലജ മൂന്ന് മാസത്തെ സന്ദർശനത്തിന് മകൻ ജോലി ചെയ്യുന്ന ബോട്സ്വാനയിലെത്തി. സാവിത്രിയുടെ സഹോദരി എത്തിയതറിഞ്ഞ് ഫ്രാൻസിസ്കോ വീട്ടിലെത്തുകയും ടീച്ചറെ കാണാൻ പോകുന്ന വിവരവും അറിയിച്ചു. ഞായറാഴ്ച ടീച്ചറുടെ പിറന്നാളാണെന്ന വിവരം സാവിത്രിയുടെ സഹോദരി ഫ്രാൻസിസ്കോയോട് പറഞ്ഞു. അങ്ങിനെ ടീച്ചറെ അറിയിക്കാതെ ശനിയാഴ്ച നാട്ടിൽ എത്തുകയും ഞായറാഴ്ച പിറന്നാളിന് അപ്രതീക്ഷിത അതിഥിയാവുകയും ചെയ്തു ഫ്രാൻസിസ്കോ.