പിണറായിക്ക് നട്ടെല്ലിനുപകരം വാഴപ്പിണ്ടി; ഗോവിന്ദൻ കെട്ടിത്തൂങ്ങി ചത്താൽ അന്തസ്സുണ്ട്-സുരേന്ദ്രൻ

കെ. സുരേന്ദ്രന്‍ | Photo: Facebook/ K Surendran
കെ. സുരേന്ദ്രന്‍ | Photo: Facebook/ K Surendran

സ്വർണക്കടത്തും ഹവാല ഇടപാടും ഔദ്യോഗിക സംവിധാനത്തിൻ്റെ സഹായത്തോടെ നടക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി. കൊച്ചിയിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. 

'പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള സാഹചര്യം ധാര്‍മികമായും രാഷ്ട്രീയമായും ഇല്ലാതായിരിക്കുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ഭരണഘടനയുടെ സംരക്ഷകനായിരിക്കേണ്ട മുഖ്യമന്ത്രി അധികാരത്തില്‍ ഓരോനിമിഷവും ഭരണഘടനയെ ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ അതിഭയാനകമായ രീതിയിലുള്ള കള്ളക്കടത്ത് നടക്കുന്നു. സ്വര്‍ണകള്ളക്കടത്തും ഹവാല ഇടപാടും ഔദ്യോഗിക പരിവേഷത്തോടെ നടക്കുന്ന ഏകസംസ്ഥാനം കേരളമാണ്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ടു നടന്ന സ്വര്‍ണകടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായി. മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നു കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വ്യാപകമായ സ്വര്‍ണക്കടത്തും ഹവാല ഇടപാടും നടക്കുന്നു. ഭരണകക്ഷി എം.എല്‍.എയായ പിവി അന്‍വര്‍ പറയുന്നു കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണകടത്തില്‍ കുറ്റവാളികള്‍ പുറത്തേക്ക് കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഏറിയ പങ്കും പോലീസ് പിടിച്ചെടുക്കുന്നു എന്ന്. കസ്റ്റംസിന് എത്തേണ്ട സ്വര്‍ണം പോലീസിന്റെ സഹായത്തോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ കൈക്കലാക്കുന്നു. അതിന്റെ ലാഭം കിട്ടുന്നത് സിപിഎമ്മിന്റെ ഉന്നതരായ നേതാക്കന്മാരുടെ കൈയിലെത്തുന്നു. ഗവര്‍ണറെയോ രാജ്ഭവനെയോ സ്വര്‍ണകടത്തിനെ പറ്റിയുള്ള വിവരമറിയിച്ചില്ല. പിവി അന്‍വറിന്റെ വെളിപ്പെടുത്തല്‍ വരുന്നത് വരെ  ഈ ഇടപാടുകളെ കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡിജിപിക്കും എതിരായി ആരോപണമുന്നയിച്ച പിവി അന്‍വറിനെതിരെ അപകീര്‍ത്തി കേസ് കൊടുക്കാതെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി എന്ത് ഒത്തുതീര്‍പ്പിനാണ് മുഖ്യമന്ത്രി തയ്യാറായത്.  ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടത് കൊണ്ടാണ് പിവി അന്‍വര്‍ മറ്റു നിലപാടിലേക്ക് തിരിഞ്ഞത്. '

'അൻവർ കൊള്ളക്കാരനാണ് എന്ന് പാർട്ടി പറഞ്ഞു. അങ്ങനെയെങ്കിൽ എന്തിന് സ്വര്‍ണകള്ളകടത്തുകാരന് പാര്‍ട്ടി നിലമ്പൂരിൽ ടിക്കറ്റ് നൽകി. സിപിഎം കള്ളന്മാരെ സംരക്ഷിക്കുന്നു പിണറായി വ്യാജമുഖ്യമന്ത്രിയാണ്. കേരളത്തിൽ സിപിഎം പാർട്ടി മരിച്ചു.  എംവി ഗോവിന്ദന്‍ എന്തിനാണ് സിപിഎമ്മിന്റെ കസേരയില്‍ ഇരിക്കുന്നത്. ഗോവിന്ദന്‍ കെട്ടിത്തൂങ്ങി ചത്താല്‍ ഇതിനേക്കാള്‍ അന്തസ്സുണ്ട്. താങ്കളുടെ പാര്‍ട്ടിക്ക് ഒരു നിലപാട് പറയാന്‍ ആ പാര്‍ട്ടിക്ക് അംഗങ്ങളില്ലേ. എന്ത് ഇടതുപക്ഷമാണ് ഇന്നിവിടെയുള്ളത്. കേരളത്തിലെ ഭൂരിപക്ഷം വിഡ്ഢികളാണ് എന്ന ധാരണ മാറ്റണം. വി.എസ് പറഞ്ഞ കാര്യം ഇപ്പോഴും സമൂഹത്തിനു മുന്നില്‍ ഉണ്ട് ആ ഓർമയിലാണ് പിണറായി കരിപ്പൂരിൻറെ കാര്യം പറഞ്ഞത്. എന്നാൽ പിണറായി ഒരു കാര്യം മറന്നു. വി.എസ്സിന് നട്ടെല്ലുണ്ടായിരുന്നു പിണറായിക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണ്. 24 മണിക്കൂറിനുള്ളില്‍ പറഞ്ഞത് മാറ്റി പറഞ്ഞു'.- സുരേന്ദ്രൻ പറഞ്ഞു
 

Content Highlights: bjp march k surendran against pinarayi vijayan pr agency pv anvar controversy