'ഇന്ന് അസത്യമെന്ന് കരുതുന്നത് നാളെ സത്യമായേക്കാം, എഐ മനുഷ്യന്റെ ബുദ്ധിയേക്കാൾ ശക്തമല്ല'
നിർമ്മിത ബുദ്ധിയില്ലാതെ മുന്നോട്ട് പോകാൻ പറ്റില്ലെങ്കിലും അതാണ് മനുഷ്യന്റെ ബുദ്ധിയേക്കാൾ ശക്തമെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മനുഷ്യന്റെ ബുദ്ധിയാണ് നിർമ്മിത ബുദ്ധിയെ വികസിപ്പിച്ചത്. എഐ മനുഷ്യനെ സഹായിക്കുന്ന ഒരു ടൂൾ മാത്രമായിരിക്കണം. ഏത് കേസും ഗൂഗിൾ ചെയ്താൽ നിങ്ങൾക്ക് ഉത്തരം കിട്ടും. എന്നാൽ ഗൂഗിളിനോട് ചോദിച്ചാൽ നിങ്ങൾക്ക് ഒരു ഉത്തരം മാത്രമേ ലഭിക്കുകയുള്ളൂ, മനുഷ്യനോട് ചോദിച്ചാൽ പത്തെണ്ണം ലഭിക്കും. സത്യം പോലും മെഷിൻ വഴി നിർമിക്കപ്പെടുന്നതാണ് ഈ കാലഘട്ടം. ഇന്ന് അസത്യമെന്ന് കരുതുന്നത് നാളെ സത്യമായി മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് പ്രസ് ക്ലബ്ബും ഐസിജെ അലംനൈ നെറ്റ്വർക്കും (ഐകാൻ) ചേർന്നു നടത്തിയ പരിപാടിയിൽ 'സത്യം വിചാരണ ചെയ്യപ്പെടുമ്പോൾ: നിർമിതബുദ്ധിക്കാലത്തെ ജുഡീഷ്യറിയും മാധ്യമങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.