തദ്ദേശതിരഞ്ഞെടുപ്പിൽ മൂന്ന് വോട്ട് ചെയ്യണോ? നോട്ടയ്ക്ക് പകരമെന്ത്? എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്?
തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുകയാണോ? എങ്ങനെയാണ് വോട്ട് ചെയ്യേണ്ടതെന്നറിയാമോ... അതല്ല, നിങ്ങൾക്കെത്ര വോട്ടുണ്ട്? ചോദ്യം കേട്ട് കൺഫ്യൂഷനാവേണ്ട പറഞ്ഞുതരാം.
നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ടവരാണെങ്കിൽ നിങ്ങൾക്ക് ഒരു വോട്ട് മാത്രമേ ഉണ്ടാവൂ. പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താം. ഇനി നിങ്ങൾ ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ട് ചെയ്യണം. ഒന്ന് ഗ്രാമപഞ്ചായത്ത് വാർഡിലേക്ക്.. രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്ക്... മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡിലേക്ക്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. ഓരോന്നും ഓരോ നിറത്തിലായിരിക്കും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള ബാലറ്റ് യൂണിറ്റിൽ വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഇതനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.