'കൊല്ലപ്പെട്ട' സരസൻ തിരിച്ചെത്തി; എൺപതുകളിൽ കോളിളക്കമുണ്ടാക്കിയ ഒരു തിരോധാനത്തിന്റെ ഫ്ലാഷ് ബാക്ക്

#വിപിന്‍ വാസുദേവന്‍

'താഴെ വിവരിക്കുന്ന അടയാളങ്ങളുള്ള, ചവറ വില്ലേജിൽ പുതുക്കാട്ടുമുറിയിൽ കൊട്ടടിയിൽ വീട്ടിൽ നാരായണൻ മകൻ  32-വയസ്സുള്ള സരസനെ 5.1.1981 മുതൽ കാണാനില്ല. വെളുത്ത നിറം, ക്രാപ്പ് ചെയ്ത മുടി, വെള്ള പോളിസ്റ്റർ ഡബിൾ മുണ്ടും ഇളംപച്ച പോളിസ്റ്റർ ഹാഫ് കൈ ഷർട്ടുമായിരുന്നു വേഷം. സീക്കോ വാച്ചും സ്ലിപ്പർ ചെരിപ്പും ധരിച്ചിട്ടുണ്ട്. 5 അടി 9 ഇഞ്ച് ഉയരം. ഒത്ത തടി. ഇടതുകാലിൽ ഓപ്പറേഷൻ ചെയ്ത പാടും ഉണങ്ങാത്ത മുറിവും ഉണ്ട്.'

80-കളിൽ കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ സരസൻ തിരോധാനത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന്റെ ഔദ്യോ​ഗിക രേഖകളിലെ വാചകങ്ങളാണിത്. കേരള കിസിഞ്ചർ എന്നറിയപ്പെടുന്ന RSP നേതാവ് ബേബി ജോണിനെ രാഷ്ട്രീയമായി തകർക്കാൻ തയ്യാറാക്കിയ പദ്ധതിയായിരുന്നു സരസൻ തിരോധാനം എന്നാണ് പറയപ്പെടുന്നത്. പഴയ തലമുറയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന രാഷ്ട്രീയനാടകങ്ങളുടെ കഥയായിരുന്നു അത്. 

ബേബി ജോണിന്റെ മകനും RSP നേതാവുമായ ഷിബു ബേബി ജോൺ, രണ്ട് മാസം മുൻപ് ഒരു പരിപാടിയിൽ സരസൻ തിരോധാനത്തെ കുറിച്ച് ഓർമിപ്പിച്ചിരുന്നു. എന്നാൽ പുതിയ തലമുറയ്ക്ക് ഈ സംഭവം അത്ര പരിചിതമല്ല.ദുരൂഹമായ തിരോധാനവും അതുപോലെത്തന്നെയുള്ള പ്രത്യക്ഷപ്പെടലും അതിനെ ചുറ്റിപ്പറ്റി നടന്ന നാടകങ്ങളുടെയും പീഡനങ്ങളുടെയും കഥയാണ് സരസൻ തിരോധാനം. കൊല്ലം ചവറയിലെ ആ തിരോധാനവും കൊലപാതക കഥയും എന്തായിരുന്നുവെന്ന് നോക്കാം.  

RSP-യുടെ സജീവ പ്രവർത്തകനായിരുന്നു സരസൻ. മെക്കാനിക്കൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയ ഉടനെ ചവറ Indian Rare Earths-ൽ ഓപ്പറേറ്റർ തസ്തികയിൽ ജോലിയും കിട്ടി. സ്ഥാപനത്തിലെ യൂണിയൻ നേതൃസ്ഥാനത്തും സരസനായിരുന്നു. ഇതിനിടെ പ്ര​ദേശിക RSP നേതൃത്വവുമായി അദ്ദേഹത്തിന് ചില അസ്വാരസ്യങ്ങളുണ്ടായി.

ഇതോടെ RSP യൂണിയൻ വിട്ട സരസൻ INTUC-യിൽ എത്തി. തുടർന്ന് RSP-ക്കെതിരേ ശക്തമായ ആരോപണങ്ങളമായി അദ്ദേ​ഹം രം​ഗത്തുവന്നു. സരസനെ അനുനയിപ്പിക്കാൻ ബേബിജോൺ ഉൾപ്പടെ ഇടപെട്ടെങ്കിലും വിജയിച്ചില്ല. 1981 ജനുവരി 25-ന് സരസന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. വിവാഹ തയ്യാറെടുപ്പിനിടെ ആ മാസം 5-ന് പ്രതിശ്രുതവരനെ കാണാതാവുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സരസൻ, ഹരിപ്പാടുള്ള സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് പോയത്. 

രാത്രി ഏഴോടെ വീട്ടിൽനിന്നും പോയ സരസനെ പിന്നീടാരും കണ്ടില്ല. സുഹൃത്തുക്കളും ബന്ധുക്കളും ഏറെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സരന്റെ അമ്മയുടെ പരാതിയിൽ പോലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്യുന്നു. എന്നാൽ തെളിവുകളൊന്നും ലഭിച്ചില്ല. 

സരസനെ കൊന്നതാണെന്ന കരക്കമ്പികൾ പരന്നതോടെ പ്രതിഷേധം ആളിക്കത്തി. സരസനെ തട്ടിക്കൊണ്ടുപോയി കൊന്നെന്നും ഇതിനു പിന്നിൽ ബേബി ജോണിന്റെ പ്രതികാരം ആണെന്നുമുള്ള കഥകൾ ഏതൊക്കയോ കോണുകളിൽനിന്ന് ഉയർന്നു. സരസനെ ജീപ്പ് കയറ്റിക്കൊന്നു, ബേബി ജോണിന്റെ ഐസ് ഫാക്ടറിയിൽ കൊണ്ടുപോയി വെട്ടിനുറുക്കി പുറംകടലിൽ സ്രാവുകൾക്ക് എറിഞ്ഞു കൊടുത്തു, തുടങ്ങി ഒട്ടേറെ കഥകൾ, പൊടിപ്പും തൊങ്ങലും വെച്ച് കരക്കമ്പിയായി പരന്നു. മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചു. 

ഇതിന്റെയെല്ലാം കുന്തമുന പ്രധാനമായും നീണ്ടത് അന്ന് ചവറ MLA-യും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന ബേബി ജോണിലേക്കായിരുന്നു. 1981-ൽ അധികാരത്തിലെത്തിയ ആദ്യ നായനാർ സർക്കാർ ആയിരുന്നു അന്ന് ഭരണത്തിൽ. ആക്ഷൻ സമിതിയുടെ ഉൾപ്പടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ജനുവരി 27-ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് സർക്കാർ കൈമാറി. ക്രൈം ബ്രാഞ്ച് SP മൊയ്തുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജോളിയും സംഘവും കൊറ്റൻകുളങ്ങരയിൽ വീട് ക്യാമ്പാക്കി അന്വേഷണം തുടങ്ങി. മുൻവിധിയോടെയുള്ള അന്വേഷണത്തിൽ ഒട്ടേറെപ്പേർ പോലീസിന്റെ കൊടിയ മൂന്നാംമുറകൾക്ക് വിധേയരായി.

1982-ലെ നിയമസഭാ തിരഞ്ഞെടുപ്പ് എത്തി. സരസൻ തിരോധാനമായിരുന്നു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം. എന്നാൽ ചവറയിൽനിന്ന് ബേബി ജോൺ വീണ്ടും ജനവിധിതേടി. സരസന്റെ കൊലയാളി എന്ന വജ്രായുധം വീണ്ടും പ്രയോഗിക്കപ്പെട്ടു. സരസന്റെ വൃദ്ധമാതാവിന്റെ കണ്ണീർ തുടയ്ക്കാൻ കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിവരെ ആഹ്വാനം ചെയ്തു. 

ബഹുജനരോഷത്തിന് നടുവിലായിരുന്നുവെങ്കിലും 621 വോട്ടിനു വിജയിച്ച് ബേബി ജോൺ തന്റെ ജനപ്രീതിക്ക് അഗ്നിശുദ്ധി വരുത്തി. തിരഞ്ഞെടുപ്പിൽ കരുണാകരൻ സർക്കാർ അധികാരത്തിൽ വന്നെങ്കിലും ബേബി ജോണിനെ തോൽപ്പിക്കാൻ കഴിയാഞ്ഞതിനാൽ സരസൻ കേസിന്റെ ഊർജവും നഷ്ടമായി. എന്നാൽ, തിരുവോണദിവസം ഓണം ഉപേക്ഷിച്ചിരുന്ന സരസന്റെ അമ്മയെ കുറിച്ച് 1986 സെപ്തംബർ 15-ന് മാതൃഭൂമി പത്രത്തിൽ വാർത്ത വന്നതോടെ സരസൻ സംഭവം വീണ്ടും ചർച്ചയായി.   

1986 ഒക്ടോബർ 1, ഒടുവിൽ ആ വാർത്ത എത്തി. അഞ്ചരമാസത്തെ അജ്ഞാതവാസത്തിനൊടുവിൽ സരസനെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു. അന്നത്തെ പത്രങ്ങളിലെല്ലാം പ്രധാനവാർത്ത. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ പത്രലേഖകരുടെ മുന്നിൽ സരസനെ അവതരിപ്പിച്ച് വാക്കുപാലിച്ചെന്ന് വിജയപ്രഖ്യാപനവും നടത്തി. 

കർണാടകയിലെ കൊല്ലൂർ മൂകാംബികയ്ക്കടുത്ത്, കുന്ദാപുരയിൽനിന്ന് 5 കിലോമീറ്റർ മാറി വാന്ദ്‌സെ എന്ന കുടിയേറ്റഗ്രാമത്തിൽനിന്ന് 1986 സെപ്റ്റംബർ 26-നായിരുന്നു കേരള പോലീസ് സരസനെ പിടികൂടിയത്. കൊട്ടിയം രവി എന്ന പേരിലായിരുന്നു ഇവിടെ സരന്റെ താമസം. 

സരസന്റെ അകന്ന ബന്ധുവായ ചാത്തന്നൂർ സ്വദേശി രാജൻ, ജോലിക്കായി വാന്ദ്‌സെയിൽ എത്തിയപ്പോഴാണ് ദുരൂഹതയുടെ ചുരുളഴിയുന്നത്. കൊട്ടിയം രവിയെന്ന സരസനെ പരിചയപ്പെട്ടപ്പോൾ മുതൽ രാജന്റെ ഉള്ളിൽ സംശയങ്ങൾ നിഴലിച്ചു. സരസനെ കാണാനില്ലെന്ന പത്രവാർത്തകളും രാജന്റെ മനസ്സിലേക്കെത്തി. 

അയാൾ വീട്ടിലേക്ക് കത്തെഴുതി. ആ കത്ത് അന്വേഷണസംഘത്തിലേക്കെത്തി. പോലീസ് കർണാടകത്തിലെത്തി രാജന്റെ സഹായത്തോടെ സരസനെ അറസ്റ്റു ചെയ്ത്‌ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഏതോ ദ്രാവകം തന്ന് ബോധംകെടുത്തിയശേഷം തട്ടിക്കൊണ്ടുപോയി കർണാടകയിലെ കടൽത്തീരത്ത് തള്ളിയെന്നായിരുന്നു ഒക്ടോബർ 3-ന് കോടതി മുമ്പാകെ സരസൻ നൽകിയ മൊഴി. 

സംഭവത്തിൽ ആർക്കെങ്കിലും എതിരേ പരാതി ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സരസന്റെ മൊഴി. എന്നാൽ, സരസന്റെ മൊഴി കള്ളമാണെന്നും തിരോധാനത്തിനു പിന്നിലുള്ള രഹസ്യങ്ങൾ പുറത്തുകൊണ്ടുവരണമെന്നും ബേബി ജോൺ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.  കോടതിയിൽനിന്നും പോലീസ് ജീപ്പിൽ വീട്ടിലേക്കെത്തിയ സരനെ കാണാൻ അന്ന് ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. സരസന് Indian Rare Earths-ലെ ജോലി തിരികെ കിട്ടി. തമിഴിനാട്ടിലെ മണവാളക്കുറിച്ചി യൂണിറ്റിൽ അദ്ദേഹം ജോലിക്ക് കയറി. അവിവാഹിതനായി ജീവിതം തുടർന്ന അദ്ദേഹം 1992 ജനുവരി 26-ന് മരിച്ചു. 

പക്ഷെ, ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെയാണ് സരസൻ തിരോധാന കേസ് അവസാനിച്ചത്. ബേബി ജോണിന്റെ ആവശ്യം അം​ഗീകരിച്ച്, തിരോധാനത്തിലെ ദുരൂഹത നീക്കാൻ കേസ് ക്രൈംബ്രാഞ്ചിനെ മുഖ്യമന്ത്രിയായ കരുണാകരൻ പിന്നീട് ഏൽപ്പിച്ചെങ്കിലും അറിയാ രഹസ്യങ്ങൾ ഇന്നും ബാക്കിയാണ്. രാഷ്ട്രീയമായി ആസൂത്രണം ചെയ്തതാണോ സരസന്റെ തിരോധാനം? ആണെങ്കിൽ അതിനുപിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാം? സരസൻ എന്തിനാണ് ഇത്രയുംകാലം ഒളിവിൽ കഴിഞ്ഞത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്ക് ഇന്നും ഉത്തരമില്ല.

Inshort- Disappearance of Sarasan, a case that shook Kerala politics in the 1980s, It’s said that the disappearance was a political plot aimed at undermining RSP leader Baby John.

Content Highlights: what is sarasan missing case