ജലീലിന്റെ കോട്ട പൊളിച്ച് വി.എസ് ജോയ്; എ റിയൽ കേരള സ്റ്റോറി

ഇത് ‌പ്രബുദ്ധ കേരളത്തിന്റെ വിജയഗാഥയാണ്. എ റിയൽ കേരള സ്റ്റോറി...

തവനൂരിൽ കെ.ടി ജലീലിന്റെ കോട്ട പൊളിച്ച് വി.എസ് ജോയ് വെന്നിക്കൊടി പാറിക്കുമ്പോൾ അത് സമാനതകളില്ലാത്ത വിജയം കൂടിയാണ്.

പ്രോപ്പഗാണ്ടകൾക്ക് അപ്പുറം രാഷ്ട്രീയ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ നേർ സാക്ഷ്യം. കേവലം ഒരു ശതമാനം പോലും ക്രിസ്ത്യൻ സമൂഹം ഇല്ലാത്ത ഒരു സീറ്റിൽ മുസ്ലിം-ഹിന്ദുസമൂഹങ്ങൾ കൈകൊടുത്ത് വിജയിപ്പിച്ച വിജയഗാഥ. കേരള സ്റ്റോറി എന്ന ഉത്തരേന്ത്യൻ പ്രൊപ്പഗാണ്ടയുടെ കാലത്തെ യഥാർഥ ബദൽ കൂടിയാണ് ഈ വിജയം. ജാതിയും മതവും മാറ്റിവച്ച് തികഞ്ഞ രാഷ്ട്രീയബോധത്തോടെ സാമാജികരെ തിരഞ്ഞെടുക്കാൻ മലയാളി മറക്കുന്നില്ല എന്ന പാഠവും ഈ തിരഞ്ഞെടുപ്പ് നമുക്ക് പറഞ്ഞു തരുന്നുണ്ട്.

മുസ്ലീം ലീഗാണ് വി എസ് ജോയിയുടെ പ്രചാരണം മുന്നിൽ നിന്ന് നയിച്ചത്. അത് ഈ വിജയത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്. ഇനി എന്തുകൊണ്ട് വി.എസ് ജോയി വിജയിച്ചുവെന്ന് പരിശോധിക്കുമ്പോൾ വരും കാല രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യുഡിഎഫിന് ആഴത്തിൽ പഠിക്കാനേറെയുള്ള വിജയം കൂടിയാണ് ഇത്.

ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലത്തിൽ നിൽക്കുന്നതിനേക്കാൾ ആത്മവിശ്വാസത്തോടെയാണ് വി.എസ് ജോയി തവരൂർക്ക് വണ്ടികയറിയത്. ജോയിയെ ആദ്യം പരിഗണിച്ച തിരുവമ്പാടിയെക്കാൾ സുരക്ഷിതമായ മണ്ഡലമായി തവനൂർ മാറാൻ കാരണങ്ങൾ പലതാണ്. പെന്തകോസ്ത് വിശ്വാസിയായ ജോയിയെ തിരുവമ്പാടിയിലെ സഭാ നേതൃത്വം സ്വീകരിക്കുമോ എന്ന ആശങ്കയ്ക്കപ്പുറം ലീഗ് കാലുവാരില്ലെന്ന ഉറച്ച വിശ്വാസം യുഡിഎഫിനുണ്ടായിരുന്നു. ആ വിശ്വാസം ആണ് മുസ്ലീം ലീഗ് കാത്തത്.

2011-ൽ മണ്ഡലം രൂപീകരിച്ചതു മുതൽ ജലീലല്ലാതെ തവന്നൂരിന് ഒരു അമരക്കാരൻ ഉണ്ടായിട്ടില്ല. 2006 ൽ പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് അട്ടിമറിച്ച് ജയന്റ് കില്ലറായി തുടങ്ങിയ ജലീലിന്റെ ആദ്യ തോൽവി. അന്തരിച്ച വിവി പ്രകാശിനെ തോൽപ്പിച്ചുകൊണ്ട് തവനൂരിൽ നാട്ടിയ കൊടിയാണ് ജോയി അഴിച്ചുമാറ്റുന്നത്.

ഇത് കെ ടി ജലീലിന്റെ വലിയ പരാജയം കൂടിയാണ്. 2011 ലെ കന്നിയങ്കത്തിൽ 6854 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.ടി ജലീൽ ജയിച്ചത്. 2016-ൽ 17064 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വീണ്ടും നിയമസഭയിലെത്തി മന്ത്രിയായി. 2021-ൽ ഫിറോസ് കുന്നുമ്പറമ്പിലിനോട് വിയർത്ത് 2564 എന്ന ചെറിയ ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങി. അപ്പോഴും കെ.ടി ജലീലിനെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. ‌

ജില്ലയുടെ ചരിത്രം പരിശോധിച്ചാൽ കോൺഗ്രസും ലീഗും അത്ര നല്ല ബന്ധത്തിലായിരുന്നില്ല 2016 കാലം വരെ. ലീഗിന് അമ്രപാദിത്വം ഉള്ള മണ്ഡലത്തിൽ അരികുവൽക്കരിക്കപ്പെടുമോയെന്ന കോൺഗ്രസ് നോതാക്കൻമാരുടെ സന്ദേഹം ലീഗ് കോൺഗ്രസ് പോരിന് പല തവണ കാരണമായിട്ടുണ്ട്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ വി.എസ് ജോയിയുടെ തട്ടകമായ നിലമ്പൂരിലെ നേതാവ് ആര്യാടൻ മുഹമ്മദും. ആ പിണക്കങ്ങൾ മറന്നാണ് ലീഗ് ഒരു നിലമ്പൂർ കോൺഗ്രസുകാരനെ വിജയിപ്പിച്ചെടുത്തത്. ലീഗിനെ തോൽപ്പിക്കാൻ കോൺഗ്രസും സിപിഎമ്മും ഇടത് ഒന്നാകെയും കൈകൊടുത്ത സാമ്പാർ മുന്നണി പരീക്ഷണവും മലപ്പുറം ജില്ല പലതവണ കണ്ടതാണ്.

അങ്ങനെ വെറുതെ ലീഗിന്റെ ഖൽബായതൊന്നുമല്ല വി.എസ് ജോയി. പ്രവർത്തകരുമായും അതേ പോലെ നേതൃത്വവുമായും അടുത്ത ബന്ധമാണ് വി.എസ് ജോയിക്കുള്ളത്. ലീഗിന്റെ സ്വന്തം ജില്ലയിൽ യുഡിഎഫ് സംവിധാനത്തെ സ്വരച്ചേർച്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ വി.എസ് ജോയിക്കുള്ള പങ്ക് വലുതാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം, പഞ്ചായത്ത് ഇലക്ഷനിലെ ജില്ലയിലെ മുന്നേറ്റം എല്ലാം വി.എസ് ജോയിയുടെ മാറ്റ് കൂട്ടി. കൂടാതെ മറ്റ് പാർട്ടികളിൽ നിന്ന് കൂടുമാറി ഒട്ടേറേ പേർ കോൺഗ്രസിൽ ചേർന്നതും വി.എസ് ജോയി ജില്ലാ നേതൃത്വ സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ്.

ജോയിയുടെ ഈ വിജയത്തിളക്കം ആഘോഷിക്കപ്പെടുമ്പോഴും ഒരു പരാജയത്തിന്റെ ഫ്ളാക്ക് കാലവും ജോയിക്കുണ്ട്.

വർഷം 2016. ഒന്നാം പിണറായി സർക്കാരിന്റെ വരവ് അറിയിച്ച തിരഞ്ഞെടുപ്പ്. വി.എസ് അച്യുതാനന്ദൻ എന്ന മുൻ മുഖ്യമന്ത്രിക്കെതിരെ മലമ്പുഴയിൽ കോൺഗ്രസ് നിയോഗിച്ച 'ചാവേർ' ആയിരുന്നു വി.എസ് ജോയ് എന്ന ചെറുപ്പക്കാരൻ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന ജോയിക്ക് രാഷ്ട്രീയമായോ സാമുദായിക സമവാക്യങ്ങൾ അനുസരിച്ചോ യാതൊരു സാധ്യതയും ഇല്ലാത്ത മണ്ഡലത്തിലേക്കായിരുന്നു ആ നിയോഗം. ഫലം വന്നപ്പോൾ ജോയ് എട്ടുനിലയിൽ പൊട്ടി എന്ന് മാത്രമല്ല യുഡിഎഫ് ആദ്യമായി അവിടെ ബിജെപിക്ക് പിന്നിൽ മൂന്നാമതായി. പിന്നെ ഇതുവരെ അവിടെ മുഖ്യ എതിരാളിയുടെ റോൾ കോൺഗ്രസിന് കിട്ടിയിട്ടില്ല. വൈകാതെ യൂത്ത് കോൺഗ്രസിലെത്തി അധികം വൈകാതെ മലപ്പുറം ഡിസിസി പ്രസിഡന്റായിട്ടായിരുന്നു ജോയിയുടെ പ്രമോഷൻ.

ചുരുങ്ങിയ കാലം കൊണ്ട് ജോയ് കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് ഡിസിസി പ്രസിഡന്റുമാരിൽ ഒരാളായി റേറ്റിങ്ങിൽ മുന്നിലെത്തി. ജോയ് ഡിസിസിയുടെ തലപ്പത്ത് വരുന്നതിന് മുമ്പ് വരെ യുഡിഎഫാണെങ്കിലും ലീഗും കോൺഗ്രസും തമ്മിൽ പല പഞ്ചായത്തുകളിലും നഗരസഭകളിലും അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളും നിലനിന്നിരുന്നു. ലീഗ്-കോൺഗ്രസ് ബന്ധം വിളക്കിച്ചേർക്കുന്നതിൽ വഹിച്ച ജോയ് മാജിക് തന്നെയാണ് മലമ്പുഴ പോലെ തന്നെ സാമുദായിക സമവാക്യങ്ങൾ പ്രകാരം യാതൊരു ജയ സാധ്യതയുമില്ലാത്ത തവനൂർ മണ്ഡലത്തിൽ നിന്നുള്ള ഈ അട്ടിമറി വിജയത്തിലേക്ക് നയിച്ചത്.

Content Highlights: VS Joy defeats long-time incumbent KT Jaleel in Thavanur., The victory marks a significant shift in Kerala's political landscape, moving beyond propaganda., Muslim League's strategic support was pivotal in bridging Congress-League cooperation., Analysis of VS Joy's transition from Malampuzha to Thavanur success., Reflects the maturing political consciousness of Kerala voters in 2026.