തീരുവ യുദ്ധത്തിൽ കേരളത്തിനും ക്ഷീണം: ചെമ്മീൻ മുതൽ കശുവണ്ടി മേഖലയെ വരെ ബാധിക്കും | Video

ട്രംപിന്റെ അമേരിക്ക ഏർപ്പെടുത്തിയ ഏറ്റവും കൂടിയ പകരച്ചുങ്കം. സമ്പൂര്‍ണ വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഇന്ത്യയുള്‍പ്പടെ 60 രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമേ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുക്രൈൻ യുദ്ധത്തിൽ അവരെ സഹായിക്കാനാണ് തുടങ്ങിയ വരട്ടുന്യായങ്ങൾ പറഞ്ഞ് വീണ്ടും 25 ശതമാനം. അത് ഓഗസ്റ്റ് 27-ന് പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യക്കുള്ള യുഎസ് തീരുവ 50 ശതമാനമാകും. വിദേശരാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയ തീരുവകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയല്ലാതെ ഈ വലിയ നികുതി ചുമത്തിയ രാജ്യം ബ്രസീൽ മാത്രമാണ്.  50 ശതമാനം തീരുവ ഇന്ത്യക്ക് തിരിച്ചടിയാകുമോ? എങ്ങനെയാണ് ഇന്ത്യയെ ഇത് ബാധിക്കുക? ഏതൊക്കെ മേഖലകള്‍ക്കാണിത് ബാധകമാകുക?

നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. ട്രംപിന്റെ അധികതീരുവ യുഎസിലേക്കുള്ള ഇന്ത്യയുടെ 55 ശതമാനം മുതല്‍ 60 ശതമാനം വരെ കയറ്റുമതിയെ നേരിട്ട് ബാധിച്ചേക്കുമെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നത്.  50 ശതമാനം തീരുവ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ ചെലവുയര്‍ത്തും. ടെക്‌സ്‌റ്റൈല്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍ ഉത്പന്ന മേഖലകളില്‍ വലിയ ആഘാതമുണ്ടാക്കും. മറ്റു വിപണികളുമായി മത്സരിക്കാനാകാതെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പുറന്തള്ളപ്പെടുമോയെന്നും ആശങ്കയുയരുന്നുണ്ട്. കയറ്റുമതിയിലെ പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഒരു ശതമാനം വരെ ഇടിവുണ്ടാക്കിയേക്കാം. നടപ്പുസാമ്പത്തികവര്‍ഷം 6.5 ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ എട്ടു ശതമാനത്തേക്കാള്‍ ഏറെ താഴെയാണിത്. നിലവില്‍ പ്രധാന കയറ്റുമതി മേഖലകളായ ഇലക്ട്രോണിക്‌സ്, ഫാര്‍മ വിഭാഗങ്ങളില്‍ തീരുവ ബാധകമാക്കിയിട്ടില്ല. വൈകാതെ ഈ മേഖലകളിലും പ്രഖ്യാപനം വന്നേക്കാം. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്ന മേഖലകളിലൊന്നാണ് ടെക്‌സ്റ്റൈല്‍ വ്യവസായമാണ്. നിലവില്‍ വിവിധ തുണിത്തരങ്ങള്‍ക്കുള്ള 34.5 % മുതല്‍ 48.4% ശതമാനം വരെയുള്ള തീരുവ ഇനി 59% മുതല്‍ 63.9% ശതമാനം വരെയായി ഉയരും. മെഷിനറി, കാര്‍പറ്റുകള്‍,ഓര്‍ഗാനിക് കെമിക്കല്‍ എന്നിവയുടെ കയറ്റുമതിയും വെല്ലുവിളി നേരിടും. ഈ മേഖലകളില്‍ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക് കയറ്റുമതി കുറവാണ് എന്നതാണ് പ്രധാന ആശങ്ക. അങ്ങനെ യുഎസ് വിപണിയിലെ ഇന്ത്യയുടെ മേല്‍ക്കൈ നഷ്ടപ്പെട്ടേക്കാം.

രാജ്യത്തെ സമുദ്രോത്പന്നമേഖലയില്‍ മാത്രം ഇരുപത്തിയയ്യായിരം കോടിയുടെ കയറ്റുമതി നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ഏറ്റവും വലിയ സമുദ്രോത്പന്ന വിപണിയാണ് യുഎസ് എന്നതാണ് ട്രംപിന്റെ അധിക തീരുവ ഇത്രമേല്‍ ആഘാതമേല്‍പ്പിക്കാനുള്ള സാധ്യത ഉയര്‍ത്തുന്നത്. ഇന്ത്യയുടെ അറുപതിനായിരം കോടി വരുന്ന സമുദ്രവിഭവ കയറ്റുമതിയുടെ 40 ശതമാനവും ചെന്നെത്തുന്നത് യുഎസിലേക്കാണ്. ഇതില്‍ ചെമ്മീനാണ് മുന്‍പന്തിയില്‍. കഴിഞ്ഞവര്‍ഷം 23 ലക്ഷം ഡോളറിന്റെ ചെമ്മീനാണ് കയറ്റുമതി ചെയ്തത്. അതിനാല്‍ തീരുവയിലുണ്ടായ പ്രഹരം രണ്ടുകോടി ചെമ്മീന്‍ കര്‍ഷകരെയും അനുബന്ധ തൊഴിലാളികളെയും നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇന്ത്യയുടെ പ്രധാന എതിരാളിയായ എക്വഡോറിന് യുഎസ് 10 ശതമാനം തീരുവ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ഇന്‍ഡൊനീഷ്യയ്ക്കും വിയറ്റ്നാമിനും യഥാക്രമം 19, 20 ശതമാനമാണ് തീരുവ. താരതമ്യേനെ കുറഞ്ഞ തീരുവയുള്ള ഈ രാഷ്ട്രങ്ങള്‍ നിലവിലെ സാഹചര്യം മുതലാക്കി കൂടുതല്‍ സമുദ്രോത്പന്നങ്ങള്‍ യുഎസിലേക്ക് ഒഴുക്കും. ഇതുവഴി ഇന്ത്യയുടെ സമുദ്രോത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ മേല്‍ക്കോയ്മ നഷ്ടമാകും. ഇന്ത്യയ്ക്ക് ദോഷകരമായ നിലയില്‍തന്നെ യുഎസിന്റെ തീരുവ തുടരുകയാണെങ്കില്‍, കടല്‍വിഭവ കയറ്റുമതിക്കാര്‍ നഷ്ടത്തില്‍നിന്ന് കരകയറാന്‍ മറ്റ് വിപണികള്‍ തിരഞ്ഞുപോകേണ്ടിയും വരും.

സമുദ്രോത്പന്ന കയറ്റുമതിയില്‍ തീരുവ ആന്ധ്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തേയാകും. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയില്‍ 14 ശതമാനം കേരളത്തില്‍ നിന്നാണ്. കൂടാതെ കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ കയര്‍ തുടങ്ങിയവയും ഏറ്റവും കൂടുതല്‍ കയറ്റിയയക്കുന്നത് യുഎസിലേക്കാണ്. 908 കോടിയുടെ തേയില, 47,000 ടണ്‍ കശുവണ്ടിപ്പരിപ്പ തുടങ്ങിയവയാണ്  കേരളത്തില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. 2024-ല്‍ 5113 കോടിയുടെ സുഗന്ധവ്യഞ്ജനങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്തു. യുഎസിന്റെ തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തിന്റെ കാര്‍ഷിക-സമുദ്രോത്പന്നങ്ങളെയാകും. യുഎസിലെ ഇന്ത്യന്‍ സ്റ്റോറുകളില്‍ ഉത്പന്നങ്ങളുടെ വില കൂടാനും അധികതീരുവ കാരണമാക്കും.

കേരളത്തില്‍ നിന്നുള്ള ഐടി കയറ്റുമതിയുടെ സിംഹഭാഗവും യുഎസിലേക്കാണ് എന്നതും ആശങ്കയുണ്ടാക്കുന്നതാണ്. നിലവില്‍ ഐടി സേവനമേഖലയ്ക്ക് തീരുവ ബാധകമല്ലെന്നാണ് സൂചനകള്‍. ഒരുപക്ഷേ ഐടി മേഖലയ്ക്കും തീരുവേര്‍പ്പെടുത്തുന്ന സാഹചര്യമുണ്ടായാല്‍ ഇത് ആദായനികുതി, കോര്‍പറേറ്റ് നികുതി തുടങ്ങിയ സര്‍ക്കാര്‍ വരുമാനങ്ങളെ ബാധിക്കും. യുഎസിന് ബദല്‍ വിപണി കണ്ടെത്തുക എന്നത് പ്രയാസമാണ്. അതുകൊണ്ട് തന്നെ 50 ശതമാനമെന്ന തീരുവനിരക്കില്‍ മാറ്റമില്ലെങ്കില്‍ കേരളത്തിന്റെ കയറ്റുമതിവ്യവസായം പ്രതിസന്ധിയിലാകും.

ട്രംപിന്റെ തീരുവയില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇന്ത്യയേക്കാള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. പക്ഷേ യുഎസ് ചൈനയ്ക്ക് ഇതിന്റെ പേരില്‍ അധിക തീരുവ ചുമത്തിയിട്ടില്ല. 2024-ല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 5,270 കോടി ഡോളറിന്റെ അസംസ്‌കൃത എണ്ണയാണ്. അതേസമയം ചൈന വാങ്ങിയതാകട്ടെ 6260 കോടിയുടെ എണ്ണയും. അതേസമയം ചൈനയ്ക്ക് ഓഗസ്റ്റ് 12-ന് ശേഷം ഉയര്‍ന്ന തീരുവ വന്നേക്കാം എന്ന് സൂചനകളും നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം യുഎസ് 330 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്. യുഎസ് സഖ്യകക്ഷിയായ യൂറോപ്യന്‍ യൂണിയനും എണ്ണയുള്‍പ്പടെയുള്ള റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. ഇവര്‍ക്കാര്‍ക്കുമില്ലാത്ത പിഴ ഇന്ത്യക്ക് മാത്രമേര്‍പ്പെടുത്തിയത് യുഎസിന്റെ ഇരട്ടത്താപ്പാണ് എന്നതാണ് ആക്ഷേപം.

വ്യക്തിപരമായി എന്തു നഷ്ടം നേരിടേണ്ടിവന്നാലും രാജ്യത്തെ കര്‍ഷകരുടെയും മീന്‍പിടിത്തത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കും. ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ല എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. കര്‍ഷകരുടെ താത്പര്യമാണ് പരമപ്രധാനം. വ്യക്തിപരമായി ഇതിന് കനത്തവില നല്‍കേണ്ടിവരുമെന്നറിയാം എങ്കിലും അതിന് തയ്യാറാണ് എന്ന് മോദി പറയുന്നു. പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്താണ് ട്രംപ് എന്ന് പറയപ്പെടുന്നതെങ്കിലും ആ  സൗഹൃദം വ്യപാരബന്ധങ്ങളില്‍ കാണുന്നില്ല എന്നാണ് പരക്ക ഉയരുന്ന വിമര്‍ശനം. ബദല്‍ വഴികള്‍ ഇന്ത്യ കണ്ടെത്താനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കാം. ഇല്ലെങ്കില്‍ ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

In Short: Trump’s 50% tariff on Indian goods threatens India’s key export sectors, especially seafood and textiles, with Kerala’s economy facing the biggest blow.

Content Highlights: How US 50 percent tariff will impact indian economy