പാർട്ടി നോമിനി, ദേവസ്വം കമ്മീഷണറിൽ നിന്ന് പ്രസിഡന്റിലേക്ക്; വാസുവിന് കുരുക്ക്‌ മുറുകുമ്പോൾ പൊള്ളുന്നത് ആർക്ക്?

ക്ഷേത്രസ്വത്തുക്കൾ കാത്തുസൂക്ഷിക്കാൻ ചുമതലപ്പെട്ട ദേവസ്വം ബോർഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘടിതകൊള്ള… സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിന്നെന്ന കുറ്റം ചുമത്തി മുൻ ദേവസ്വം പ്രസിഡന്റ് തന്നെ അറസ്റ്റിലാവുക...അദ്ദേഹമാണെങ്കിൽ ചെറുപ്പം മുതൽ പാർട്ടിക്കാരനായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുതലിങ്ങോട്ട് ഉന്നത പദവികൾ ചവിട്ടിക്കയറിയ വ്യക്തി. ശബരിമല സ്ത്രീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് സുരക്ഷാകവചമൊരുക്കിയ പ്രധാനി. അതുകൊണ്ടു തന്നെ വാസുവിന്റെ അറസ്റ്റ് സർക്കാരിന് ചെറുതല്ലാത്ത തലവേദനയാണ്. കാരണം പാർട്ടി നോമിനിയായിരുന്നു വാസു. ഒരുപക്ഷേ ഇത്രവലിയൊരപമാനം ദേവസ്വംബോർഡിന് മുൻപുണ്ടായിക്കാണില്ല. കാണിക്കയും വഴിപാടുമായി ശരാശരി 400 കോടി വാർഷിക വരുമാനമുള്ള ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലും കട്ടിളപ്പടിയും വരെ സുരക്ഷിതമല്ലെന്ന് വരുമ്പോൾ, ആരെ കുറ്റപ്പെടുത്തണം. ബോർഡിനെയോ സർക്കാരിനേയോ?

അന്വേഷണം ദേവസ്വം ഉന്നതരിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് സിപിഎം നോമിനിയും മുഖ്യമന്ത്രിക്ക് പ്രിയങ്കരനുമായ എൻ.വാസുവിന്റെ അറസ്റ്റ്. സ്വർണക്കൊള്ള കേസിൽ നാലും അഞ്ചും ആറും പ്രതികൾ അറസ്റ്റിലായിട്ടും മൂന്നാം പ്രതിയായ വാസുവിന്റെ അറസ്റ്റ് വൈകിയതിൽ ഏറെ വിമർശനമുയർന്നിരുന്നു. 2019-ൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളി സ്വർണംപൂശാനായി കൊടുത്തുവിടാൻ തയ്യാറാക്കിയ രേഖകളിൽ, സ്വർണംപൊതിഞ്ഞ പാളികൾ എന്നതുമാറ്റി ചെമ്പ് എന്നാക്കിയത് വാസുവിന്റെ നിർദേശപ്രകാരമാണെന്നാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തന്റെ അറിവോടെയല്ല കട്ടിളപ്പാളി സ്വർണം പൂശാനായി കൊണ്ടുപോയതെന്നായിരുന്നു വാസുവിന്റെ വാദം. എന്നാൽ, എക്സിക്യുട്ടീവ് ഓഫീസറും വാസുവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി. സുധീഷ് കുമാർ, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു, മുരാരി ബാബു എന്നിവരെ ചോദ്യംചെയ്തതോടെയാണ് വാസുവിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഇളക്കിയ സംഭവത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു തുടക്കം മുതൽ വാസുവിന്റെ വാദം. എന്നാൽ, കട്ടിളപ്പാളികളുടെ കാര്യം വന്നപ്പോൾ വ്യക്തമായ മറുപടി പറയാതെ മാധ്യമങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. വാസു പ്രസിഡന്റായിരിക്കേ സ്വർണംപൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. സ്വർണം പൂശിക്കഴിഞ്ഞ ശേഷവും സ്വർണം ബാക്കിയുണ്ടെന്നും ഇത് ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചുള്ളതായിരുന്നു സന്ദേശം. എന്നാൽ, ഇതു സംബന്ധിച്ച് വാസു അന്വേഷണസംഘത്തിന് നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇ-മെയിൽ സന്ദേശം താൻ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു മറുപടി. അധികം വന്ന സ്വർണം സ്പോൺസറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു അത് തിരികെ ലഭ്യമാക്കാൻ നടപടിയെടുത്തില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.

സ്വർണം പൊതിഞ്ഞ പാളികൾ എന്നതിന് പകരം ചെമ്പുപാളികൾ എന്നു രേഖപ്പെടുത്തി, പോറ്റിയുടെ കയ്യിൽ പാളികൾ കൊടുത്തു വിടാൻ ഇടപെടൽ നടത്തി, മറ്റു പ്രതികളുമായി ചേർന്നു ഗൂഢാലോചന നടത്തി, ദേവസ്വം ബോർഡിന് നഷ്ടവും പ്രതികൾക്ക് അന്യായമായ ലാഭവുമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് വാസുവിന് മേൽചുമത്തിയിട്ടുള്ളത്. കട്ടിളപ്പാളിയിലെ സ്വർണം പൊതിഞ്ഞ പാളികളെ ചെമ്പ് എന്ന് എഴുതാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതും ഉദ്യോഗസ്ഥരെ നിയന്ത്രിച്ചതും വാസുവായിരുന്നു. മഹസർ തയ്യാറാക്കിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കേസിലെ ആറാം പ്രതിയുമായ മുരാരി ബാബുവും. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഫയലിൽ കുറിച്ചു.

പാർട്ടിക്ക് എക്കാലവും പ്രിയങ്കരനായിരുന്നു കൊല്ലം ജില്ലയിലെ കുളക്കട സ്വദേശിയായ എൻ. വാസു. 1988ൽ കുളക്കട പഞ്ചായത്ത് പ്രസിഡന്റായി. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന വാസു ഇടക്കാലത്ത് വിജിലൻസ് ട്രിബ്യൂണൽ ജഡ്ജിയുമായി. 2006ൽ വി.എസ് സർക്കാരിന്റെ കാലത്ത് മന്ത്രി പി.കെ. ഗുരുദാസന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വാസു. 2010-ലും 2018-ലുമായി ഇടതുസർക്കാരിന്റെ കാലത്ത് രണ്ടുവട്ടം ദേവസ്വം കമ്മിഷണറുമായി. ശബരിമല യുവതീ പ്രവേശനം നടപ്പാക്കണമെന്ന് സർക്കാർ നിലപാടെടുത്തപ്പോൾ ബോർഡിൽ അനുകൂല നിലപാട് സ്വീകരിച്ച് പാർട്ടിക്ക് കവചംതീർത്തവരിൽ ഒരാൾ വാസുവായിരുന്നു. പലപ്പോഴും ദേവസ്വം ബോർഡ് പ്രസിഡന്റിനേക്കാൾ ശക്തനും ഭരണം നിയന്ത്രിച്ചതും വാസുവായിരുന്നു. സ്വർണപ്പാളികളെ ചെമ്പ് എന്ന് വിശേഷിപ്പിക്കണമെന്ന് വാസു ശുപാർശ നൽകിയത് 2019 മാർച്ച് 19-നാണ്. 2018 ഫെബ്രുവരി ഒന്നുമുതൽ 2019 മാർച്ച് 31വരെ വാസുവായിരുന്നു കമ്മിഷണർ. ഈ പദവിയിൽ രണ്ടാംവട്ടവുമായിരുന്നു. കമ്മിഷണർ സ്ഥാനത്തു നിന്ന് മാറി എട്ടരമാസം കഴിഞ്ഞപ്പോൾ അദ്ദേഹം ബോർഡ് പ്രസിഡന്റായി. ദേവസ്വം കമ്മീഷണറായിരുന്ന ആൾക്ക് ദേവസ്വം ബോർഡ് പ്രസിഡന്റായി ഒരു പ്രമോഷനും ആദ്യമായിരുന്നു. പഴ്‌സണൽ അസിസ്റ്റന്റ് ആയി എത്തിയതാകട്ടെ സുധീഷ്‌കുമാറും.

വാസുവിന്റെ അറസ്റ്റും ബോർഡിന് എല്ലാമറിയാമെന്ന മൊഴിയും കഴിഞ്ഞ ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനും വിനയായേക്കും. 2019ൽ സ്വർണക്കൊള്ളയുടെ കാലത്ത് പത്മകുമാറായിരുന്നു. ചോദ്യം ചെയ്യാൻ എസ്.ഐ.ടി അദ്ദേഹത്തെ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ചതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്. പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് അന്നത്തെ ദേവസ്വംബോർഡ് ഭാരവാഹികളുടെ അറിവോടെയായിരുന്നുവെന്നാണ് മൊഴി. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണിലുള്ള അന്വേഷണം വാസുവിന്റെ അറസ്റ്റോടെ പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്.

Content Highlights: Sabarimala gold row; Former devaswom President N. Vasu arrested