ചരിത്രപരമായ വഞ്ചനക്ക് ബ്രിട്ടന്റെ പ്രായശ്ചിത്തം; പലസ്തീൻ രാഷ്ട്രമെന്ന സ്വപ്നം യാഥാർഥ്യമാകുമോ?
പലസ്തീനിൽ ചോരചിന്തിയിട്ടും മതിവരാത്ത ഇസ്രയേൽ എന്ന കരുത്തനു നേരെ ഒരു ചെറുവിരൽ പോലും ചലിപ്പിക്കാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാത്തവരുണ്ടാകില്ല... കാനഡയും യുകെയും ബ്രിട്ടനും ഫ്രാൻസുമൊക്കെ പലസ്തീനെ ചേർത്തുപിടിക്കാനൊരുങ്ങുമ്പോൾ ലോകം പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് വേദിയാകുകയാണ്. ഇസ്രയേലിനെ കണ്ണുംപൂട്ടി പിന്തുണക്കുന്ന അമേരിക്കയുടെ സഖ്യകക്ഷികളാണ് ഇന്ന് പലസ്തീനെ ഒരു പരമാധികാര രാജ്യമായി അംഗീകരിക്കാൻ പോകുന്നത്.
ഇസ്രയേലിന്റെ കൂട്ടക്കുരുതിക്ക് കൂട്ടുനിന്ന പാശ്ചാത്യരാജ്യങ്ങളാണ് ഇന്ന് തെറ്റുതിരുത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള വിദേശനയം തിരുത്തിയെഴുതി സ്വതന്ത്ര പരമാധികാര പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ് ബ്രിട്ടനും ഓസ്‌ട്രേലിയയും കാനഡയും പോർച്ചുഗലും. വരുംദിവസങ്ങളിൽ ഫ്രാൻസുൾപ്പടെ ഏതാനും പാശ്ചാത്യരാജ്യങ്ങളും ഈ രാജ്യങ്ങൾക്കൊപ്പം ചേരും. എന്താണ് ഈ അംഗീകാരം അർഥമാക്കുന്നത്. അതൊരു തെറ്റുതിരുത്തലാണോ. എന്താണ് ഈ മാറ്റം ലോകത്തോട് പറയുന്നത്.
ജി-7ൽ ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാത്തതിൽ ഇസ്രയേൽ അന്താരാഷ്ട്രതലത്തിൽ എതിർപ്പും ഒറ്റപ്പെടുത്തലും നേരിടവേയാണ് പാശ്ചാത്യരാജ്യങ്ങളുടെ നടപടി. എന്നാൽ ഇതിന് പിന്നാലെ പലസ്തീൻ എന്ന രാജ്യത്തെ പൂർണമായും ഇല്ലാതാക്കുമെന്ന ഭീഷണിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യു രംഗത്തെത്തി.
ഒരേസമയം ഉണ്ടെന്നും ഇല്ലെന്നും പറയാവുന്ന രാജ്യമാണ് പലസ്തീൻ. വലിയൊരളവ് അന്താരാഷ്ട്ര അംഗീകാരമുണ്ട്. പല രാജ്യങ്ങളിലും നയതന്ത്രകാര്യാലയങ്ങളുണ്ട്, പലസ്തീന്റെ ടീമുകൾ ഒളിമ്പിക്‌സുൾപ്പടെയുള്ള അന്താരാഷ്ട്ര കായികമത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. യുഎന്നിൽ നിരീക്ഷകപദവിയുമുണ്ട്. എന്നാൽ വോട്ടവകാശമില്ല. പതിറ്റാണ്ടുകളായി ഇസ്രയേലുമായി നിലനിൽക്കുന്ന സംഘർഷം കാരണം പലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിർത്തികളില്ല, തലസ്ഥാനമില്ല, സൈന്യമില്ല, വെസ്റ്റ് ബാങ്കും ഗാസയുമാണ് പലസ്തീന്റെ ഇപ്പോഴുള്ള ഭാഗങ്ങൾ. ഈ സാഹചര്യത്തിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കൽ പ്രതീകാത്മകം മാത്രമാണ്. എന്നുകരുതി ഇതിനെ നിസ്സാരമായി തള്ളികളേയണ്ടതില്ല. വളരെ ശക്തമായ ധാർമിക, രാഷ്ട്രീയ പ്രസ്താവനയാണത്. അടിസ്ഥാനപരമായി കാര്യമായ മാറ്റമുണ്ടാവില്ലെങ്കിലും ഈ പ്രതീകാത്മകതയ്ക്ക് വലിയ ശക്തിയുണ്ട്. മിഡിൽ ഈസ്റ്റിന്റെ ഭാവിയെക്കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നയതന്ത്ര സമീപനത്തിൽ വലിയ മാറ്റം വരുത്തുന്ന തീരുമാനമാണിത്.
പലസ്തീന്റെ രാഷ്ട്രപദവിയെ പൊതുസഭയിലെ എത്ര രാജ്യങ്ങൾ അംഗീകരിച്ചിട്ടും കാര്യമില്ല. അന്തിമഅംഗീകാരം യുഎന്നിന്റെ ഏറ്റവും ശക്തമായ രക്ഷാസമിതിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. അഞ്ചു സ്ഥിരാംഗങ്ങളിൽ ചൈനയും റഷ്യയും പലസ്തീൻ രാഷ്ട്രത്തെ മുമ്പേ അംഗീകരിച്ചിട്ടുണ്ട്. ഫ്രാൻസുൾപ്പടെയുള്ള രാജ്യങ്ങൾ കൂടി അംഗീകരിക്കുന്നതോടെ പലസ്തീനെ അംഗീകരിക്കാത്ത ഏക സ്ഥിരാംഗം യുഎസ് മാത്രമാകും. രാഷ്ട്രപദവിയെന്ന പലസ്തീന്റെ ആവശ്യം കൊളോണിയൽ ആധിപത്യവും തുടർന്നുള്ള സംഘർഷങ്ങളും നിറഞ്ഞ ദീർഘകാല ചരിത്രത്തോടെയാണ് ബന്ധിപ്പിക്കപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഒട്ടോമൻ സാമ്രാജ്യം തകർന്നപ്പോൾ, പലസ്തീൻ പ്രദേശം ബ്രിട്ടന്റെ നിയന്ത്രണത്തിലായി. 1917-ൽ ബാൽഫർ പ്രഖ്യാപനത്തിലൂടെ പലസ്തീൻ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കാൻ വഴിയൊരുക്കിയത് ബ്രിട്ടനാണ്. യൂറോപ്പിൽ എത്തിയ യഹൂദ കുടിയേറ്റക്കാരുടെയും ഭൂരിപക്ഷമായ അറബ് ജനങ്ങളുടെയും ഇടയിൽ സംഘർഷം കൂടുതൽ ശക്തമായി.
1947-ൽ ഐക്യരാഷ്ട്രസഭ പാലസ്തീനെ വേർതിരിച്ച് അറബ്-യഹൂദ രാഷ്ട്രങ്ങളാക്കാനും, ജറുസലേമിനെ അന്താരാഷ്ട്ര നഗരമാക്കാനും വോട്ടെടുപ്പ് നടത്തി. യഹൂദ നേതാക്കൾ പദ്ധതി അംഗീകരിച്ചെങ്കിലും അറബ് രാഷ്ട്രങ്ങൾ നിരസിച്ചു. തുടർന്ന് 1948-ലെ അറബ് ഇസ്രയേൽ യുദ്ധം നടന്നു. ആ യുദ്ധത്തിലൂടെ ഇസ്രായേൽ രാഷ്ട്രം പിറന്നു. ഏകദേശം 7,50,000 പലസ്തീനികൾ അന്ന് കുടിയിറക്കപ്പെട്ടു. അതാണ് നക്ബ അഥവാ ദുരന്തദിനം.
പലസ്തീൻ ജനതയ്ക്ക് സ്വന്തമായൊരു രാജ്യം നൽകുമെന്നു പറഞ്ഞെങ്കിലും അത് യഥാർഥ്യമായില്ല. അന്ന് പലസ്തീൻജനതയോടുകാട്ടിയ വഞ്ചനയ്ക്കുള്ള ചെറിയ തിരുത്താണ് ഇപ്പോൾ പലസ്തീൻരാഷ്ട്രത്തിന് ബ്രിട്ടൻ നൽകിയ അംഗീകാരം.
ദ്വിരാഷ്ട്രപരിഹാരത്തെ പിന്തുണയ്‌ക്കേണ്ട ചരിത്രപരമായ ബാധ്യത ബ്രിട്ടനുണ്ട്'' എന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമി ഇതെക്കുറിച്ചു പറഞ്ഞത്. വെസ്റ്റ് ബാങ്കും ഗാസയും ചേർത്ത്, കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി പലസ്തീൻരാഷ്ട്രം രൂപവത്കരിക്കുന്നതിനെയാണ് 'ദ്വിരാഷ്ട്രപരിഹാരം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, ഇതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഒരിടത്തുമെത്തിയിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങൾക്കുവിരുദ്ധമായി വെസ്റ്റ് ബാങ്കിന്റെ നല്ലൊരുശതമാനം ഇസ്രയേൽ കൈയടക്കിവെച്ചിരിക്കുകയാണ്.
കിഴക്കൻ ജറുസലേമിനടുത്തേക്ക് അധിനിവേശം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. ഗാസയെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലും. ഈ സാഹചര്യത്തിൽ പലസ്തീൻരാഷ്ട്രമെന്ന സങ്കല്പംതന്നെ തകരുന്ന സ്ഥിതിയാണ്. ഗാസയിലെ ദാരുണമായ സ്ഥിതിവിശേഷത്തിലുള്ള അന്താരാഷ്ട്രരോഷം മുറുകുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പലസ്തീൻരാഷ്ട്രത്തെ അംഗീകരിക്കാൻ തീരുമാനിച്ചത്. 1988-ലാണ് പലസ്തീന്റെ വിമോചനത്തിനായി പോരാടിയ പിഎൽഒ സ്വതന്ത്രപലസ്തീൻ രാഷ്ട്രം നിലവിൽവന്നതായി പ്രഖ്യാപിച്ചത്. യുഎൻ പൊതുസഭയിലെ 193 അംഗരാജ്യങ്ങളിൽ 147 എണ്ണം പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നു.
ഈ രാജ്യങ്ങളുടെ നിലപാട് മാറ്റത്തിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ഗാസയിലെ യുദ്ധവും മാനുഷിക പ്രതിസന്ധിയും തന്നെയാണ് പ്രധാനം.
സാധാരണക്കാരുടെ കഷ്ടപ്പാടുകൾ പുതിയ തലങ്ങളിലെത്തിയെന്ന് യുകെ, ഓസ്ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ 28 രാജ്യങ്ങൾ കഴിഞ്ഞ ജൂലൈയിൽ പ്രസ്താവിച്ചിരുന്നു. ഈ മാനുഷിക പ്രതിസന്ധി പുതിയ തീരുമാനത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന ആഭ്യന്തരവും അന്തർദേശീയവുമായ സമ്മർദ്ദമാണ് അടുത്ത കാരണം.
ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രായേലിന്റെ പ്രവർത്തനങ്ങൾക്കുള്ള താക്കീതായും പുതിയ നീക്കത്തെ ചിലർ കാണുന്നുണ്ട്. ഈ അംഗീകാരം പലസ്തീന് പ്രതീകാത്മകതയ്ക്കപ്പുറം ചില നേട്ടങ്ങൾ കൂടി നൽകാനുള്ള സാധ്യതകളും തള്ളികളയേണ്ടതില്ല. അംഗീകാരം രാഷ്ട്രീയമായും നയതന്ത്രപരമായും ഗുണകരമാണ്. ഇത് പലസ്തീന്റെ നിയമസാധുതയും പരമാധികാര വാദങ്ങളും ശക്തിപ്പെടുത്തിയേക്കാം. എംബസികൾ സ്ഥാപിക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കാം. വിദേശ നിക്ഷേപത്തിനും അന്താരാഷ്ട്ര സഹായത്തിനും ഈ അംഗീകാരം പുതിയ വാതിലുകൾ തുറന്നേക്കാം. നിയമവിരുദ്ധമായ ഇസ്രായേലി സെറ്റിൽമെന്റുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നിരോധിക്കുന്നത് പോലുള്ള നടപടികളിലേക്കും ഇത് നയിച്ചേക്കാനുള്ള സാധ്യത ചെറുതല്ല. നിയമപരമായും ഗുണമുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി,അന്താരാഷ്ട്ര നീതിന്യായ കോടതി തുടങ്ങിയ സമിതികളിൽ പലസ്തീന്റെ നിയമപരമായ അവകാശവാദങ്ങളെ ഇത് ബലപ്പെടുത്തും. എന്നാൽ പലസ്തീൻ എന്ന രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ല എന്നായിരുന്നു നെതനാഹ്യുവിന്റെ ഭീഷണി.
ഒക്ടോബർ ഏഴിലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷവും പലസ്തീനെ അംഗീകരിക്കുന്ന നേതാക്കൾക്കായി ഒരു കൃത്യമായ സന്ദേശം നൽകാം, നിങ്ങൾ ഭീകരതയ്ക്ക് വലിയ പ്രോത്സാഹനം നൽകുകയാണ്. എന്നാൽ, നിങ്ങൾക്ക് ഞാൻ മറ്റൊരു സന്ദേശം തരാം, അതൊരിക്കലും സംഭവിക്കൻ പോകുന്നില്ല. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീൻ എന്ന രാഷ്ട്രം ഉണ്ടാകില്ല. വർഷങ്ങളായി ആഭ്യന്തരമായും വിദേശത്തുനിന്നുമുള്ള വലിയ സമ്മർദ്ദങ്ങൾക്കിടയിലും ആ ഭീകരരാഷ്ട്രത്തിന്റെ നിർമ്മാണം ഞാൻ തടഞ്ഞുകൊണ്ടിരിക്കുകയാണ്, എന്നായിരുന്നു നെതനാഹ്യുവിന്റെ വെല്ലുവിളി. നെതനാഹ്യുവിന്റെ വെല്ലുവിളിയെ മറികടന്നും രാജ്യങ്ങൾ ഇതേ നിലപാടിൽ ഉറച്ചുനിൽക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
Content Highlights: Western powers recognize Palestine, Israel warns statehood impossible