സേവനമില്ലാതെ കൈമാറിയത് 1.72 കോടി, നിയമവിരുദ്ധ പ്രതിഫലമെന്ന് ആരോപണം: എന്താണ് മാസപ്പടി കേസ്?

രാഷ്ട്രീയകേരളത്തെ ചൂടുപിടിപ്പിച്ച ഒന്നായിരുന്നു മാസപ്പടി വിവാദം. കേസിൽ ഇഡിയുടെ അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്റെ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയതോടെയാണ് ഇഡിയുടെ നീക്കങ്ങൾക്ക് കളമൊരുങ്ങിയത്. കേരളാ പോലീസുപോലും അറിയാതെ പിണറായിയുടെ തിരുവനന്തപുരത്തെയും ധർമ്മടത്തേയും മരുമകൻ പിഐ മുഹ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീടുമുൾപ്പെടെ പലയിടങ്ങളിലും ഇഡി റെയ്ഡ് നടത്തി. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ് ദിവസങ്ങൾക്കകം ഇഡിയുടെ നീക്കം. പിന്നെ കണ്ടത്, സംഘർഷം - ഉദ്യോഗസ്ഥർ വന്ന കാറുകൾ പ്രവർത്തകൾ ആക്രമിച്ചു.

പിണറായി വിജയന്റെ മകൾ വീണ ഉടമസ്ഥയായ ഐടി സ്ഥാപനമാണ് എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. കൊച്ചി ആസ്ഥാനമായുള്ള കരിമണൽ ഖനന കമ്പനിയാണ് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്. ഐടി സേവനങ്ങളുടെ പേരിൽ 2017 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ സിഎംആർഎൽ 1.72 രൂപ കൈമാറി എന്നാണ് ആരോപണം. അതും യാതൊരു ഐടി സേവനവും എക്സാലോജിക് നൽകാതെയാണത്രേ ഇത്രയും തുക കൈമാറിയത്.

എസ്എഫ്ഐഒ - സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കണ്ടെത്തിയത് ഈ തുക ഏകദേശം 2.70 കോടിയോളം വരുംമെന്നാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മറവിൽ നിയമവിരുദ്ധമായി സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങുകയായിരുന്നു എന്നാണ് ആരോപണം ഉയർന്നത്.

2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് സിഎംആർഎൽ ഓഫീസുകളിലും ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് സംഭവം ചൂടുപിടിച്ചത്. 133.82 കോടി മുതൽ 182 കോടി രൂപ വരെ സിഎംആർഎൽ നികുതി വെട്ടിപ്പ് നടത്തിയതായി റെയ്ഡിൽ കണ്ടെത്തി. ചെലവുകളിൽ കൃത്രിമം കാണിച്ചുണ്ടാക്കിയ ഈ കള്ളപ്പണം രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും നൽകിയതിന്റെ രേഖകളും ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഈ രേഖകളിലാണ് മുഖ്യമന്ത്രിയുടെ മകൾക്ക് നൽകിയ പണത്തിന്റെ വിവരങ്ങളും ഉണ്ടായിരുന്നത്.

യാതൊരു ഐടി സേവനങ്ങളും നൽകാതെയാണ് എക്സാലോജികിന് പണം നൽകിയതെന്ന ആരോപണം ശരിയാണെന്ന് സിഎംആർഎൽ ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുണ്ട്. പിന്നെ എന്തിന് പണം നൽകി? മുഖ്യമന്ത്രി ചെയ്ത സഹായത്തിന് പ്രതിഫലമെന്നാണ് ആരോപണമുന്നയിക്കുന്നവരുടെ ഉത്തരം.

സിഎംആർഎല്ലിന് ആലപ്പുഴയിലെ തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനാനുമതി ലഭിക്കാൻ തടസ്സങ്ങളുണ്ടായിരുന്നു. അപ്പോൾ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കമ്പനിയുടെ അപേക്ഷ പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകി. ഇതിന് പിന്നാലെ വീണ വിജയന് പ്രതിമാസം 5 ലക്ഷം രൂപ നിരക്കിൽ കൺസൾട്ടന്റ് നിയമനക്കത്ത് ലഭിച്ചു. പിന്നീട് 2017 മാർച്ചിൽ എക്സാലോജിക്കുമായി പ്രതിമാസം 3 ലക്ഷം രൂപയുടെ കരാറുമുണ്ടാക്കി. അതായത്, റവന്യൂ വകുപ്പിലെ അനുകൂലമായ സർക്കാർ തീരുമാനങ്ങൾക്ക് പകരമായി നൽകിയ നിയമവിരുദ്ധ പ്രതിഫലമാണ് ഈ പ്രതിമാസ പണമിടപാടുകളെന്നാണ് ആരോപണം ഉന്നയിക്കുന്നവരുടെ വാദം.

അന്വേഷണങ്ങൾ, കണ്ടെത്തലുകൾ…

ആദായനികുതി ഇടക്കാല സെറ്റിൽമെന്റ് ബോർഡ് 2023 ജൂണിൽ സിഎംആർഎല്ലിന് നൽകിയ പണം 'നിയമവിരുദ്ധം' എന്ന് വിധിച്ചതോടെ കേസിൽ അന്വേഷണം ചൂടുപിടിച്ചു. രജിസ്ട്രാർ ഓഫ് കമ്പനീസും കമ്പനിയുടെ പണമിടപാടുകളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ KSIDC-ക്ക്13.4% ഓഹരി പങ്കാളിത്തം സിഎംആർഎൽ കമ്പനിയിലുണ്ട്. എന്നിട്ടും ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ഇടപാട് നടത്തിയത് കമ്പനീസ് നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നായിരുന്നു ഒരു കണ്ടെത്തൽ. പണമിടപാടുകൾക്ക് ആധാരമായ ഒന്നും എക്‌സാലോജിക്കിനും സിഎംആർഎല്ലിനും ഹാജരാക്കാനും കഴിഞ്ഞില്ല.

ഇതിനിടെയാണ് ബിജെപി നേതാവ് ഷോൺ ജോർജ് വിഷയത്തിൽ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനെ സമീപിക്കുന്നത്. അങ്ങനെ 2024 ജനുവരി 31-ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് SFIO അന്വേഷണം തുടങ്ങി. ഇതിനിടെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക്ക് ഹർജി നൽകിയെങ്കിലും 2024 ഫെബ്രുവരി 16 ന് കർണാടക ഹൈക്കോടതി അത് തള്ളി.

ഇതിനിടെ 2024 ഏപ്രിലിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസ് രജിസ്റ്റർ ചെയ്യുന്നത്. ആദായനികുതി ഇടക്കാല സെറ്റിൽമെന്റ് ബോർഡിന്റെയും എസ്എഫ്‌ഐഒയുടേയും കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. പിന്നാലെ സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് സമ്മൻസും അയച്ചു.

2025 ഏപ്രിൽ 3 നാണ് അന്വേഷണത്തിനൊടുവിൽ SFIO 160 പേജുള്ള കുറ്റപത്രം സമർപ്പിക്കുന്നത്. ഇതിൽ 11-ാം പ്രതിയായിരുന്നു വീണാ വിജയൻ. തട്ടിപ്പുകൾ തടയുന്നതിനുള്ള സെക്ഷൻ 447 പ്രകാരം വീണയ്ക്കെതിരെ കേസുമെടുത്തു. സിഎംആർഎല്ലിൽ നിന്നും ലഭിച്ച പണം വീണ തന്റെ വ്യക്തിഗത ബാധ്യതകൾ തീർക്കാനായി വകമാറ്റി. പ്രത്യേകിച്ചും, സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള 'എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്‌സ്' എന്ന സ്ഥാപനത്തോടുള്ള കടബാധ്യതകൾ തീർക്കാനായി. പൊതുജന പങ്കാളിത്തമുള്ള ഒരു കമ്പനിയുടെ ഫണ്ട് ഇങ്ങനെ ചിലവഴിച്ചതോടെ സിഎംആർഎല്ലിന് സാമ്പത്തിക നഷ്ടമുണ്ടായി - എന്നൊക്കെയായിരുന്നു കുറ്റപ്പത്രത്തിലെ കണ്ടെത്തലുകൾ.

ചെന്നൈയിലെ ഓഫീസിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ എക്സാലോജിക് യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചെന്നാണ് എസ്എഫ്‌ഐഒ അവകാശപ്പെടുന്നത്. പക്ഷേ വീണ അത് തള്ളിക്കളഞ്ഞു. എന്തായാലും കുറ്റപ്പത്രത്തിലെ കണ്ടെത്തലുകളുടെ കൂടി അടിസ്ഥാനത്തിൽ, ഇഡി അന്വേഷണം ശക്തമാക്കി.

2025 ജൂണിൽ മുതിർന്ന പത്രപ്രവർത്തകനായ എം.ആർ. അജയൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. ഇതിനെതിരെ പിണറായി വിജയനും മകളും ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചു. ഹർജി കേവലം രാഷ്ട്രീയ പ്രേരിതമാണ്, യാതൊരുവിധ യഥാർത്ഥ വസ്തുതകളും ഇല്ലാതെ നടത്തുന്ന അന്വേഷണ ശ്രമമാണ് എന്നൊക്കെയായിരുന്നു പിണറായിയുടെ വാദം. പിതാവ് മുഖ്യമന്ത്രിയാകുന്നതിന് രണ്ട് വർഷം മുമ്പ് സ്ഥാപിച്ചതാണ് എക്‌സാലോജിക്കെന്നും ഇതിന് പിതാവിന്റെ പദവിയുമായി യാതൊരു ബന്ധവുമില്ലെന്ന് വീണയും വാദിച്ചു.

ഈ നിയമ പോരാട്ടങ്ങൾക്കിടെ ബിജെപി നേതാവ് ഷോൺ ജോർജ്ജ് 2025 ജൂലൈയിൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തട്ടിപ്പുകളിൽ കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി നിരോധന നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ സിബിഐയും ഇഡിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ഇതിൽ വീണ വിജയനടക്കം 12 ഓളം എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.

മേയ് 26-ലെ ഹൈക്കോടതി വിധി

മാസപ്പടി കേസിൽ ED നടത്തുന്ന അന്വേഷണത്തിന് വലിയ നിയമസാധുത നൽകിയ ഒന്നായിരുന്നു മേയ് 26-ലെ കേരള ഹൈക്കോടതി വിധി. ഇഡിയുടെ അന്വേഷണവും തങ്ങൾക്ക് ലഭിച്ച സമ്മൻസുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് CMRL മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയും ചീഫ് ഫിനാൻഷ്യൽ ഓഫീസറും സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ടി.ആർ. രവി ഉൾപ്പെട്ട സിംഗിൾ ബെഞ്ച് പൂർണ്ണമായും തള്ളിക്കളഞ്ഞു. എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സെക്ഷൻ 447 (തട്ടിപ്പ്) ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യമായതിനാൽ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധി വന്നതോടെ നിയമപരമായ തടസ്സങ്ങൾ നീങ്ങി. ഇഡി റെയ്ഡ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുകയും ചെയ്തു. വീണ വിജയനെയും മറ്റും നേരിട്ട് ചോദ്യം ചെയ്യുന്നതിനായി പുതിയ സമ്മൻസുകൾ അയക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഏജൻസി

Content Highlights: Kerala High Court dismissed petitions by CMRL officials challenging the ED probe. SFIO filed a 160-page chargesheet naming Veena Vijayan as the 11th accused. ED investigation is now legally authorized following the May 26 court order. Allegations involve illegal financial transactions between CMRL and Exalogic Solutions. Court confirmed Section 447 (fraud) is a scheduled offense allowing ED intervention.