പവാര്‍ പൊളിറ്റിക്‌സിന്റെ പവര്‍ ആര്‍ക്ക്? ശിവസേനയുടെ ഭാവിയെന്ത്‌? പിടിതരാതെ മഹാരാഷ്ട്ര

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ബോളിവുഡിന്റെ ആധിപത്യവും ആഡംബരവും പേറുന്ന നഗരം, രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങള്‍, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം- വിശേഷണങ്ങളും പ്രത്യേകതകളുമേറെയുണ്ട് മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കും. ഒപ്പം സമീപകാലത്തായി രാഷ്ട്രീയനാടകവേദിയെന്ന ചീത്തപ്പേരും. 

മഹാരാഷ്ട്രയുടെ രാഷ്ട്രീയചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണതകളേറിയ അഞ്ച് വര്‍ഷക്കാലമാണ് കടന്നുപോയത്. ശിവസേനയും എന്‍സിപിയും രണ്ടായ പിളര്‍ന്നകാലം. പ്രതിപക്ഷത്ത് തനിക്കൊപ്പമിരുന്ന പ്രിയപ്പെട്ടവര്‍ ഒറ്റരാത്രികൊണ്ട് അപ്പുറത്ത് മന്ത്രിക്കസേരയിലും, അജിത് ഉപമുഖ്യമന്ത്രിയുമായ 'രാഷ്ട്രീയതന്ത്ര'ത്തില്‍ ശരദ്പവാര്‍ വിയര്‍ത്തകാലം. 2019ന് ശേഷം വീണ്ടുമൊരു നിയമസഭാതിരഞ്ഞെടുപ്പെത്തുമ്പോള്‍ വിജയമാര്‍ക്കൊപ്പമായിരിക്കും? ഭരണത്തുടര്‍ച്ചയ്ക്കായി കളത്തിലിറങ്ങിയ മഹായുതി സഖ്യത്തിനോ? ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ബലത്തില്‍ പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങുന്ന മഹാവികാസ് അഘാഡിക്കോ. മത്സരം കൊഴുപ്പിക്കാന്‍ ഇരുവശത്തും ദേശീയ രാഷ്ട്രീയത്തിലെ പ്രബലര്‍ തന്നെ രംഗത്തുണ്ട്

പോര്‍ക്കളത്തില്‍ പ്രധാനികള്‍ ബിജെപിയും കോണ്‍ഗ്രസും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു പക്ഷത്ത് എന്‍സിപിയും മറുപക്ഷത്ത് ശിവസേനയുമായിരുന്നെങ്കില്‍ ഇന്ന് ഇരുകൂട്ടരും ഇരുവശത്തുമുണ്ട്. ജനപ്രിയ പദ്ധതികളും, വികസനമാതൃകകളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഭരണത്തിലിരിക്കുന്ന മഹായുതി സഖ്യം. 21-നും 65-നും ഇടയിലുള്ള സ്ത്രീകള്‍ക്ക് മാസം 1,500 രൂപ നല്‍കുന്ന ലഡ്കി ബഹിണ്‍ യോജന, 44 ലക്ഷം കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കിയ വൈദ്യുതി, മുംബൈ തിരദേശപാത, മുംബൈ മെട്രോ ശൃംഖല വിപുലീകരണമെല്ലാം സഖ്യം എണ്ണിയെണ്ണി പറയുന്നുണ്ട്.  എന്നാല്‍ തൊഴിലില്ലായ്മ, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിളനാശം, വരള്‍ച്ച, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച, വായ്പ എഴുതിത്തള്ളല്‍, കാര്‍ഷികമേഖലയിലെ മറ്റ് പ്രതിസന്ധികളുമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. ഒപ്പം വികസനപദ്ധതികള്‍ ഗുജറാത്തിലേക്കെത്തിച്ചെന്ന വാദവും.

2019ലെ തിരഞ്ഞെടുപ്പ് - ബിജെപി-ശിവസേന സഖ്യത്തിന് ഭൂരിപക്ഷം. രണ്ടര വര്‍ഷം ബിജെപി മുഖ്യമന്ത്രിയും രണ്ടരവര്‍ഷം ശിവസേന മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഭരിക്കാമെന്നായിരുന്നു തിരഞ്ഞെടുപ്പ് ഡീല്‍. എന്നാല്‍, ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് അത് സമ്മതമായിരുന്നില്ല. സഖ്യം പിരിഞ്ഞു. രായ്ക്ക്രാമാനം കൂടുതല്‍ സീറ്റ് കിട്ടിയ എന്‍.സി.പിയിലെ ഒരുവിഭാഗത്തെ കൂട്ടുപിടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയും അജിത് പവാറിനെ ഉപമുഖ്യമന്ത്രിയുമാക്കി ബിജെപി സര്‍ക്കാരുണ്ടാക്കി. പക്ഷേ, അന്ന് എന്‍.സി.പി. പിളര്‍ത്താന്‍ അജിത് പവാറിനായില്ല. പുതിയ സര്‍ക്കാരിന്റെ ആയുസ് വെറും 80 മണിക്കൂറിലേക്കൊതുങ്ങി.

മഹാരാഷ്ട്രയില്‍ ഒരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ സമവാക്യമാണ് പിന്നെ പിറന്നത്. ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാ വികാസ് അഘാഡി എന്ന പുതിയ സഖ്യത്തിന് കീഴില്‍ സര്‍ക്കാര്‍ രൂപീകരിച്ചു, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. താക്കറെ കുടുംബത്തില്‍ നിന്ന് അധികാരക്കസേരയിലെത്തുന്ന ആദ്യ നേതാവായി ഉദ്ധവ്.  ബി.ജെ.പി. പുറത്തുമായി. പക്ഷേ, ശരദ് പവാര്‍ അജിത്തിനെ കൈവിട്ടില്ല. സഹോദരപുത്രനെ വഴിതെറ്റിയ കുഞ്ഞാടായി കണക്കാക്കി തിരികെക്കൂട്ടി താക്കറെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിപദവും നല്‍കി. പക്ഷേ 2022 ജൂണില്‍ അതിനാടകീയമായി ഉദ്ദവിന് താഴെയിറങ്ങേണ്ടി വന്നു. വിമതനീക്കത്തിലൂടെ ശിവസേനയെ പിളര്‍ത്തി ഏക്‌നാഥ് ഷിന്ദേയെ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയാക്കി ബിജെപി പകരം വീട്ടി. കോണ്‍ഗ്രസ് നെടുകെ പിളര്‍ന്ന് പണ്ട് എന്‍സിപിയുണ്ടാക്കിയ ശരദ്പവാറിന്റെ വിധിയും മറ്റൊന്നായിരുന്നില്ല. ബാരാമതിയിലെ കരിമ്പ് സൊസൈറ്റിയില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂപ്പര്‍ പവറായി മാറിയ ശരദ് പവാറിന് അജിത് പവാറിലൂടെ അടി തെറ്റി. അധികാരവടംവലിയില്‍ പാര്‍ട്ടി നെടുകെ പിളര്‍ത്തി അജിത് പവാര്‍ വീണ്ടുമൊരു എന്‍സിപിയുണ്ടാക്കി ബിജെപിക്ക് കൈകൊടുത്തു. കിട്ടിയത് അജിത് പവാറിന്റെ മോഹമായ ഉപമുഖ്യമന്ത്രിക്കസേര.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇതാ ഇങ്ങനെയുമായി. 

  • ഇന്ത്യമുന്നണി- 30
  • കോണ്‍ഗ്രസ്- 13
  • ശിവസേന - ഉദ്ധവ് 9
  • എന്‍.സി.പി. - പവാര്‍ 8
  • എന്‍.ഡി.എ. - 17
  • ബി.ജെ.പി.- 9
  • ശിവസേന - ഷിന്ദെ 7
  • എന്‍.സി.പി. - അജിത് പവാര്‍ 1
  • മറ്റുള്ളവര്‍ 1
     

മറ്റൊരു നിയമസഭാതിരഞ്ഞെടുപ്പിനായി മഹാരാഷ്ട്ര വീണ്ടും പോളിങ് ബൂത്തിലെത്തുകയാണ്. ഇരുവശത്തുമുള്ള എന്‍സിപിയേയും ശിവസേനയേയും സംബന്ധിച്ച് നിലനില്‍പിനായുള്ള പോരാട്ടം. ഏതാണ് ശരിക്കുള്ള ശിവസേനയെന്നും ഏതാണ് ശരിക്കുള്ള എന്‍സിപിയെന്നും തെളിയിക്കേണ്ട ബാധ്യതകൂടി ഇരുകൂട്ടര്‍ക്കും ഈ തിരഞ്ഞെടുപ്പിലുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കുമാകട്ടെ ദേശീയരാഷ്ട്രീയത്തിലെ പ്രകടനത്തിനുള്ള മാര്‍ക്കിടലും. പാര്‍ട്ടി മാറിയവരും വിമതരും മാത്രമല്ല സ്വതന്ത്രരും ചെറു രാഷ്ട്രീയ കക്ഷികളും ഇത്തവണ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കും. അസദുദീന്‍ ഒവൈസിയും രാജ് താക്കറെയും പ്രകാശ് അംബേദ്കറും നിര്‍ണായക ശബ്ദങ്ങളാകും. മറാത്ത, ഒ.ബി.സി. സമുദായ വോട്ടുകളും ജാതി വോട്ടുകളും നിര്‍ണായകമാണ് മഹാരാഷ്ട്രയില്‍. മറാഠാ സംവരണത്തിനുള്ള ആവശ്യവും വോട്ടര്‍മാരെ സ്വാധീനിച്ചേക്കും.

ആകെയുള്ള 288 സീറ്റുകളില്‍ 74 സീറ്റുകളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ടാണ് മത്സരം. ഇരു മുന്നണികളിലും ഏറ്റവുംകൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതും കോണ്‍ഗ്രസും ബിജെപിയും തന്നെ. മഹായുതിയില്‍ ബി.ജെ.പി. 148 സീറ്റുകളിലും എം.വി.എ. സഖ്യത്തില്‍ കോണ്‍ഗ്രസ് 102 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെയും പിന്നീട് ബി.ജെ.പി.യുടെയും ശക്തികേന്ദ്രമായി മാറിയ വിദര്‍ഭയിലാണ് ഏറ്റവും വാശിയേറിയ പോരാട്ടം. 36 സീറ്റുകളിലാണ് ഇവിടെ കോണ്‍ഗ്രസ്-ബിജെപി നേരിട്ടുള്ള മത്സരം. ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ്, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെ, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെ അടക്കം നിരവധി പ്രമുഖര്‍ ജനവിധി തേടുന്നതും ഇവിടെ നിന്നാണ്.

പടിഞ്ഞാറന്‍ മഹാരാഷ്ട്ര, കൊങ്കണ്‍, വടക്കന്‍ മഹാരാഷ്ട്ര, മുംബൈ, വിദര്‍ഭ, മറാഠ് വാഡ എന്നിങ്ങനെ മഹാരാഷ്ട്രയെ ആറ് മേഖലയായി തിരിക്കാം. ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ളത് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലാണ്- 70 സീറ്റുകള്‍. പിന്നാലെ വിദര്‍ഭ. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിദര്‍ഭയില്‍ ആകെയുള്ള 62-ല്‍ 44 സീറ്റിലും ബി.ജെ.പിക്കൊപ്പമായിരുന്നു. എന്നാല്‍ 2019-ല്‍ 29 സീറ്റിലേതൊങ്ങിയ ബിജെപി ഇത്തവണ വലിയ ആത്മവിശ്വാസത്തിലാണ്. കൊങ്കണ്‍ 39 സീറ്റ്, മുംബൈ മേഖല 36 സീറ്റ്, വടക്കന്‍ മഹാരാഷ്ട്രയില്‍ 35 സീറ്റ് എന്നിങ്ങനെയാണ് കണക്കുകള്‍. പവാര്‍ കുടുംബത്തിനൊപ്പം ചേര്‍ത്ത് വായിക്കപ്പെട്ട പേരാണ് ബരാമതി. ഏഴുതവണ എം.എല്‍.എ.യായ ഉപമുഖ്യമന്ത്രി അജിത് പവാറും സഹോദരപുത്രന്‍ യുഗേന്ദ്ര പവാറുമാണ് ഇത്തവണ ബരാമതിയില്‍ ഏറ്റുമുട്ടുന്നത്. യുഗേന്ദ്ര പവാറിനുവേണ്ടി  ശരദ്പവാര്‍ സജീവമായി രംഗത്തുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിലെ പാഠമുള്‍ക്കൊണ്ടാണ് മഹായുതി സഖ്യം തിരഞ്ഞെടുപ്പിനിറങ്ങുന്നത്. മഹാവികാസ് അഘാഡി സഖ്യമാകട്ടെ ആത്മവിശ്വാസത്തിന്റെ കരുത്തിലും. എന്‍സിപിക്കും ശരദ്പവാറെന്ന വന്‍മരത്തിനും നിര്‍ണായക പോരാട്ടമാണിത്. ശിവസേനയ്ക്കും അങ്ങനെ തന്നെ. വിജയമുറപ്പാക്കാന്‍ മുന്നണികളെല്ലാം കിണഞ്ഞു ശ്രമിക്കുമ്പോള്‍ 2019ന് ശേഷം ഇങ്ങോട്ടുണ്ടായ രാഷ്ട്രീയ നാടകങ്ങളോടടുള്ള വോട്ടര്‍മാരുടെ പ്രതികരണമാണ് പ്രധാനം. മഹായൂതിയും മഹാവികാസ് അഘാഡിയും ഇതുപോലെ തുടരുമോയെന്നും ആരൊക്കെ ഏത് ചേരിയില്‍ എന്നും പ്രവചനം അസാധ്യം. തിരഞ്ഞെടുപ്പിന് ശേഷവും ഡ്രാമ തുടരാം.






 

Content Highlights: maharashtra election 2024, Ajith Pawar, sharad pawar, BJP, NCP, Shiv Sena, Thackeray, Mahayuti, MVA