പഴയവീഞ്ഞ് പുതിയ കുപ്പിയിൽ; സ്വകാര്യ സര്‍വകലാശാലകൾ വരുമ്പോൾ പ്രതീക്ഷകളും ആശങ്കകളും

വർഷങ്ങൾ നീണ്ട ആലോചന, വാദതടസങ്ങൾ, പുനരാലോചന... ഒടുക്കം ഇടത് സർക്കാർ ആ തീരുമാനമെടുത്തു. കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ അനുവദിക്കും. നിയമനിർമ്മാണത്തിനായുള്ള ബിൽ നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കും. സത്യത്തിൽ  സ്വകാര്യ സർവകലാശാല എന്ന ആവശ്യം ഉയരുന്നത് ആദ്യമായാണോ? എന്തൊക്കെയാണ് നിലവിലെ ബില്ലിലെ നിബന്ധനകൾ? സ്വകാര്യ സർവകലാശാലകൾ‌ കേരളത്തിന് നല്ലതോ ചീത്തയോ? 

സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ അല്ലെങ്കിൽ കോർപ്പറേറ്റുകൾ സംരംഭകരായി പ്രവർത്തിച്ച് സ്ഥാപിക്കുകയും നടത്തുകയും ചെയ്യുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സ്വകാര്യ സർവകലാശാലകൾ. സർക്കാർ സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായ ഭരണഘടനയോടെയും സാമ്പത്തിക പിന്തുണയോടെയുമാണ് ഇത് പ്രവർത്തിക്കുക. കോഴ്സുകളുടെ രൂപകൽപ്പന, ഫീസ് ഘടന എന്നിവയിൽ സർക്കാർ നിയന്ത്രണങ്ങളേക്കാൾ കൂടുതൽ സ്വാതന്ത്ര്യം സ്വകാര്യ സർവകലാശാലകൾക്ക് ഉണ്ടായിരിക്കും. പൊതുസർവകലാശാലകളെ അപേക്ഷിച്ച് ഉയർന്ന ഫീസുള്ള സ്വകാര്യ സർവകലാശാലകളിൽ ചിലത് വിദേശ സർവകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കാറുണ്ട്. 

സ്വകാര്യസർവകലാശാല ഒരുസംസ്ഥാനത്തെ പ്രത്യേക നിയമത്തിനു വിധേയമായി സ്ഥാപിക്കണമെന്നാണ് 2003-ലെ യു.ജി.സി. മാർഗരേഖ. നിശ്ചിത അളവിൽ ഭൂമിയോ നിക്ഷേപമോ വേണമെന്ന് മാർഗരേഖയിൽ പറഞ്ഞിട്ടില്ല. എന്നാൽ, നഗരങ്ങളിൽ ഇരുപതേക്കറും ഗ്രാമങ്ങളിൽ 30 ഏക്കറും വേണമെന്നാണ് സംസ്ഥാനസർക്കാരിന്റെ കരടുബില്ലിലെ നിർദേശം. ശരാശരി 30 കോടിരൂപ നിക്ഷേപവും വ്യവസ്ഥചെയ്തിട്ടുണ്ട്. മതിയായ പശ്ചാത്തലവികസനം, ഫാക്കൽറ്റി, ഗവേഷണസൗകര്യം തുടങ്ങിയവ ഉറപ്പാക്കി സൊസൈറ്റികൾക്കോ കമ്പനികൾക്കോ പൊതുട്രസ്റ്റുകൾക്കോ സ്വകാര്യസർവകലാശാല ആരംഭിക്കാമെന്നാണ് യു.ജി.സി. മാർഗരേഖയിൽ പറയുന്നത്. 

ചരിത്രത്തിലൊരു തിരുത്ത്  

സ്വകാര്യ സർവകലാശാലകൾ വേണമെന്ന് രണ്ട് പതിറ്റാണ്ടുമുമ്പേ തോന്നിയിരുന്നു. അന്നത്തെ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വാശ്രയകോളേജുകൾക്ക് അനുമതി നൽകുന്നത്. രണ്ട് സ്വാശ്രയകോളേജ് സമം ഒരു സർക്കാർ കോളേജ് എന്ന സമവാക്യത്തോടെയായിരുന്നു തുടക്കം. എന്നാൽ ക്രോസ് സബ്‌സിഡി പാടില്ലെന്ന കോടതിവിധിയും മറ്റും കാരണം സാമൂഹികനീതിയും മെറിറ്റും അട്ടിമറിക്കപ്പെട്ടു. എങ്കിലും പതിനായിരക്കണക്കിന് കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനും നാട്ടിലും പുറത്തും മികച്ച തൊഴിൽ കണ്ടെത്താനും സ്വാശ്രയസ്ഥാപനങ്ങൾ സഹായകമായി. 

നിലവിലുള്ള കോഴ്‌സുകൾ കാലാനുസൃതമായി പുനഃസംഘടിപ്പിച്ചും പുതിയ കോഴ്‌സുകൾ തുടങ്ങിയും ഉന്നതവിദ്യാഭ്യാസമേഖലയിൽ ഗുണമേന്മ വർധിപ്പിക്കുകയും കൂടുതൽപേരെ ഉൾച്ചേർക്കുകയും ചെയ്യുന്നതിന്റെ വിശദാംശങ്ങൾ തയ്യാറാക്കാൻ മൂന്ന് കമ്മിഷനുകളെ സർക്കാർ നിയോഗിക്കുകയുണ്ടായി. കമ്മിഷന്റെ ശുപാർശകളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്വകാര്യസർവകലാശാല അനുവദിക്കുകയെന്നത്. 2015-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച ഡോ. സിറിയക് തോമസ് സമിതി സ്വകാര്യ സർവകലാശാല തുടങ്ങണമെന്ന് നിർദേശിച്ചിരുന്നതാണ്. അന്നത്തെ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് അതിനെതിരായിരുന്നെങ്കിലും മുഖ്യമന്ത്രിയും പിന്നീട് സർക്കാരിന്റെ രാഷ്ട്രീയനേതൃത്വവും അതംഗീകരിച്ചു. 

എന്നാൽ വിദ്യാഭ്യാസ മേഖലയെ കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. രണ്ട് ഫീസ് ഘടന വരും, സാധാരണക്കാര്‌ക്ക് ഇത്തരം സർവകലാശാലകളിൽ പഠിക്കാന്‌ കഴിയില്ലെന്ന് വാദിച്ചായിരുന്നു പ്രതിഷേധം. സ്വകാര്യ സർവകലാശാലയെന്ന ശുപാർശ മുന്നോട്ടുവെച്ച ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാനായ ടി.പി. ശ്രീനിവാസനെ നടുറോഡിലിട്ട് എസ്.എഫ്.ഐ.ക്കാർ തല്ലി. തിരുവനന്തപുരത്ത് വെച്ച് 2016 ജനുവരി 29 നായിരുന്നു സംഭവം. ഒടുവില്‍ അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനടക്കമുള്ളവര്‍ക്ക് ടി.പി. ശ്രീനിവാസനോട് ക്ഷമ ചോദിക്കേണ്ടിയും വന്നു. സ്വാശ്രയ നയത്തിനെതിരേ പോരാടി പോലീസിന്റെ വെടിയേറ്റ് നട്ടെല്ല് തകര്‍ന്ന പുഷ്പന്‍ ഇതിനിടെ ഏറെകാലം ജീവിച്ച് മരിച്ചു. 

മൂര്‍ത്തമായ തീരുമാനവുമായി സർക്കാർ  

എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈക്കൊണ്ട നയത്തിന്, ഇന്നത്തെ സാഹചര്യത്തിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്താനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന വിശദീകരണത്തോടെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സ്വകാര്യസർവകലാശാലകൾ അനുവ​ദിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. മന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് എടുത്ത മൂര്‍ത്തമായ തീരുമാനം.

ഭരണമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ. ഉന്നയിച്ച വിയോജിപ്പുകൾ കണക്കിലെടുത്ത് ചില മാറ്റങ്ങൾവരുത്തിയാണ് കരടുബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയത്. സ്വകാര്യ സർവകലാശാലകളിൽ വിസിറ്റർ പദവിയിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയെ നിയമിക്കാനുള്ള നിർദേശം എടുത്തുകളഞ്ഞത് ഇതിന്റെ ഭാ​ഗമായാണ്. സർവകലാശാലയിലെ ഏറ്റവും ഉയർന്ന പദവി മന്ത്രിക്ക് നൽകുന്നതോടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം സർക്കാരിൽ നിക്ഷിപ്തമാകുമെന്ന ആശങ്കയാണ് സി.പി.ഐ. പങ്കുവെച്ചത്. സ്വകാര്യസർവകലാശാലകളുടെ ഭരണത്തിലും പ്രവർത്തനത്തിലും സർക്കാർനിയന്ത്രണമുണ്ടാകുമെന്ന ഉറപ്പുകൂടി നൽകിയാണ് സി.പി.ഐ.യുടെ എതിർപ്പ് സർക്കാർ നീക്കിയത്. 

സാമൂഹികനീതി ഉറപ്പാക്കുമെന്ന് ബോധ്യപ്പെട്ടതിനാൽ അവരുടെ ഭാ​ഗത്ത് നിന്നും പഴയ എതിർപ്പുണ്ടാകാൻ സാധ്യതയില്ല. സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും സംഘടനാസ്വാതന്ത്ര്യം ഉറപ്പാക്കണം, വിദ്യാർഥി യൂണിയൻ രൂപവത്കരണത്തിന് അനുമതി ഉറപ്പാക്കണം, ഇന്റേണൽ മാർക്കിനെ സംബന്ധിച്ചുള്ള പരാതിപരിഹാരസമിതിയിൽ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കണം എന്നീ ആവശ്യങ്ങളാണ് എസ്.എഫ്.ഐ മുന്നോട്ട് വെച്ചത്. 

കരുതലോടെ ചട്ടങ്ങൾ 

കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനം സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയതാണ് കേരള സംസ്ഥാന സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബിൽ-2025. കരുതലോടെ ചട്ടങ്ങൾ രൂപവത്‌കരിച്ചാണ് സ്വകാര്യസർവകലാശാലകൾക്ക് സർക്കാർ വാതിൽതുറന്നിടുന്നത് എന്നാണ് ആദ്യവിശകലനത്തിൽ മനസ്സിലാകുന്നത്. യു.ജി.സി. ഉൾപ്പെടെയുള്ള നിയന്ത്രണസ്ഥാപനങ്ങളുടെ ചട്ടപ്രകാരമേ നിയമനങ്ങൾ നടത്താവൂ. സീറ്റുകളിൽ നാൽപ്പതുശതമാനം കേരളത്തിൽ സ്ഥിരതാമസമുള്ളവർക്കായി നീക്കിവെക്കണം. ഇതിൽ പട്ടികജാതി-വർഗ വിഭാഗക്കാർക്കുള്ള നിയമാനുസൃതസംവരണം പാലിക്കണം. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ഫീസിളവും സ്കോളർഷിപ്പും അനുവദിക്കണം എന്നൊക്കെയാണ് പ്രധാന നിബന്ധനകൾ. 

സ്വകാര്യ സർവകലാശാലയുടെ ഗവേണിങ് കൗൺസിലിൽ സംസ്ഥാനസർക്കാരിലെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും മറ്റൊരു വകുപ്പുസെക്രട്ടറിയും അംഗങ്ങളായിരിക്കും. സർവകലാശാലാ എക്സിക്യുട്ടീവ് കൗൺസിലിൽ ഒന്നും അക്കാദമിക് കൗൺസിലിൽ മൂന്നും സർക്കാർ നോമിനികളുണ്ടാകും. അധ്യാപകർ, മറ്റുജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനും പരാതി പരിഹാരത്തിനും സംവിധാനങ്ങളുണ്ടാകണം, പി.എഫ്. ഉൾപ്പെടെ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തണം എന്നൊക്കെയാണ് മറ്റ് നിബന്ധനകൾ. 

നിയമ​ വിരുദ്ധമായി സർവകലാശാല പ്രവർത്തിക്കുന്നുവെന്ന്​ പരാതി ലഭിച്ചാൽ രണ്ട്​ മാസത്തിനുള്ളിൽ സർവകലാശാലയുടെ അംഗീകാരം പിൻവലിക്കാതിരിക്കുന്നതിന്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകാം. വ്യവസ്ഥകളുടെ ലംഘനമുണ്ടെന്ന്​ ബോധ്യപ്പെട്ടാൽ അന്വേഷണത്തിനും​ സർക്കാറിന്​ ഉത്തരവിടാം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനെയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സർക്കാറിന്​ നിയമിക്കാം. 

ഇനി ആർക്കൊക്കെ സ്വകാര്യ സർവകലാശാലകൾ തുടങ്ങാനായി അപേക്ഷിക്കാമെന്ന് നോക്കാം. 
വിദ്യാഭ്യാസമേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള സ്പോൺസറിങ് ഏജൻസിക്കാണ് അപേക്ഷിക്കാനാവുക. പക്ഷേ റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ള ഭൂമി ഇവരുടെ കൈവശംവേണം. കഴിഞ്ഞില്ല, 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം. മൾട്ടി-കാംപസ് സർവകലാശാലയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാനമന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആകണം. സർക്കാരിൽനിന്ന് സാമ്പത്തികസഹായം ഉണ്ടാകില്ലെങ്കിലും ഫാക്കൽറ്റിക്ക് ഗവേഷണ ഏജൻസികളെ സമീപിക്കാം.

എങ്ങനെ അപേക്ഷിക്കണം 

വിശദമായ പ്രോജക്ട് റിപ്പോർട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സർക്കാരിന് സമർപ്പിക്കണം. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉൾപ്പെടെ സർവകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. നിയമത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും. വിദഗ്ദ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യൻ , സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗൺസിലിന്റെ നോമിനി. ആസൂത്രണ ബോർഡിന്റെ നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ എന്നിവർ അംഗങ്ങളാകും. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സർക്കാരിന് സമർപ്പിക്കുകയും സർക്കാർ ആ തീരുമാനം സ്പോൺസറിങ് ബോഡിയെ അറിയിക്കുകയും ചെയ്യും. നിയമസഭ പാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സർവകലാശാലയെ നിയമത്തിനൊപ്പം ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തും. ഇതോടെ സ്വകാര്യ സർവ്വകലാശാലകൾക്ക് മറ്റ് പൊതു സർവ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും

കാലം മാറി, മാറ്റം വേണം 

15 കൊല്ലം മുൻപാണ് സ്വകാര്യ സർവകലാശാലകൾ കേരളത്തിൽ വേണമെന്ന് കമ്മിറ്റി ശുപാർശകൾ ചെയ്യുന്നത്. അന്ന് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ പോലും ഉന്നതപഠനത്തിന് അർഹതയുള്ള വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത അവസ്ഥയായിരുന്നു. കോളേജുകളുടെ നിലവാരവും നല്ല വിദ്യാഭ്യാസം തേടി പുറത്തുപോകാനുള്ള സാധ്യതയും കുറവ്. എന്നാൽ കാലങ്ങൾക്കിപ്പുറം എല്ലാം മാറി. 

ഇന്ന് കേരളത്തിലെ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ആർക്കും പഠിക്കണ്ട. സീറ്റുകളെല്ലാം സുലഭം. എല്ലാവർക്കും പുറത്തുപോയാൽ മതി. ടെക്നോളജിയും അതിവേ​ഗത്തിൽ വളരുകയാണ്. എഐയുടെ കടന്നുവരവോടെ വെർച്വൽ കോളേജിലേക്കോ വെർച്വൽ യൂണിവേഴ്സിറ്റിയിലേക്കോ മാറുന്ന കാലം വിദൂരമല്ലെന്ന് പറയുകയാണ് ടിപി ശ്രീനിവാസനെ പോലെയുള്ളവർ. കെട്ടിടങ്ങളുള്ള സ്ഥാപനങ്ങൾക്ക് ഇനി സാധ്യതകളില്ല. നൂതന സാങ്കേതിക വിദ്യകൾ ഉപയോ​ഗപ്പെടുത്തി കാലത്തിനനുസരിച്ച കോഴ്സുകൾ കൊണ്ടുവരണം. അത് പൂർത്തിയാക്കുന്നൊരാൾ‌ക്ക് മികച്ച ജോലി സാധ്യതകളും ശമ്പളവും ലഭിക്കണം. വിദ്യാര്‍ഥികള്‍ നാടുവിടുന്നത് മികച്ച വിദ്യാഭ്യാസം തേടി മാത്രമല്ല, മികച്ച അവസരങ്ങള്‍ക്കും ശമ്പളത്തിനും കൂടിയാണ്. അതുകൊണ്ട് കൊഴിഞ്ഞുപോക്ക് തടയാൻ സർവകലാശാലകൾ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ലെന്ന് സാരം. 

പരമ്പാര​ഗത കോഴ്സുകൾ തന്നെ ഇനി വരുന്ന സ്വകാര്യ സർവകലാശാലകളിലും കൊണ്ടുവന്നിട്ട് കാര്യമില്ല. പുതിയ കോഴ്സുകൾ അവതരിപ്പിക്കണം, കാര്യക്ഷമമായി പഠിപ്പിക്കണം. അവസരങ്ങൾ ഒരുപാടുള്ള വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാൻ പാകത്തിലുള്ളത് നമ്മൾ‌ തന്നെ ഇവിടെ ഒരുക്കണം. വിദേശത്തേക്കും ഇതരസംസ്ഥാനങ്ങളിലേക്കും പഠനത്തിന്‌ പോകുന്ന നമ്മുടെ കുട്ടികൾക്ക് ഇവിടെ നിർത്തുന്നതിനൊപ്പം മറ്റുസംസ്ഥാനങ്ങളിൽനിന്നു വിദ്യാർഥികളെ ആകർഷിക്കാനും നമുക്ക് പറ്റണം. 

ഇനി മറ്റൊരു കാര്യം, സ്വകാര്യസർവകലാശാലകളുടെ വരവോടെ കടുത്ത മത്സരമുണ്ടാകും. അതിനാൽ നിലവിലുള്ള പൊതുസർവകലാശാലകളുടെ നിലവാരം ഉയർത്തുന്നതിനുള്ള പരിശ്രമംകൂടി സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ചതും വിശ്വാസ്യവുമായ സ്ഥാപനങ്ങൾക്കുമാത്രം പ്രവർത്തനാനുമതി നൽകുകയെന്ന നിലപാടും സർക്കാർ കർക്കശമായി പിന്തുടരണം. നിയമത്തിൽ പഴുതുകൾ കണ്ടെത്തി കള്ളനാണയങ്ങൾ കടന്നുവരുന്നത് തടയാനും സർക്കാർ ജാഗ്രതപുലർത്തണം. 
 
ആശങ്കകൾ പരിഹരിക്കണം 

സ്വകാര്യ സർവകലാശാലകൾ വന്നാൽ കേരളത്തിലെ സർവകലാശാലകളുടെ നിലനിൽപ്പ് എന്താകും... സ്വാശ്രയ കോളജുകളേയും ബാധിക്കുമോ... വിദഗ്‌ധരായ അധ്യാപകർ സ്വകാര്യ സർവകലാശാലകളിലേക്ക് പോയാൽ നിലവിലുള്ള സർവകലാശാലകളിലെ പഠനനിലവാരം കുറയുമോ... ഇവിടെ വിദ്യാർഥികളിലാത്ത അവസ്ഥവരുമോ.... തുടങ്ങി വിഷയത്തിൽ ആശങ്കകൾ പലതാണ്. ഇത് പരിഹരിക്കാൻ സർക്കാറിനായാൽ പ്രശ്നങ്ങളും കാര്യങ്ങൾ എളുപ്പമാകും.

Content Highlights: Kerala Allows Private Universities: New Bill & Details