ക്രോമിന് വെല്ലുവിളിയോ കോമറ്റ്? വരുന്നത് ഏജന്റിക് എഐ ബ്രൗസറുകളുടെ കാലം
ഇനി വരുന്നത് കോമറ്റിന്റെ കാലമാണ്. ഗൂഗിൾ ക്രോമോ, എഡ്ജോ മറ്റോ ആണ് നിങ്ങളുപയോഗിക്കുന്നതെങ്കിൽ, പതിറ്റാണ്ട് പിറകിലാണ് നിങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാക്കുകളാണിവ. ഇത് ആരാധകരുടെ വെറും ആഘോഷമായി മാത്രം കാണേണ്ടതില്ല. പറഞ്ഞു വരുന്നത് AI- അധിഷ്ഠിത ടെക് കമ്പനിയായ പെർപ്ലെക്സിറ്റിയുടെ (Perplexity) 'കോമറ്റ്' (Comet) എന്ന ബ്രൗസറിനേക്കുറിച്ചാണ്. ബ്രൗസറുകൾക്കിടയിലെ മുടിചൂടാമന്നനായ ഗൂഗിൾ ക്രോമിൻ്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതാണ് കോമറ്റ് എന്നാണ് വിലയിരുത്തൽ.
ഏജന്റിക് AI ബ്രൗസർ
ശരിക്കും ബ്രൗസർ മാത്രമാണോ കോമറ്റ് എന്നു ചോദിച്ചാൽ ഉത്തരം ഒറ്റ വാചകത്തിൽ ഒതുക്കാനാകില്ല. ഒരു ഏജന്റിക് AI ബ്രൗസറാണ് കോമറ്റ്. ക്രോം, മോസില്ല, ഓപ്ര പോലുള്ള ബ്രൗസറുകൾ പാസീവ് ബ്രൗസിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. എന്നുവെച്ചാൽ ഉപയോക്താവ് എന്തെങ്കിലും തിരയുമ്പോൾ, ബ്രൗസർ വെബ് പേജുകളോ ലിങ്കുകളുടെ ഒരു ലിസ്റ്റോ നൽകുന്നു. അതിൽ നിന്ന് ഉചിതമായത് ഏതെന്ന് ഉപയോക്താവ് സ്വയം വായിച്ച് വിശകലനം ചെയ്ത് തിരഞ്ഞെടുക്കണം. എന്നാൽ കോമറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ആക്റ്റീവ് ബ്രൗസിംഗിന് വേണ്ടിയാണ്. അതായത്, വെറും ലിങ്കുകൾ നൽകുന്നതിനു പകരം, ചോദ്യോത്തര (Q&A) രൂപത്തിൽ പൂർണമായ ഉത്തരം അത് പറഞ്ഞു തരും. ഇത് പല സ്രോതസ്സുകളിൽ നിന്നും പരിശോധിച്ച, സംഗ്രഹിച്ച ഉത്തരങ്ങൾ (citation-backed answers) നേരിട്ട് നൽകും. അതായത്, ക്രോമിലും മറ്റും നമ്മൾ തിരഞ്ഞെു കണ്ടുപിടിച്ച് പഠിച്ചെടുക്കുന്ന കാര്യങ്ങൾ, കോമറ്റ് തന്നെ ചെയ്തു തരും. അതുകൊണ്ടാണ് ക്രോമും കൂട്ടരും ഇനി വിയർക്കും എന്നു പറയുന്നത്.
ടാബ് ഓവർലോഡ് ഒഴിവാക്കിക്കൊണ്ട് ഇന്റലിജന്റ് വർക്ക്ഫ്ലോ നൽകാനായി നിർമ്മിച്ച AI-നേറ്റീവ് വെബ് ബ്രൗസറാണ് കോമറ്റ്. ക്രോം അല്ലെങ്കിൽ എഡ്ജ് പോലുള്ള എതിരാളികൾ AI ഒരു അധിക ഫീച്ചറായി മാത്രം ചേർക്കുമ്പോൾ AI-ഫസ്റ്റ് ആർക്കിടെക്ചറാണ് കോമറ്റിന്റെ അടിസ്ഥാനഘടകം.
ഉപയോക്താവിന്റെ മനസ്സറിയുന്ന ബ്രൗസർ
കോമറ്റ് അതിൻ്റെ പ്രധാന ഇന്റലിജൻസ്, കോമറ്റ് അസിസ്റ്റൻ്റ് വഴി നേരിട്ട് സംയോജിപ്പിച്ചിട്ടുണ്ട്. ഇത് സൈഡ്‌ബാറിൽ എപ്പോഴും ലഭ്യമാണ്.
ക്രോം പോലുള്ള പരമ്പരാഗത ബ്രൗസറുകൾക്ക് ബിൽറ്റ്-ഇൻ ഇന്റലിജൻസ് ഇല്ല. എന്നാൽ, കോമറ്റ് AI കോപൈലറ്റ് സംയോജിപ്പിച്ച ബ്രൗസർ ആണ്.
ക്രോം ഓരോ ടാബിനെയും ഒറ്റപ്പെട്ടതായി കാണുമ്പോൾ, കോമറ്റ് ടാബുകളിലുടനീളമുള്ള നിങ്ങളുടെ കോൺടെക്സ്റ്റ് മനസ്സിലാക്കുന്നു. തുറന്ന ടാബുകൾ എഐ വിശകലനം ചെയ്യും. ശേഷം നിങ്ങൾ തിരയുന്നതിന്റെയോ കാണുന്നതിന്റെയോ ഉള്ളടക്കം മനസ്സിലാക്കും. നീണ്ട പേജുകളും ഡോക്യുമെന്റുകളും PDF-കളും എളുപ്പത്തിൽ സമ്മറെെസ് ചെയ്യാൻ കോമറ്റിന് കഴിയും. കോമറ്റ് അസിസ്റ്റൻ്റ് ഒരു AI ഏജൻ്റ് ആണ്, അത് ഒന്നിലധികം ഘട്ടങ്ങളുള്ള ടാസ്‌ക്കുകൾ സ്വയം ചെയ്യാൻ സാധിക്കും.
അതായത്, ഒരു ബേസിക് വെബ്സൈറ്റ് നിർമ്മിക്കുക, പഠന പദ്ധതികൾ തയ്യാറാക്കുക, വിലകൾ താരതമ്യം ചെയ്തുകൊണ്ട് ഷോപ്പിംഗ് നടത്തുക, ഇ-മെയിലുകൾക്ക് മറുപടി ഡ്രാഫ്റ്റ് ചെയ്യുക, സെഷൻ റിമെെൻഡർ അയക്കുക, നിഷ്‌ക്രിയമായ ടാബുകൾ ക്ലോസ് ചെയ്യുക എന്നിങ്ങനെ നമ്മുടെ ബ്രൗസിങ് അനുഭവം ഏജന്റിക് ബ്രൗസറുകൾ കൂടുതൽ മികവുറ്റതാക്കും.
ക്രോമിൽ നിന്നുള്ള കൂടുമാറ്റം എളുപ്പം
കോമറ്റ് Chromium-ലാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒരു ഫ്രീ ഓപ്പൺ സോഴ്‌സ് വെബ് ബ്രൗസർ പ്രോജക്റ്റാണ് ക്രോമിയം. ഗൂഗിളാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ ക്രോമിനും മൈക്രോസോഫ്റ്റ് എഡ്ജ്, സാംസങ് ഇന്റർനെറ്റ്, ഓപ്പറ എന്നിവയുൾപ്പെടെ നിരവധി ബ്രൗസറുകൾക്കുമുള്ള കോഡിന്റെ ഭൂരിഭാഗവും ക്രോമിയത്തിന്റേതാണ്. നിരവധി ആപ്പ് ഫ്രെയിംവർക്കുകളും ഈ കോഡ് ഉപയോഗിക്കുന്നുണ്ട്.
അതിനാൽ തന്നെ എല്ലാ ക്രോം എക്സ്റ്റൻഷനുകളെയും ഇത് സപ്പോർട്ട് ചെയ്യും. കൂടാതെ ബുക്ക്‌മാർക്കുകളും സെറ്റിംഗ്സും മറ്റും എളുപ്പത്തിൽ ഇംപോർട്ട് ചെയ്യാനും പറ്റും. അതുകൊണ്ടുതന്നെ ക്രോം സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ കോമറ്റിലേക്ക് കൂടുമാറാൻ കഴിയും.
എല്ലാവർക്കും സൗജന്യം
കോമറ്റ് ബ്രൗസർ ഇപ്പോൾ എല്ലാവർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണെന്ന പെർപ്ലെക്സിറ്റിയുടെ പ്രഖ്യാപനം ഒരു പ്രധാന വഴിത്തിരിവാണ്. നേരത്തെ, കോമറ്റ് ബ്രൗസർ ഒരു പ്രീമിയം ഉൽപ്പന്നമായിരുന്നു. സാധാരണയായി പ്രതിമാസം $200 വരുന്ന പെർപ്ലെക്സിറ്റി മാക്സ് പ്ലാനിലുള്ള ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ബ്രൗസറിന് മാത്രം $2 പ്രതിമാസ സബ്സ്ക്രിപ്ഷൻ ഓപ്ഷനും കമ്പനി നൽകിയിരുന്നു. കോമറ്റ് ബ്രൗസർ ഉപയോഗം സൗജന്യമാണെങ്കിലും, ചില പ്രീമിയം ഫീച്ചറുകൾ ഇപ്പോഴും കോമറ്റ് പ്ലസ് അല്ലെങ്കിൽ മാക്സ് വരിക്കാർക്കായി മാത്രം പരിമിതപ്പെടുത്തിയിട്ടുണ്ട്.
കോമറ്റ് ഒരു സാധാരണ നാവിഗേഷൻ ടൂൾ എന്നതിലുപരി ഒരു ട്രൂ പേഴ്സണൽ അസിസ്റ്റൻ്റ് ആയി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തതാണെന്നാണ് സ്ഥാപകനും സിഇഒയുമായ ഇന്ത്യൻ വംശജൻ അരവിന്ദ് ശ്രീനിവാസ് പറയുന്നത്.
കോമറ്റ് ക്രോമിനെ ബാധിക്കുമോ?
AI ഉപയോഗം വർധിക്കുന്നതിൻ്റെയും ബ്രൗസർ വിപണിയിലെ അസ്ഥിരതയുടെയും സമയത്താണ് കോമറ്റ് എത്തുന്നത്. ഗൂഗിൾ ക്രോം ഇപ്പോഴും മികച്ച ജനപ്രിയ ബ്രൗസറായി തുടരുന്നുണ്ട്. ഏകദേശം 3 ബില്യൺ ഉപയോക്താക്കളും 68% വിപണി വിഹിതവും ക്രോമിനുണ്ട്. എങ്കിലും ഏജന്റിക് ബ്രൗസറുകളുടെ ഉദയത്തിനനുസരിച്ച് അപ്ഡേറ്റ് ആകാത്തത് ക്രോമിനെ സമീപ ഭാവിയിൽ തന്നെ വളരെയധികം ബാധിക്കാൻ സാധ്യതയുണ്ട്.
ശരാശരി ഉപയോക്താക്കൾ ഒരേസമയം പത്തോ അതിലധികമോ ടാബുകൾ ഉപയോഗിക്കുമെന്നാണ് കണക്ക്. ഗൂഗിൾ ക്രോമിൽ ഇത് ടാബ് ഓവർലോഡിന് കാരണമാകുന്നു. കോമറ്റിൻ്റെ ക്രോസ്-ടാബ് അവബോധം ഈ പ്രശ്‌നത്തെ നേരിട്ട് പരിഹരിക്കും.
നടന്നുകൊണ്ടിരിക്കുന്ന Antitrust lawsuits Google-ൻ്റെ സെർച്ച്, ബ്രൗസർ ആധിപത്യത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. ഇത് ഗൂഗിളിൻ്റെ AI റോളൗട്ടിനെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇത് സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരമാണ്.
പെർപ്ലെക്സിറ്റിയാകട്ടെ 915 മില്ല്യൺ ഡോളർ ഫണ്ടിംഗ് സമാഹരിക്കുകയും 2025 മേയ് മാസത്തിൽ മാത്രം 780 ദശലക്ഷം ക്വറികൾ കൈകാര്യം ചെയ്യുകയും ചെയ്തു.
കോമറ്റ് ഒരു ട്രൂ AI-നേറ്റീവ് വെബ് എക്സ്പീരിയൻസിന്റെ ആരംഭത്തിന് വഴിവെട്ടുകയാണെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. ഉപയോക്താക്കൾക്ക് അവർ കാലങ്ങളായി പിന്തുടർന്നുവന്ന ബ്രൗസിംഗ് രീതി ആകമാനം മാറ്റാൻ കെല്പുള്ളവയാണ് കോമറ്റ് പോലുള്ള ഏജന്റിക് എഐ ബ്രൗസറുകൾ. കുറച്ച് ക്ലിക്കുകൾ, കുറച്ച് സെർച്ചുകൾ, കൂടുതൽ ടാസ്‌ക്കുകൾ. കോമറ്റ് ഇന്ന് ക്രോമിന് പകരമാവില്ലെങ്കിലുംവരാനിരിക്കുന്ന എഐ യുഗത്തിൽ ഒരു ഗെയിം ചെയ്ഞ്ചറാകുമെന്ന കാര്യത്തിൽ സംശയമില്ല.
Content Highlights: Perplexity’s Comet is redefining browsing with AI-powered intelligence — offering active, context-aware web interaction that could challenge Google Chrome’s dominance.