'വെള്ളം' കണ്ട് അജു മദ്യപാനം നിർത്തി; അത് പുറത്ത് പറയാനുള്ള ധൈര്യവും കാണിച്ചു - പ്രജേഷ് സെൻ
വെള്ളം സിനിമ കണ്ടതിനുശേഷം മദ്യപാനം നിർത്തി ജീവിതത്തിലേക്ക് തിരികെ വന്നയാളുടെ കഥ പറഞ്ഞ് സംവിധായകൻ പ്രജേഷ് സെൻ. ഒരു ദിവസം ജയസൂര്യ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഒരാളെന്നെ കാണാൻ വന്നു. ഫോൺ കൊടുക്കട്ടെയെന്ന് ചോദിച്ചു. ചങ്ങനാശ്ശേരിയിലുള്ള ഒരാളായിരുന്നു. അയാൾ 20 വയസ്സ് മുതൽ മദ്യപാനിയായിരുന്നു. ബിയർ കുടിച്ചാൽ തടിവെയ്ക്കുമെന്ന് ആരോ പറഞ്ഞിട്ട് പഠിച്ചുകൊണ്ടിരിക്കുമ്പോൾ കുടി തുടങ്ങിയതാണ്. പിന്നീട് അയാൾ മുഴുകുടിയനായി. കുടുംബമില്ലാതായി, ജീവിതമില്ലാതായി, ജോലി പോയി. അമ്മയും അയാളും മാത്രമായി. വെള്ളം സിനിമ കണ്ടപ്പോൾ അയാൾക്ക് മാറണമെന്ന് തോന്നി. ആ മാറ്റത്തോടെ അയാൾക്ക് ജോലി കിട്ടി. പിന്നീട് ഒരു കാർ വാങ്ങി. അന്ന് കാറെടുത്ത് ആദ്യം കാണാൻ വന്നത് ജയസൂര്യയെയാണ്. പിന്നീട് ഞാൻ അയാളെ പോയി കണ്ടു. അത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. അജു വർഗീസും വെള്ളം സിനിമ കണ്ട് മദ്യപാനം നിർത്തിയെന്ന് എന്നോടും ജയസൂര്യയോടും പറഞ്ഞിരുന്നു. പൊതുവേദിയിൽ അത് തുറന്നുപറയാനുള്ള ധൈര്യവും അജു കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.