'ഇന്ദ്രൻസിന്റെ കടയിലാണ് എന്റെ കുപ്പായം മുതൽ മകളുടെ യൂണിഫോം വരെ തയ്ക്കുന്നത്'

"സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യനാണ് ഇന്ദ്രൻസ്, വർഷങ്ങളായുള്ള ആത്മബന്ധമുണ്ട് ഇന്ദ്രനുമായി..." പറയുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ജഗദീഷ്. ഇന്ദ്രൻസും ജഗദീഷും പ്രധാന താരങ്ങളായെത്തുന്ന പരിവാർ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സഹതാരങ്ങളായ മീന രാജിനും ഷൈനി വിജയനുമൊപ്പം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

"ഞാൻ സിനിമയിൽ വന്ന കാലം മുതൽ ഇന്ദ്രൻസുമായി ബന്ധമുണ്ട്. ഇന്ദ്രൻസ് കോസ്റ്റ്യൂമർ ആയിരിക്കുമ്പോൾ തൊട്ടുള്ള പരിചയമാണ്. വളരെ ഡൗൺ ടു എർത്ത് ആയിട്ടുള്ള ഒരു മനുഷ്യൻ. കുടുംബസുഹൃത്തുക്കളാണ്. എന്റെ ഭാര്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന സമയത്ത് മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ ഒരു കൊച്ചു കടയുണ്ടായിരുന്നു ഇന്ദ്രൻസിന്. സിനിമയിൽ പടിപടിയായി ഉയർന്നു വന്നപ്പോൾ ആ കട വിട്ട് കുമാരപുരത്ത് കുറച്ചുകൂടി വലിയ കട സ്വന്തമാക്കി. ആ കടയുടെ അടുത്താണ് എന്റ മകളിപ്പോൾ താമസിക്കുന്നത്. എന്റെ മകളുടെ യൂണിഫോം തയ്ക്കുന്നത് ഇന്ദ്രൻസിന്റെ ഇന്ദ്രൻസ് ബ്രദേഴ്സ് എന്ന കടയിൽ നിന്നാണ്. ഞാൻ ഉടുപ്പുകൾ തയ്ക്കുന്നതും ഇന്ദ്രൻസിന്റെ കടയിൽ നിന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വീട് വയ്ക്കുന്ന കാര്യം വരെ ഞാനുമായി ഇന്ദ്രൻസ് ചർച്ച ചെയ്യാറുണ്ട്. സിനിമയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. ഇന്ദ്രൻസിന് വളരെ നേരത്തെ തന്നെ ഹാസ്യതാരം എന്നതിൽ നിന്ന് ക്യാരക്ടർ ആക്ടറായി പ്രമോഷൻ കിട്ടി. കൂടുതൽ അംഗീകാരങ്ങൾ കിട്ടി. ആ അംഗീകാരങ്ങളിൽ എനിക്ക് നിരാശയും സങ്കടവും തോന്നിയിരുന്നു. ഇന്ദ്രൻസിന് കിട്ടിയതിൽ അല്ല എനിക്ക് കിട്ടാത്തതിൽ. വൈകാതെ എനിക്കും ബ്രേക്ക് കിട്ടി. എനിക്ക് നല്ല വേഷങ്ങൾ ലഭിക്കുമ്പോഴൊക്കെ ഇന്ദ്രൻസ് എന്നെ വിളിച്ച് അഭിനന്ദനം അറിയിക്കാറുണ്ട്. സർ പടം ഇന്നലെ കണ്ടു നന്നായിട്ടുണ്ട്, ഗംഭീരമായിട്ടുണ്ട് സർ എന്ന് പറയും. ഹോം ഇറങ്ങിയ സമയത്ത് ഞാൻ ഇന്ദ്രൻസിനെ വിളിച്ച പറഞ്ഞു ഇന്ദ്രാ നന്നായിട്ടുണ്ട്...അവാർഡ് കിട്ടും എന്ന്. അത് അവാർഡ് കമ്മിറ്റിക്ക് കൂടി തോന്നണ്ടേ സർ എന്നാണ് ഇന്ദ്രൻസ് എന്നോട് മറുപടി പറഞ്ഞത്. ദിവസവും ഇല്ലെങ്കിലും രണ്ടാഴ്ച്ച കൂടുമ്പോഴൊക്കെ ഞങ്ങൾ വിളിച്ച് സംസാരിക്കാറുള്ളതാണ്..." ജഗദീഷ് പറയുന്നു.

പരിവാറിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ജഗദീഷ് പങ്കുവ‌ച്ചു. "പരിവാറിന്റെ കഥ വന്നപ്പോഴും ഞാൻ ഇന്ദ്രൻസിനെ വിളിച്ചിരുന്നു. കൊള്ളാം സർ അടുത്ത കാലത്ത് കേട്ടതിൽ വച്ച് ഗംഭീര കഥ സർ, ഒരു സന്തോഷമുണ്ട് സർ എന്ന് മറുപടി പറഞ്ഞു. എല്ലാത്തിനൊപ്പവും സർ ചേർത്താണ് ഇന്ദ്രൻസ് എന്നോട് സംസാരിക്കുക. ഇന്ദ്രൻസിന് ഏറെ പ്രതീക്ഷയുള്ള കഥയാണിത്. ആ പ്രതീക്ഷ പൂവണിഞ്ഞാൽ ഏറ്റവുമധികം കയ്യടി കിട്ടുന്ന കഥാപാത്രം ഇന്ദ്രൻസിന്റെ ഭീമനായിരിക്കും. സൂപ്പർ താരങ്ങൾ അവതരിപ്പിക്കാൻ പോകുന്ന രണ്ടാമൂഴത്തിലെ ഭീമനെ വെല്ലുന്ന ഭീമനാകും അത്. ഇന്ദ്രൻസിന്റെ ഗംഭീര പെർഫോമൻസാകും നിങ്ങൾ പരിവാറിൽ കാണാൻ‌ പോകുന്നത്..". ജഗദീഷ് പറയുന്നു.

"യഥാർഥ ജീവിതത്തിൽ രാഷ്ട്രീയം കാരണം കൈ പൊള്ളിയ ആളാണ് ഞാൻ.  ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് ഞാൻ ആവർത്തിച്ച് പറയുന്നതിന്റെ കാരണവും അതാണ്. സിനിമാക്കാരന് രാഷ്ട്രീയമാവാം. പക്ഷേ രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധം അയാളുടെ അഭിനയത്തെ ബാധിക്കുമെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞതാണ്. പക്ഷേ പരിവാറിനകത്തെ എന്റെ സഹദേവനെന്ന കഥാപാത്രത്തിന് ചില രാഷ്ട്രീയ പാർട്ടികളുമൊക്കെയായി ബന്ധമുണ്ട്." ..ജഗദീഷ് പറയുന്നു

Content Highlights: Jagadish about Indrans and his powerful role in Parivaar