മഞ്ഞിൽ മുടിയ ടിറ്റ്‌ലിസ്, ഷാരൂഖ് ഖാനും കാജോളും; ചരിഞ്ഞ ഗോപുരവും വിശുദ്ധനാടും

#സുമതി അച്ചുതന്‍

സ്വിറ്റ്‌സർലന്റിലെ ആദ്യലക്ഷ്യം ഷാഫ്ഹൗസനിലുള്ള റൈൻ വെള്ളച്ചാട്ടമായിരുന്നു (Rhine Falls). റൈൻ നദിയിലെ ഈ ജലപാതം യൂറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. മാസ്മരികകാഴ്ച ദൂരെ നിന്നുള്ള വ്യൂ പോയിന്റിൽനിന്ന് തന്നെ ഞങ്ങൾക്ക് ആവോളം ആസ്വദിക്കാനായി. അന്ന് രാത്രി റാഡിസൺ ഹോട്ടലിൽ വിശ്രമം. പിറ്റേന്ന് രാവിലെ, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളെല്ലാമണിഞ്ഞ് ഞങ്ങൾ മൗണ്ട് ടിറ്റ്ലിസിലേക്ക് (Mt. Titlis) തിരിച്ചു.

ടിറ്റ്‌ലിസ്

കേബിൾ കാറിലും തുടർന്ന് റോട്ടെയർ (Rotair) എന്ന റിവോൾവിംഗ് കേബിൾ കാറിലുമായി ഏകദേശം 10,000 അടി ഉയരത്തിലേക്ക്. ചുറ്റും മഞ്ഞുമൂടിയ പർവ്വതനിരകൾ! പിന്നെ മഞ്ഞിൻമുകളിലേക്ക് നടത്തമായിരുന്നു. ഒട്ടുമിക്കവരും മഞ്ഞിലൂടെ നടന്ന് ആസ്വദിച്ചു, ചിലർ മഞ്ഞിൽ തെന്നിവീണു, ചിലർ മഞ്ഞ് അന്യോന്യം എടുത്തെറിഞ്ഞ് ആസ്വദിച്ചു. വീഴ്ച പേടിച്ച ഞാൻ അധികം ദൂരത്തേക്കൊന്നും പോയില്ല.

കട്ട്ഔട്ടിന് മുന്നിൽ ലേഖികയും ഭർത്താവ് അച്ചുതനും

'ദിൽവാലെ ദുൽഹനിയ ലെ ജായേംഗേ' സിനിമയിലെ ഷാരൂഖ് ഖാൻ-കാജോൾ ജോഡിയുടെ കട്ട്ഔട്ടിന് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു. 14 വർഷം മുമ്പത്തെ എന്റെ ആദ്യ സന്ദർശന ഓർമ്മകൾ വീണ്ടും ഉണർന്ന നിമിഷം!

ലുസേൺ

മുകളിൽനിന്നുള്ള ഉച്ചഭക്ഷണത്തിന് ശേഷം താഴെയിറങ്ങി ലൂസേണിലേക്ക് (Luzern). പ്രസിദ്ധമായ കപെൽ ബ്രൂക്ക (Kapellbrücke) തടിപ്പാലവും ലയൺ മോണ്യുമെന്റും കണ്ട്, പ്രശസ്തമായ സ്വിസ് ചോക്ലേറ്റുകളും സൂവനീറുകളും വാങ്ങി അന്ന് രാത്രി ലൊക്കാർണോയിലെ ഹിൽട്ടണിലേക്ക്.

ഇറ്റലിയുടെ ചരിത്രവഴികളിലൂടെ

പത്താം ദിവസം യാത്ര ഇറ്റലിയിലെ വെനീസിലേക്ക്. വഴിയിൽ 16.9 കിലോമീറ്റർ നീളമുള്ള പ്രസിദ്ധമായ ഗോട്ട്ഹാർഡ് റോഡ് ടണലിലൂടെ (Gotthard Road Tunnel) സഞ്ചരിച്ചു (തൊണ്ണൂറുകളിൽ ലോകത്തിലെ ഏറ്റവും നീളമേറിയ ടണലുകളിൽ ഒന്നായിരുന്നു ഇത്). റോഡുകളില്ലാത്ത, കനാലുകൾ മാത്രം അതിരിടുന്ന വെനീസ് നഗരം! പ്രൈവറ്റ് ബോട്ടിൽ മെസ്ട്രിയിൽനിന്ന് അഡ്രിയാറ്റിക് കടൽത്തീരം വഴി ബസിലിക്ക ഡൈ സൻ മാർക്കോയും ബെൽ ടവറും കണ്ടു. ജെയിംസ് ബോണ്ട് സിനിമകളിൽ മാത്രം കണ്ടു കൊതിച്ച ഗൊണ്ടോല (Gondola) റൈഡ് ആയിരുന്നു പ്രധാന ആകർഷണം. അഞ്ചുപേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ കനാലുകളിലൂടെയുള്ള ആ യാത്ര മറക്കാനാവാത്ത അനുഭവമായി.

ലീനിംഗ് ടവർ ഓഫ് പീസ

ചരിഞ്ഞ ഗോപുരവും വിശുദ്ധ നാടും

അടുത്ത ദിവസം പാദുവയിലെ ലോകപ്രശസ്തമായ സെന്റ് ആന്റണീസ് ബസിലിക്ക സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം ടസ്‌കാനിയിലെ ലീനിംഗ് ടവർ ഓഫ് പീസ (Leaning Tower of Pisa) കാണാൻ യാത്ര. 1173-ൽ നിർമ്മാണം ആരംഭിച്ച ഈ ചരിത്രഗോപുരത്തിന് നാല് ഡിഗ്രിയോളം ചരിവുണ്ട്. ദൂരെ നിന്ന് ഈ ചരിവ് വ്യക്തമായി കാണാം. ടവറിന് താങ്ങ് കൊടുക്കുന്ന രീതിയിലുള്ള തമാശ ഫോട്ടോകൾ ഞങ്ങളും പകർത്തി. അന്ന് രാത്രി പാദുവയിലെ പാർക്ക് ഹോട്ടൽ വില്ല ഫ്‌ലോറിഡയിൽ താമസം.

റോമും വത്തിക്കാനും

പന്ത്രണ്ടാം ദിവസം റോമിലേക്ക്. കോളോസിയം, റോമൻ ഫോറം, ഫോർട്ട് ആഞ്ചലോ തുടങ്ങി ചരിത്രം ഉറങ്ങുന്ന നിരവധി സ്മാരകങ്ങൾ ബസ് യാത്രയിൽ കണ്ടു. ഒന്നാം നൂറ്റാണ്ടിൽ ഫ്‌ലേവിയൻ ചക്രവർത്തിമാർ നിർമ്മിച്ച, പുരാതന ഗ്ലാഡിയേറ്റർ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കോളോസിയത്തിന്റെ (Colosseum) അവശിഷ്ടങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ കൗതുകം തോന്നി.

തുടർന്ന് ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രമായ വത്തിക്കാൻ സിറ്റിയിലേക്ക്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മൈക്കലാഞ്ചലോയുടെ അപൂർവ്വ ശില്പകലകളും മാർബിൾ വർക്കുകളും കണ്ടു. പതിനെട്ടാം നൂറ്റാണ്ടിൽ നിക്കോള സാൽവി രൂപകൽപന ചെയ്ത പ്രശസ്തമായ ട്രെവി ഫൗണ്ടനിൽ (Trevi Fountain) നാണയം എറിഞ്ഞു-വീണ്ടും റോമിലേക്ക് തിരിച്ചെത്തുമെന്ന വിശ്വാസം!

Content Highlights: Breathtaking cable car ride to snow-capped Mount Titlis in Switzerland, Romantic gondola ride through the canal city of Venice, Historical exploration of the Leaning Tower of Pisa in Tuscany, Cultural and architectural tour of Rome and Vatican City