ഫോര്‍ട്ട്‌കൊച്ചി ബീച്ച് വൃത്തിയാക്കി റഷ്യന്‍ സഞ്ചാരികള്‍; ടൂറിസം വകുപ്പ് റിപ്പോര്‍ട്ട് തേടി

Photo: Screen grab
Photo: Screen grab

കേരളത്തിലെ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ബീച്ചുകളിലൊന്നാണ് ഫോര്‍ട്ട് കൊച്ചി ബീച്ച്. എന്നാല്‍ മാലിന്യത്തില്‍ മുങ്ങിക്കിടക്കുന്ന ഈ ബീച്ച് സഞ്ചാരികളെ നിരാശരാക്കാറാണ് പതിവ്. ഇപ്പോഴിതാ മലിനമായി കിടന്ന ഫോര്‍ട്ട്‌കൊച്ചി ബീച്ച് റഷ്യയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ ശുചീകരിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ, ടൂറിസം വകുപ്പ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. റഷ്യന്‍ വിനോദസഞ്ചാരികള്‍ മാലിന്യങ്ങള്‍ ബീച്ചില്‍ നിന്ന് വാരി ചാക്കുകളില്‍ നിറയ്ക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലുള്ളത്. 

ചാക്കുകെട്ടുകള്‍ക്ക് മുകളില്‍ പ്രദേശവാസികള്‍ക്കായി ഒരു സന്ദേശവും സഞ്ചാരികള്‍ കുറിച്ചുവെച്ചിരുന്നു. 'നിങ്ങളുടെ ജീവിതം ശുചീകരിക്കുക, മാലിന്യം ശേഖരിച്ച് കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക' എന്നതായിരുന്നു സന്ദേശം. പ്ലാസ്റ്റിക്, കുളവാഴ, തെര്‍മോക്കോള്‍, ഗ്ലാസ് ബോട്ടിലുകള്‍ തുടങ്ങിവയൊക്കെയാണ് ഫോര്‍ട്ട് കൊച്ചി ബീച്ചിലെ മാലിന്യങ്ങളില്‍ അധികവും. ഓള്‍ കേരള ടൂര്‍ ഗൈഡ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി സതീഷിന്റെ സാന്നിധ്യത്തിലാണ് റഷ്യന്‍ സംഘം ബീച്ച് വൃത്തിയാക്കിയത്.

വീഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ജില്ലാ ഭരണകൂടത്തിനെതിരെയും കൊച്ചി കോര്‍പ്പറേഷനെതിരെയും ഉയരുന്നത്. ഞായറാഴ്ചയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയെയാണ് ഫോര്‍ട്ട് കൊച്ചി ബീച്ച് ശുചീകരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്നാണ് സഞ്ചാരികളുടെയും ടൂറിസം സംഘാടകരുടെയും പരാതി. പദ്ധതികള്‍ കൊണ്ടുവരുന്നതല്ലാതെ ഇതില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

നമ്മുടെ ഫോർട്ട് കൊച്ചി ബീച്ച് ക്ളീൻ ചെയ്ത് റഷ്യൻ ടൂറിസ്റ്റുകൾ....

Posted by Rijo Kulappurackal Mathew on Monday, January 29, 2024

ലോകത്തില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ നിരന്തരം ഇടംപിടിക്കാറുള്ള ടൂറിസം കേന്ദ്രമാണ് കൊച്ചി. ഇത്തരത്തില്‍ ആഗോള ശ്രദ്ധ കൊച്ചിയിലേക്ക് തിരിയുകയും കൂടുതല്‍ വിദേശികള്‍ കൊച്ചിയിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരള ടൂറിസത്തിന് തന്നെ നാണക്കേടാവുന്ന ഇത്തരം സംഭവങ്ങളുണ്ടാവുന്നതെന്നും ടൂറിസം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പ് ഇടപെടല്‍ എന്താവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Content Highlights: Video of tourists cleaning Fort Kochi beach goes viral