'നാലുപേര്‍ക്ക് ടിക്കറ്റിന് വെറും 11 പൗണ്ട്, അടിപൊളി യാത്ര'; വന്ദേഭാരതിനെ പുകഴ്ത്തി ബ്രിട്ടീഷ് കുടുംബം| VIDEO

ഇന്ത്യയിലെ പ്രീമിയം ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രയെ പുകഴ്ത്തി ബ്രിട്ടീഷ് കുടുംബം. ട്രാവല്‍ വ്‌ളോഗുകള്‍ ചെയ്യുന്ന ദി ഹച്ചിന്‍സണ്‍ ഫാമിലി എന്ന കുടുംബമാണ് വന്ദേഭാരത് യാത്രയെ കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ അധികം വൈകാതെ വൈറലായി. ഇതുവരെ 14 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
ഭാര്യയും ഭര്‍ത്താവും പെണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് യാത്ര നടത്തിയത്. വന്ദേഭാരതില്‍ ലഭിച്ച ഭക്ഷണം ഇവര്‍ ആസ്വദിച്ച് കഴിച്ചു. കുറഞ്ഞ ചെലവിലുള്ള മികച്ച യാത്രാനുഭവമാണ് വന്ദേഭാരത് എന്നാണ് വീഡിയോയിലൂടെ ഇവര്‍ അടിവരയിടുന്നത്. നാല് മണിക്കൂര്‍ നേരമാണ് തങ്ങള്‍ വന്ദേഭാരതില്‍ യാത്ര ചെയ്തതെന്നും കുടുംബം പറയുന്നു.
'ഈ ടിക്കറ്റുകള്‍ക്കായി ഞങ്ങള്‍ നാലുപേര്‍ക്കും വെറും 11 പൗണ്ട് വീതമേ ചെലവായുള്ളൂ. ഇതില്‍ ഭക്ഷണവും ഉള്‍പ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം ഇതിനകം ലഭിച്ചുകഴിഞ്ഞു.' -വീഡിയോയില്‍ സ്ത്രീ പറഞ്ഞു. തുടര്‍ന്ന് ഇവരുടെ ഭക്ഷണം എത്തി. ഡയറ്റ് മിക്‌സ്ചര്‍, കാരമല്‍ പോപ്‌കോണ്‍, പാറ്റി, മാങ്ങാ ജ്യൂസ്, ജിഞ്ചര്‍ ടീ സാഷെ എന്നിവയെല്ലാമാണ് ലഭിച്ചത്.
'ഇന്ത്യന്‍ ട്രെയിനിലെ ഭക്ഷണം. നിങ്ങളെന്താണ് പ്രതീക്ഷിക്കുന്നത്? ചായപ്പൊടികിട്ടിയപ്പോള്‍ ഞങ്ങള്‍ അല്‍പ്പം ആശയക്കുഴപ്പത്തിലായി. എന്നാല്‍ പിന്നീട് ചൂടുവെള്ളം എത്തി. ചായ രുചികരമായിരുന്നു.' -ഇതാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.
നിരവധി പേരാണ് ഹച്ചിന്‍സണ്‍ ഫാമിലിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. പലരും ഇന്ത്യയുടെ നല്ല വശങ്ങള്‍ കാണിച്ചതിന് നന്ദി പറഞ്ഞു. രാജധാനി, തേജസ് തുടങ്ങിയ ട്രെയിനുകളില്‍ കൂടി യാത്ര ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് ഒരാള്‍ പറഞ്ഞത്. എത്ര നല്ലതാണെങ്കിലും 90 ശതമാനം ഇന്ത്യക്കാര്‍ക്കും താങ്ങാന്‍ കഴിയാത്തതാണ് വന്ദേഭാരതെന്ന് മറ്റൊരാള്‍ പറഞ്ഞു.