വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് ട്രെയിനുകളിൽ എമർജൻസി ക്വാട്ട പുനരാരംഭിച്ച് റെയിൽവേ

വന്ദേ ഭാരത് സ്ലീപ്പർ സർവീസുകൾക്കും അമൃത് ഭാരത് ട്രെയിനുകൾക്കും എമർജൻസി ക്വാട്ട പുനരാരംഭിച്ച് റെയിൽവേ. ജനുവരിയിൽ നീക്കം ചെയ്ത സൗകര്യമാണിപ്പോൾ റെയിൽവേ ബോർഡ് പുനസ്ഥാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ സോണൽ റെയിൽവേകൾക്കും കൈമാറിയിട്ടുണ്ട്.
യാത്രാക്കാരുടെ ആവശ്യം, ബർത്ത് ലഭ്യത, പ്രീമിയം ദീർഘദൂര സർവീസുകളുടെ ആവശ്യകതകൾ എന്നിവ അവലോകനം ചെയ്തതിനെ തുടർന്നാണ് ഈ തീരുമാനം. ഇനിമുതൽ അടിയന്തര യാത്രകൾക്കായി ഈ ട്രെയിനുകളിലെ നിശ്ചിത ക്ലാസുകളിൽ പ്രത്യേക ബർത്തുകൾ നീക്കിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഡ്യൂട്ടി പാസ് ഉടമകൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന മുൻ നിയമത്തിൽനിന്നുള്ള സുപ്രധാന മാറ്റമാണിത്.
റെയിൽവേ ബോർഡ് സർക്കുലറിൽ പറയുന്നത്
ഏഴോ അതിലധികമോ സ്ലീപ്പർ ക്ലാസ് കോച്ചുകളുള്ള അമൃത് ഭാരത് ട്രെയിനുകളിൽ ആകെ ഇരുപത്തിനാല് അടിയന്തര ബർത്തുകൾ നീക്കിവെക്കണം. ഇത് അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്ന യാത്രക്കാർക്ക് ലഭ്യമാക്കും.
വന്ദേ ഭാരത് സ്ലീപ്പർ സർവീസുകളിൽ, എമർജൻസി ക്വാട്ട ക്ലാസുകളിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും. ഫസ്റ്റ് എസിയിൽ പ്രവൃത്തിദിവസങ്ങളിൽ നാല് അടിയന്തര ബർത്തുകളും വാരാന്ത്യങ്ങളിൽ ആറും ഉണ്ടാകും. സെക്കൻഡ് എസിയിൽ ആഴ്ച മുഴുവനും 20 ബർത്തുകളും വാരാന്ത്യങ്ങളിൽ 30-ഉം ഉണ്ടാകും. തേർഡ് എസിയിൽ പ്രവൃത്തിദിവസങ്ങളിൽ 24 ബർത്തുകളും വാരാന്ത്യങ്ങളിൽ 42-ഉം നൽകും.
മറ്റ് എക്സ്പ്രസ് സർവീസുകളിലെ അടിയന്തര ക്വാട്ട ഉപയോഗം പതിവായി നിരീക്ഷിക്കാനും യാത്രാ രീതികളും പ്രവർത്തന ആവശ്യകതകളും അനുസരിച്ച് വിതരണം ക്രമീകരിക്കാനും സോണൽ അധികൃതരോട് ബോർഡ് നിർദേശിച്ചിട്ടുണ്ട്.
അടിയന്തര ക്വാട്ട ആർക്കൊക്കെ ഉപയോഗിക്കാം
ഓരോ കേസും വ്യക്തിഗതമായി പരിശോധിക്കുമെങ്കിലും, മെഡിക്കൽ എമർജൻസി, അടിയന്തര ഔദ്യോഗിക ഡ്യൂട്ടി, ഗുരുതരമായ കുടുംബ സാഹചര്യങ്ങൾ എന്നിവ സാധാരണയായി യോഗ്യരായ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥർ പലപ്പോഴും ഈ വിഭാഗത്തിൽ സീറ്റുകൾ ആവശ്യപ്പെടാറുണ്ട്.
ഈ ബർത്തുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയില്ല. റെയിൽവേ ഉദ്യോഗസ്ഥർ വഴി യാത്രക്കാർ അപേക്ഷിക്കണം. പരിശോധനയ്ക്ക് ശേഷം മാത്രമേ അനുമതി നൽകൂ. സ്റ്റേഷനെയും ലഭ്യതയെയും ആശ്രയിച്ച്, യാത്രയുടെ ഒരു ദിവസം മുൻപാണ് സാധാരണയായി അപേക്ഷകൾ സമർപ്പിക്കുന്നത്.
പുനരാരംഭിച്ച അടിയന്തര ക്വാട്ട ഈ ട്രെയിനുകളിലെ നിലവിലുള്ള വിഭാഗങ്ങൾക്കൊപ്പം പ്രവർത്തിക്കും. വനിതാ യാത്രക്കാർ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഡ്യൂട്ടി പാസുള്ള യാത്രക്കാർ എന്നിവർക്ക് റിസർവ് ചെയ്ത ബർത്തുകൾ തുടർന്നും ലഭിക്കും.
Content Highlights: Indian Railways reinstates emergency quota for Vande Bharat sleeper & Amrit Bharat trains due to high demand. Learn who can apply & how.