വാഗമണ്ണില്‍ ചില്ലുപാലം വീണ്ടും തുറന്നു; ആദ്യദിനം എത്തിയത് അറുനൂറിലധികം സഞ്ചാരികള്‍

വാഗമണ്ണിലെ ചില്ലുപാലം
വാഗമണ്ണിലെ ചില്ലുപാലം

ഇടുക്കി: വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലത്തിന്റെ (ഗ്ലാസ് ബ്രിഡ്ജ്) പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിച്ചു.  ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തില്‍ കയറാനെത്തിയത്. 40 അടി നീളത്തിലും 150 അടി ഉയരത്തിലും കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ചില്ലുപാലം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറന്നത്.

കഴിഞ്ഞ മഴക്കാലത്ത് സുരക്ഷ മുന്‍നിര്‍ത്തി പാലം അടച്ചിടാന്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒന്നുമുതല്‍ ചില്ലുപാലത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചിരുന്നു. കോഴിക്കോട് എന്‍.ഐ.ടി.യിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന്  ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്. 

ഒരേസമയം, 15 പേരെ മാത്രമേ പാലത്തില്‍ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയില്‍ പ്രവേശനം അനുവദിക്കില്ല. രാവിലെ ഒൻപത് മണിമുതല്‍ വൈകുന്നേരം 5.30 വരെ സഞ്ചാരികള്‍ക്ക് ചില്ലുപാലത്തില്‍ പ്രവേശിക്കാം. ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.

Content Highlights: vagamon glass bridge reopened