70 സെന്റില്‍ രണ്ടുകോടി ചെലവില്‍ സൗന്ദര്യവത്കരണം; സംസ്ഥാനത്തെ ആദ്യ 'വി- പാര്‍ക്ക്' ഉദ്ഘാടനം ഇന്ന്‌

ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന, എസ്.പി.ഓഫീസ് റെയിൽവേ മേൽപ്പാലത്തിനു താഴെയുള്ള വി-പാർക്ക് | Photo: Mathrubhumi
ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന, എസ്.പി.ഓഫീസ് റെയിൽവേ മേൽപ്പാലത്തിനു താഴെയുള്ള വി-പാർക്ക് | Photo: Mathrubhumi

കൊല്ലം: സംസ്ഥാന ഡിസൈൻ പോളിസിയുടെ ഭാഗമായ ആദ്യ പദ്ധതി ‘വി-പാർക്ക് ’ ശനിയാഴ്ച തുറക്കും. റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ ജനസൗഹൃദ-മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി. പദ്ധതിയുടെ പൈലറ്റ് പ്രോജക്ടായ കൊല്ലം എസ്.പി.ഓഫീസ് ജങ്ഷൻ മേൽപ്പാലത്തിനടിയിലെ സൗന്ദര്യവത്കരണവും ഓപ്പൺ പാർക്കും പൂർത്തിയായി. ശനിയാഴ്ച 10.30-ന് മന്ത്രി മുഹമ്മദ് റിയാസ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകും.

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് ഭൂമിയിലാണ് സംസ്ഥാന ടൂറിസം വകുപ്പ് രണ്ടുകോടിരൂപ ചെലവിൽ സൗന്ദര്യവത്കരണം പൂർത്തിയാക്കിയത്. 2024 ജൂലായ്‌ 20-ന് ആരംഭിച്ച നിർമാണം ആറുമാസംകൊണ്ടാണ് പൂർത്തിയായത്. നടപ്പാതകൾ, ബാഡ്മിന്റൺ-ബാസ്കറ്റ്ബോൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്കേറ്റിങ് ട്രാക്ക്, ഓപ്പൺ ജിം, യോഗ-മെഡിറ്റേഷൻ സോൺ, ലഘുഭക്ഷണശാല, സ്ട്രീറ്റ് ഫർണിച്ചർ തുടങ്ങിയവ പാർക്കിൽ സജ്ജമാക്കും. ഇവയുടെ നിർമാണം തുടങ്ങിയിട്ടില്ല.

സിറ്റിങ് ഏരിയയുടെ നിർമാണം പൂർത്തിയായി. അലങ്കാരച്ചെടികൾ വച്ചുപിടിപ്പിച്ച് ഗാർഡൻ നിർമാണം പൂർത്തിയാകുന്നു. വിനോദസഞ്ചാരവകുപ്പിനു കീഴിലെ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡാണ് നിർവഹണ ഏജൻസി. പൊതുമരാമത്ത്‌-ടൂറിസം വകുപ്പുകൾ, കൊല്ലം കോർപ്പറേഷൻ, ഡി.ടി.പി.സി., അനുബന്ധ വകുപ്പുകൾ എന്നിവയുടെ സംയുക്ത സമിതിയാണ് പാർക്കിന്റെ തുടർപരിപാലനവും സംരക്ഷണവും നിർവഹിക്കുക. ഉദ്ഘാടനസമ്മേളനത്തിൽ എം.നൗഷാദ് എം.എൽ.എ. അധ്യക്ഷനാകും.

Content Highlights: Kollam`s V-Park, a public space under railway overbridges, opens July 29th