ഇന്ത്യയിലെ ഈ മെട്രോ സ്റ്റേഷൻ ലണ്ടൻ അണ്ടർഗ്രൗണ്ടിനേക്കാൾ മികച്ചത്; ബ്രിട്ടീഷ് വ്ളോഗറുടെ വീഡിയോ വൈറൽ

വിദേശരാജ്യങ്ങളിൽനിന്ന് ദിനംപ്രതി നിരവധി സഞ്ചാരികളാണ് ഇന്ത്യയിലേക്കെത്തുന്നത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളും മറ്റു സവിശേഷതകളും ആസ്വദിച്ചുകൊണ്ടാണ് ഇവരുടെ മടക്കം. ഇന്ത്യയെ പുകഴ്ത്തി ഇവിടെനിന്നുള്ള വീഡിയോകളും ചിത്രങ്ങളും പല വ്ലോഗർമാരും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്.
ഡൽഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനെ കുറിച്ച് ബ്രിട്ടീഷ് ട്രാവൽ ഇൻഫ്ലുവൻസറായ അലക്സിന്റെ പ്രതികരണമാണ് വൈറലായത്. മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ 'വൗ' പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം സ്റ്റേഷനെ പുകഴ്ത്തിയത്.
ലണ്ടൻ അണ്ടർഗ്രൗണ്ടിനേക്കാൾ മികച്ചതാണ് രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റേഷനിലേക്ക് അലക്സ് നടന്നുപോകുന്നതും അവിടെയുള്ള സൗകര്യങ്ങളിൽ അദ്ദേഹം ആകാംക്ഷ പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
അപ്‌ലോഡ് ചെയ്തതു മുതൽ വീഡിയോയ്ക്ക് ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. ആറ് ലക്ഷത്തിലധികം വ്യൂസും നേടി. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. 'നമ്മുടെ മെട്രോ വൃത്തിയുള്ളത് മാത്രമല്ല, കാര്യക്ഷമവും താങ്ങാനാവുന്ന യാത്രാനിരക്കുള്ളതുമാണ്' എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
'ഈ മെട്രോ സ്റ്റേഷന് പ്രാദേശികർപോലും വേണ്ടത്ര വിലകൊടുക്കുന്നില്ല, ഇത് എടുത്തുകാണിച്ചതിന് നന്ദി' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇന്ത്യൻ മെട്രോകളാണ് ഏറ്റവും മികച്ചത് എന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. രാജീവ് ചൗക്ക് പോലുള്ള മെട്രോ സ്റ്റേഷനുകളുടെ പരിപാലനത്തെ പലരും പ്രശംസിച്ചു.
Content Highlights: UK tourist says Delhi Metro is better than London Underground